600 കുട്ടികളുടെ മാതാപിതാക്കളായി മാറുവാൻ ദൈവം തിരഞ്ഞെടുത്ത വിശുദ്ധ ദമ്പതികൾ

കുടുംബം, മക്കൾ എല്ലാം ഒരു ബാധ്യതയാണെന്നു കരുതുന്ന ഈ കാലഘട്ടത്തിൽ വളരെ വ്യത്യസ്തരായ ദമ്പതികളെ നമുക്ക് പരിചയപ്പെടാം. ഇംഗ്ലണ്ടിൽ ജീവിക്കുന്ന പൗളിൻ – റോജർ ഫിറ്റർ എന്ന ഈ ദമ്പതികൾ ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് വളരെ വ്യത്യസ്തരാണ്. വിവാഹജീവിതം ആരംഭിച്ച് മൂന്നാം മാസം മുതൽ ദാമ്പത്യജീവിതത്തിന്റെ 56 വർഷങ്ങൾ പിന്നിടുമ്പോൾ 600 കുട്ടികളെ ദത്തെടുക്കുകയും വളർത്തുകയും ചെയ്ത ഇവർ ലോകത്തിലെ ഏറ്റവും വ്യത്യസ്തരായ ദമ്പതികൾ തന്നെയാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതൽ മക്കളെ വളർത്തിയ മാതാപിതാക്കളും ഇവർ തന്നെയായിരിക്കും!

വിവാഹജീവിതം ആരംഭിച്ച് മധുവിധു ആഘോഷിക്കേണ്ട സമയം മുതൽ ഈ ദമ്പതികൾ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആരംഭിച്ചതാണ്. 19 വയസ്സുള്ളപ്പോൾ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ കണ്ട പൗളിന് വളരെയധികം വിഷമം തോന്നി. കുടുംബങ്ങളിൽ ജീവിക്കേണ്ട കുട്ടികൾ അവിടെ സ്ഥാപനവൽക്കരിക്കപ്പെടുകയാണെന്ന യാഥാർത്ഥ്യം അവരെ വളരെയധികം വേദനിപ്പിച്ചു. ആ സമയം മുതൽ അവൾക്ക് കുട്ടികളെ ഒരു കുടുംബാന്തരീക്ഷത്തിൽ വളർത്തണമെന്ന ആഗ്രഹമുണ്ടായി. വിവാഹത്തിനു ശേഷം തന്റെ ജീവിതപങ്കാളി റോജറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിനും നൂറുവട്ടം സമ്മതം. അങ്ങനെയാണ് വിവാഹശേഷം മൂന്നാം മാസത്തിൽ ഈ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് ആദ്യത്തെ കണ്മണി എത്തുന്നത്.

ബ്രോങ്കൈറ്റിസ്‌ ബാധിച്ച ഒരു നവജാത ശിശുവിനെയായിരുന്നു അവർക്ക് ആദ്യം ലഭിച്ചത്. ഏതൊരു മാതാപിതാക്കളെയും പോലെ തന്നെ ഈ കുഞ്ഞിനെ ശുശ്രൂഷിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു. എന്നാൽ അത് അവർക്ക് കൂടുതൽ ശക്തിയും പ്രോത്സാഹനവും നൽകുന്ന ഒന്നായിരുന്നു. കൂടുതൽ കുട്ടികളെ തങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവരാൻ ഇരുവർക്കും വലിയ പ്രചോദനമായിരുന്നു ഈ കുഞ്ഞ്. നിർധനരും അനാഥരുമായ കുഞ്ഞുങ്ങൾക്കായി റോജർ ദമ്പതികളുടെ ഭവനവും ഹൃദയവും തുറന്നുതന്നെ കിടന്നു.

