തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്ക് ഈശോ നല്‍കുന്ന വാഗ്ദാനങ്ങള്‍

ജൂലൈ മാസം ആഗോള കത്തോലിക്കാ സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിക്ക് പ്രാധാന്യം നല്‍കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്‍കിക്കൊണ്ട് നമ്മോടുള്ള തന്റെ സ്‌നേഹത്തിന്റെ വലിപ്പം കാണിച്ചുതന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത ജപമാല.

ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്…

1. ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.

2. അവരുടെ പഞ്ചേന്ദ്രിയങ്ങള്‍ കോട്ട കെട്ടി സംരക്ഷിക്കപ്പെടുന്നു.

3. പെട്ടെന്നുള്ള മരണത്തില്‍ നിന്നും അവര്‍ രക്ഷിക്കപ്പെടും.

4. അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് ഈശോയുടെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും.

5. മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടാകുന്നതിനും വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളും അവര്‍ക്ക് ദൃശ്യമാക്കപ്പെടും.

6. നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായും കേള്‍ക്കപ്പെടും.

7. തിരുരക്ത ജപമാല വഴിയായി അനേകം അത്ഭുതങ്ങള്‍ ഈശോ പ്രവര്‍ത്തിക്കും.

8. ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും തകര്‍ക്കുകയും ഈശോയുടെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്വത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.

9. അനേകം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്ത് നിന്ന് ഈശോ മോചിപ്പിക്കും.

10. ഈ ജപമാലയിലൂടെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും തന്റെ വഴികള്‍ ഈശോ പഠിപ്പിക്കും.

കാരണം തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് അവിടുന്നും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.