കുഞ്ഞുങ്ങളെ വിശുദ്ധരായി വളർത്തണോ..? കുറുക്കുവഴികൾ ഏറെയുണ്ട് ഈ വിശുദ്ധ ദമ്പതികളുടെ പക്കൽ 

    എന്റെ മകൻ/ മകൾ ഒരു വിശുദ്ധനാകണം എന്ന് ആഗ്രഹിക്കുന്ന എത്ര മാതാപിതാക്കളുണ്ട് ഇന്ന് നമ്മുടെയിടയിൽ. ചോദിച്ചാൽ നിരാശയാകും ഫലം. കാരണം, മക്കൾ എഞ്ചിനീയറും ഡോക്ടറും വക്കീലും ഒക്കെ ആയി വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നത് സ്വപ്നം കണ്ടാണ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നത്. എനിക്ക് അച്ചനാകണം അല്ലെങ്കിൽ കന്യാസ്ത്രിയാകണം എന്നുപറയുന്ന കുട്ടികളെപ്പോലും മനംമാറ്റുന്ന മാതാപിതാക്കൾ ഏറെയുണ്ട് ഈ ലോകത്ത്. എന്നാൽ, പ്രിയ മാതാപിതാക്കളെ ഒന്നോർക്കുക. നിങ്ങൾക്കായി കുരിശിൽ തൂങ്ങി മരിച്ചവന്റെ ഹിതമനുസരിച്ചു വളരുന്നതിലും ജീവിക്കുന്നതിലും വലിയ നേട്ടത്തോളം വരില്ല മറ്റൊന്നും. വിശുദ്ധമായ ജീവിതം നയിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തോട് ബാക്കി എല്ലാ സൗഭാഗ്യങ്ങളും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും.

    കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധരായി വളർത്തും. അതിന് കുഞ്ഞുങ്ങളെക്കാൾ ഏറെ ശ്രദ്ധിക്കേണ്ടതും മാതാപിതാക്കൾ തന്നെയാണ്. വിശുദ്ധമായ ഒരു ജീവിതത്തിലൂടെ മക്കളെ വിശുദ്ധപദവിയിലേയ്ക്ക് എത്തിച്ച മാതാപിതാക്കളാണ് വിശുദ്ധരായ ലൂയീസും സെലിയും. ഇവരുടെ ജീവിതത്തിലൂടെ നമുക്കും കടന്നുപോകാം. തങ്ങളുടെ മക്കളെ വിശുദ്ധരും നല്ല കുട്ടികളും ആക്കുവാൻ ഈ മാതാപിതാക്കൾ സ്വീകരിച്ച കുറുക്കുവഴികൾ നമുക്കും അനുകരിക്കാം.

    1. ജനിച്ച ഉടന്‍തന്നെ ഓരോ കുട്ടിയെയും ദൈവത്തിന് സമര്‍പ്പിക്കുക

    “കര്‍ത്താവേ, ഈ കുട്ടിയെ നിനക്ക് സമര്‍പ്പിക്കുവാനുള്ള അനുഗ്രഹം എനിക്ക് നല്‍കണമേ. ഈ കുട്ടിയുടെ ആത്മാവിനെ ഒന്നുംതന്നെ കളങ്കപ്പെടുത്തരുതേ” എന്ന പ്രാര്‍ത്ഥനയോടെ തങ്ങള്‍ക്കുണ്ടായ ഓരോ കുട്ടിയെയും ദൈവത്തിനു സമര്‍പ്പിക്കുന്ന പതിവ് സെലിക്കുണ്ടായിരുന്നു. തന്റെ ഓരോ കുട്ടിയും വിശുദ്ധന്‍ അല്ലെങ്കില്‍ വിശുദ്ധ ആകണമെന്ന് സെലി ആഗ്രഹിച്ചിരുന്നു.

    ഈ സമര്‍പ്പണരീതി നാമും പിന്തുടരേണ്ടിയിരിക്കുന്നു. ഈ സമര്‍പ്പണത്തിന്റെ ഫലങ്ങള്‍ ഉടന്‍തന്നെ ലഭിച്ചുവെന്ന് വരികയില്ല. എങ്കിലും വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ ദൈവം നല്‍കുന്ന കുഞ്ഞിനെ അവിടുത്തെ സന്നിധിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന്‍/ അവള്‍ ഈശോയുടെ മകനായി/ മകളായി വളരട്ടെ.