ഇപ്പോൾ 80 വയസ്സ് പിന്നിടുമ്പോൾ ഈ ‘വലിയ’ മാതാപിതാക്കൾക്ക് 600 വളർത്തുമക്കളോടൊപ്പം നാല് മക്കളും ദത്തെടുത്തു വളർത്തുന്ന ഒരു കുട്ടിയുമുണ്ട്. “ഒരു ഘട്ടത്തിലും ഞങ്ങൾ ഇത് അവസാനിപ്പിക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഞങ്ങളുടെ പരിശ്രമങ്ങളുടെ ഫലം കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു” – 11 കൊച്ചുമക്കളുടെ മുത്തച്ഛനായ റോജർ പറഞ്ഞു.

56 വർഷത്തിനിടയിൽ വ്യത്യസ്തരായ കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ആയിരിക്കുക എന്നത് വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒരിക്കൽ ‘നിശ്ശബ്ദയായ’ ഒരു മൂന്നു വയസ്സുകാരി അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. അവൾ ഒരിക്കൽപോലും തന്റെ ‘മാതാപിതാക്കളുടെ’ കണ്ണുകളിലേക്ക് നോക്കിയിരുന്നില്ല. അവളെ ഒന്ന് സ്പർശിക്കാൻ പോലും അനുവദിച്ചിരുന്നില്ല. “അവളെ ഞങ്ങളിലേക്ക് അടുപ്പിക്കുക എന്നത് സുദീർഘമായ ഒരു പ്രക്രിയയായിരുന്നു. ഒരു ദിവസം അവളുടെ മെലിഞ്ഞ, കുഞ്ഞിക്കൈകൾ എന്റെ ഹൃദയത്തിലേക്ക് അവൾ ചേർത്തുവച്ചു. ഇപ്പോൾ അവൾ അവളുടെ 30 -കളിൽ എത്തിയിട്ടുണ്ട്. അത്രമേൽ ദുർബലയായ ഒരു പെൺകുട്ടിയായിരുന്നു അവൾ. ഇത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം. എന്നാൽ അത് അങ്ങനെയല്ല, യഥാർത്ഥത്തിൽ അത് വളരെ വലിയ കാര്യം തന്നെയാണ്” – പൗളിൻ പറയുന്നു.

നിയമനടപടികളിലൂടെ കടന്നുപോകുന്ന കുട്ടികളെയും ഈ ദമ്പതികൾ കണ്ടുപിടിച്ച് വളർത്തിയിരുന്നു. നിയമനടപടികൾ അവരുടെ മനസ്സിന് വളരെയധികം ആഘാതമേല്പിച്ചിരുന്നു. “അത് വളരെ വൈകാരികമായ ഒരു കാര്യം തന്നെയായിരുന്നു. കാരണം ആ കുട്ടികൾ കടന്നുപോയ അവസ്ഥകൾ മനസിലാക്കി അവരെ വളർത്തിയെടുക്കണമായിരുന്നു. അത് വളരെ ശ്രമകരമായിരുന്നെങ്കിലും ഞങ്ങൾക്ക് അതിനു കഴിഞ്ഞിരുന്നു” – പൗളിൻ ഓർമ്മിക്കുകയാണ്.

80 പിന്നിട്ട ഈ ദമ്പതികൾ കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 600 മക്കളുടെ മാതാപിതാക്കളായ ഫിറ്റർ ദമ്പതികളുടെ ജീവിതം അതിവിശുദ്ധമായ ഒന്നാണ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുക എന്നത് ഈ ഭൂമിയിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. അത് ഏറ്റവും സന്തോഷത്തോടെ പൂർത്തീകരിച്ച ഇവർ തീർച്ചയായും ഭൂമിയിലും സ്വർഗ്ഗത്തിലും വിലമതിക്കപ്പെടുന്നവർ തന്നെയാണ്.

1965 മുതൽ ഈ ദമ്പതികൾ ഒരേ മനസ്സോടെ നൂറുകണക്കിന് കുഞ്ഞുങ്ങൾക്കായി അവരുടെ ഹൃദയവും ഭവനത്തിന്റെ വാതിലും തുറന്നിട്ടിരിക്കുകയായിരുന്നു. അവരുടെ സമർപ്പണത്തിനു നന്ദി!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.