ഒരു കൊച്ചുകുടുംബം ജീവിക്കാൻ നെട്ടോട്ടമോടുന്നതിന്റെ നേർക്കാഴ്ച്ചകൾ

ജിന്‍സി സന്തോഷ്‌

രാജകീയ നിയമങ്ങളിലെ’കണക്കെടുപ്പി’ന്റെ പട്ടികയിൽ പേരെഴുതിക്കാനുള്ള യാത്രയിലെ ‘ദുരിതനിര’കളുടെ നേർക്കാഴ്ചകള്‍, കടിഞ്ഞൂൽപ്രസവത്തോടടുത്ത മണിക്കൂറുകളിലെ നിറവയറുമായി നീണ്ട ദുരിതയാത്ര, എത്ര മുട്ടിയിട്ടും വാടകയ്ക്കു പോലും തലചായ്ക്കാന്‍ ഇടം ലഭിക്കാതെ പോയ തിരസ്കരണങ്ങൾ, ഒരു വയറ്റാട്ടിയുടെ പോലും സഹായം ലഭിക്കാതെ രക്ഷകജനനം, പിന്നെ നീളുന്ന വാൾത്തലപ്പുകളിൽ നിന്ന് ശിശുവിനെയും കൊണ്ട് പ്രാണൻ പൊള്ളും പലായനങ്ങൾ…

ദുരിതങ്ങളോന്നും തന്നെ ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ആകസ്മികമായിരുന്നില്ല. എല്ലാം കണക്കിൽപ്പെടാൻ തന്നെയായിരുന്നു. നക്ഷത്രങ്ങൾക്കും കാഴ്ച്ചദ്രവ്യങ്ങൾക്കും സ്തോത്രഗീതങ്ങൾക്കുമുള്ളിൽ ഒളിപ്പിച്ച നൊമ്പരത്തിന്റെ ആഴം ആരു കണ്ടു? രണ്ടു-മൂന്നു ദിവസം മാത്രം പ്രായമായ, കരയാൻ മാത്രം കഴിയുന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് പലായനം ചെയ്യേണ്ടിവരുന്ന വ്യഥകളെക്കുറിച്ച് നാം ആഴത്തിൽ അറിഞ്ഞിട്ടുണ്ടോ?

പൈതലിന് വാസസ്ഥലമൊരുക്കാനാകാതെ പോയ പിതാവിന്റെ കരച്ചിലുകൾ നാം ധ്യാനിച്ചിട്ടുണ്ടോ? ജനക്കൂട്ടത്തിന്റെ ഒരു കല്ലേറ് ദൂരത്തിൽ നിന്ന് “ഹൃദയത്തിലെ വാളു”മായി ജീവിതത്തിലേക്ക് കുടുംബത്തെ മാറോടണച്ച് നടന്നുകയറിയ അമ്മയെ നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? സഹനദുരിതങ്ങളിലൂടെ, അതിജീവനത്തിനായി പാടുപെട്ട നസ്രത്തിലെ ‘തീ’ കുടുംബത്തെ തിരുക്കുടുംബമാക്കിയ ചരിത്രമുണ്ട് ക്രിസ്തുമസിന്.

മനുഷ്യൻ ഇന്നും പേറുന്ന ഈ അരക്ഷിതാനുഭവങ്ങൾ ദൈവം ജീവിച്ച ഓർമ്മയാണ് ക്രിസ്തുമസ്. ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം, മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം, പെരുമഴയിൽ ചോരാതിരിക്കാൻ തലക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു. ആ ദേവാലയങ്ങളിലേക്ക്, തുണിത്തുമ്പിൽ കുഞ്ഞുമക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ.

വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോട് ചേർത്തുവയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു തലമുറയും അനുഗ്രഹിക്കപ്പെട്ട പ്രകൃതിയും ഇവിടെ വളർന്നു വന്നിരുന്നു. അങ്ങനെ നട്ടു വളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നുകൊണ്ട് പൂർവ്വിക മഹാപൈതൃകത്തെ സ്മരിക്കുന്നു.

മക്കൾക്കു വേണ്ടി ദൈവസന്നിധിയിൽ കണ്ണീരൊഴുക്കുന്ന മാതാപിതാക്കൾക്ക്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, നിലയില്ലാ കയത്തിൽ നിന്ന് കുടുംബത്തെ ഉയർത്തിപ്പിടിക്കാൻ പാടുപെടുന്ന ദമ്പതികൾക്ക്, കുടുംബനാഥന്മാർക്ക് തിരുക്കുടുംബം കരുത്താണ്.

ക്രിസ്‌തുമസിന്റെ “നൊമ്പരത്തെ” നെഞ്ചോടണക്കാൻ ഒരു വേള അതിന്റെ ഏതെങ്കിലും ഒരംശം ജീവിക്കാൻ കഴിയുംവിധം ഈ തിരുക്കുടുംബത്തിരുനാൾ നമ്മെ ഓരോരുത്തരെയും നൊമ്പരപ്പെടുത്തട്ടെ.

ജിന്‍സി സന്തോഷ്‌

ആശയം, കടപ്പാട് : ഫാ. സിബി കൈതാരൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.