    2. കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക ‍

    പുറമേ പരുക്കനായിരുന്നുവെങ്കിലും തന്റെ പിതാവ് അതിയായി സ്നേഹിച്ചിരുന്നതെന്നും മൃദുലമായ ഹൃദയത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഒരമ്മയുടെ ഹൃദയത്തിനും അദ്ദേഹത്തെ കവച്ചുവയ്ക്കാന്‍ കഴിയുകയില്ല എന്നുമാണ് മകളായ സെലിന്‍, തന്‍റെ പിതാവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ചെറിയ ഓമനപ്പേരുകള്‍ വിളിച്ചുകൊണ്ടാണ്‌ ലൂയി തന്റെ സ്നേഹം മക്കളോട് പ്രകടിപ്പിച്ചിരുന്നത്. തങ്ങളുടെ സ്നേഹം കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു.

    ഇതേ അനുഭവം പകരാന്‍ നമ്മുക്കും സാധിക്കണം. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അവരെ ലാളിക്കുവാനും സ്നേഹിക്കുവാനും നാം സമയം കണ്ടെത്തണം.

    3. നിങ്ങളുടെ കുട്ടി എത്ര ദുര്‍വാശിക്കാരനാണെങ്കിലും അസ്വസ്ഥനാകരുത്

    തന്റെ കുട്ടി വാശിപിടിക്കുമ്പോള്‍ ഒരിക്കലും വിഷമിക്കരുതെന്നാണ് സെലി തന്റെ സഹോദരന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. “നിന്റെ മകള്‍ ദേഷ്യപ്പെടുന്നത് കാണുകയാണെങ്കില്‍ നീ അസ്വസ്ഥനാകരുത്. ഒരു നല്ല കുട്ടിയായി വളരുന്നതിന് അവളുടെ ആ ദേഷ്യപ്പെടല്‍ തടസ്സമാവുകയില്ല. എന്റെ പൗളിന്‍ രണ്ടു വയസ്സുവരെ ഇതുപോലെ തന്നെയായിരുന്നു. ഞാന്‍ അവളെയോര്‍ത്ത് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നറിയാമോ.. ഇപ്പോള്‍ അവളാണ് എന്റെ ഏറ്റവും നല്ല കുട്ടി. ഞാന്‍ അവളെ ഒരിക്കലും മോശം മകളായി കണക്കാക്കിയിട്ടില്ല.”

    മാര്‍ട്ടിന്‍- സെലി ദമ്പതികള്‍ക്ക് കുസൃതിക്കാരിയായ പൗളിനെ മാത്രം നോക്കിയാല്‍ പോരായിരുന്നു. മറ്റ് മക്കളെയും ശ്രദ്ധിക്കണമായിരുന്നല്ലോ. തെരേസും, അവളുടെ സഹോദരി ലിയോണിയും ആ മാതാപിതാക്കളെ അസ്വസ്ഥയാക്കിയിരുന്നു. എന്നിരുന്നാലും സെലിയും, ലൂയീസും പൗളിന്റെ മാറ്റത്തിനായുള്ള തങ്ങളുടെ പ്രയത്നം ഉപേക്ഷിച്ചില്ല – പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല.

    ഈ മാതൃക നമുക്കും പാഠമാണ്. മക്കളുടെ സ്വഭാവവൈകല്യങ്ങളെ പ്രതി അസ്വസ്ഥരാകാതെ അവരുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക. ശാന്തതയോടെ പ്രയത്നിക്കുക.

