എന്താണ് വിശുദ്ധ കുര്‍ബാന? ബൈബിള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ

തന്റെ സാന്നിധ്യം എന്നും മനുഷ്യരോടു കൂടെ ഉണ്ടായിരിക്കുന്നതിനായി യേശു കണ്ടുപിടിച്ച ഒരു സംവിധാനമാണ് ദിവ്യകാരുണ്യം. സക്രാരിയില്‍ വസിച്ചുകൊണ്ടും ആരാധനാ സമയത്ത് അള്‍ത്താരയിലേയ്ക്ക് എഴുന്നള്ളി വന്നും യേശു നമ്മോടു കൂടെ ആയിരിക്കുന്നു. ഈ സാന്നിധ്യം ഉള്ളതുകൊണ്ടാണ് അനേകം മനുഷ്യര്‍ ദൈവാലയത്തിലും ദിവ്യകാരുണ്യ ആരാധന നടക്കുന്ന സ്ഥലങ്ങളിലും പോയിരുന്ന് പ്രാര്‍ത്ഥിക്കുന്നത്. ഇനി എന്താണ് ദിവ്യകാരുണ്യം എന്ന സംശയം തീരാത്തവര്‍ക്കായി ഈശോ തന്നെ ഉത്തരം പറഞ്ഞിട്ടുണ്ട്.

ഞാനാണ് ജീവന്റെ അപ്പം (യോഹ. 6:35). സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് (യോഹ. 6:51). യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിചെയ്തു: ഇത് എന്റെ ശരീരമാണ് (മത്തായി 26:26). ഈ വചനങ്ങളെല്ലാം വ്യക്തമാക്കുന്നത് ഒരു കാര്യമാണ്. വിശുദ്ധ കുര്‍ബാന എന്നു പറഞ്ഞാല്‍ യേശു തന്നെയാണ്. യേശുസാന്നിധ്യമാണ് ദിവ്യകാരുണ്യം.

എന്തിനാണ് യേശു വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്നത്? നമ്മോടു കൂടെ വസിക്കുന്നതിനും നമുക്ക് ഭക്ഷണമായിത്തീരുന്നതിനും. യേശു പറഞ്ഞു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ് (മത്തായി 26:26).

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് യേശു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്? ‘ഇത് ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല (യോഹ. 635). ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും (യോഹ. 6:51). എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും (യോഹ. 6:54). എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹ. 6:56).

ചുരുക്കിപ്പറഞ്ഞാല്‍, നല്ല മരണവും മഹത്വപൂര്‍ണ്ണമായ പുനരുത്ഥാനവും സ്വര്‍ഗഭാഗ്യവുമാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് യേശു നല്‍കിയിട്ടുള്ള ഏറ്റവും വലിയ വാഗ്ദാനങ്ങള്‍.