    4. കുട്ടികളുടെ മുമ്പിൽ നിങ്ങള്‍ കാരുണ്യത്തിന്റെ മാതൃകയാവുക ‍

    നമ്മുടെ ഓരോ പ്രവൃത്തിയും നമ്മുടെ മക്കള്‍ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ഇക്കാര്യം ഇന്ന് പല മാതാപിതാക്കളും മറന്നുപോകുന്ന ഒരു വസ്തുതയാണ്. നല്ലതായാലും ചീത്തയായാലും അവര്‍ അത് അനുകരിക്കുന്നു. കാരണം, അവരുടെ മുന്നില്‍ അത് മാതാപിതാക്കള്‍ ചെയ്യുന്ന പ്രവൃത്തിയാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാവുംവിധമാണ് വിശുദ്ധരായ സെലി – മാര്‍ട്ടിന്‍ ദമ്പതികള്‍ ജീവിച്ചത്.

    മറ്റുള്ളവര്‍ തന്റെ പിതാവിനോട് ദേഷ്യപ്പെട്ടിരുന്ന അവസരത്തില്‍ പോലും തന്റെ പിതാവ് എത്രമാത്രം ശാന്തനായിരുന്നുവെന്ന് മകളായ സെലിന്‍ എഴുതിയ ഈ എഴുത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. “ഒരിക്കല്‍ അദ്ദേഹം എന്നെയും കൂട്ടി ലിസ്യൂവിലെ പ്രധാന തെരുവില്‍ വീട്ടുവാടക പിരിക്കുവാന്‍ പോയി; ഒരു സ്ത്രീ വീട്ടുവാടക തരുവാന്‍ കൂട്ടാക്കാതെ അസഭ്യവാക്കുകള്‍ ചൊരിഞ്ഞു. ഒടുവില്‍ ആ സ്ത്രീ ഓടിപ്പോയി. ഞാന്‍ ശരിക്കും പേടിച്ചുപോയി. എന്നാല്‍, എന്റെ പിതാവ് ശാന്തനായിരുന്നു. അദ്ദേഹം യാതൊന്നും പറഞ്ഞില്ല. അവളുടെ ആ പ്രവൃത്തിയില്‍ അദ്ദേഹം ഒരിക്കല്‍പ്പോലും പരാതി പറയുകയും ചെയ്തില്ല.”

    ഇത് വലിയ ഒരു സന്ദേശമാണ്. നമ്മുടെ സ്വഭാവസവിശേഷതയാണ് നമ്മുടെ മക്കള്‍ അനുകരിക്കുക. നമ്മള്‍ തന്നെ അവര്‍ക്ക് കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ എപ്രകാരമാണ് മറ്റുള്ളവരോട് ക്ഷമയും കരുണയുമുള്ളവരായി പെരുമാറുക..? അതിനാല്‍, കരുണയുടെയും എളിമയുടെയും പ്രവര്‍ത്തികള്‍ അനുകരിക്കുക. തീര്‍ച്ചയായും ഇതിനെ സ്വാംശീകരിക്കുവാന്‍ നിങ്ങളുടെ മക്കളും തയ്യാറാകും.

    5. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുവാന്‍ സമയം കണ്ടെത്തുക

    തന്റെ അമ്മയെക്കുറിച്ച് സെലിന്‍ എഴുതിയിരിക്കുന്നത് നോക്കാം: “ഒരുപാട് ജോലികള്‍ ചെയ്യുവാനുണ്ടെങ്കിലും അമ്മ പലപ്പോഴും ഞങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അപ്പനും കളികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഞങ്ങള്‍ക്കായി ചെറിയ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുകയും, കളിക്കുകയും, ഞങ്ങളോടൊപ്പം പാട്ടുപാടുകയും ചെയ്തു.”

    കുട്ടികള്‍ക്കൊപ്പം കളിക്കാതെ, അവരെ ടെലിവിഷന്റെ മുന്നില്‍ പിടിച്ചിരുത്തുന്നത് ഇന്ന് പല മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതെ അവരെ ടെലിവിഷനു മുന്നില്‍ പിടിച്ചിരുത്തുന്നത് ഒരുതരത്തില്‍ ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. ഇതില്‍ ഒരു തിരുത്തല്‍ വേണ്ടത് അത്യാവശ്യമാണ്  ലൂയീസ് – സെലി ദമ്പതികളെപ്പോലെ മക്കളോടൊപ്പം ചിരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക. അത് അവരില്‍ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.