അവഗണിക്കപ്പെട്ടവര്‍ക്ക് അത്താണിയാകാന്‍ ഇറങ്ങിത്തിരിച്ച സന്യാസിനിമാര്‍

സി. മേഴ്സി ജോസഫ്‌ SMI

‘അമലോത്ഭവ മാതാവിന്റെ സഹോദരികള്‍’ (SMI) എന്നറിയപ്പെടുന്ന ഈ സന്യാസ സമൂഹം പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ പാവങ്ങളുടെ നിസ്തുലസേവകന്‍ അഭിവന്ദ്യ മാര്‍ ലൂയിസ് എല്‍. ആര്‍. മോറോ SDB, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ഡിസംബര്‍ 12, 1948 -ല്‍ സ്ഥാപിച്ചു. ഈ സഭ ഇന്ന് ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ നാലു ഭൂഖണ്ഡങ്ങളില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്തുവരുന്നു. ഭവനസന്ദര്‍ശനം വഴി കുടുംബനവീകരണം, പ്രേഷിതപ്രവര്‍ത്തനം, സുവിശേഷവത്കരണം, മതബോധനം, സ്ത്രീകളുടെ ഉന്നമനം, അദ്ധ്യാപനം, രോഗീസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് സഭ സ്ഥാപിതമായത്.

കൃഷ്ണനഗര്‍ രൂപതയിലെ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പുരോഹിതര്‍ക്ക് ഭവനസന്ദര്‍ശനം ബുദ്ധിമുട്ടായിരുന്നു. കാരണം, അവര്‍ ഭവന സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ പുരുഷന്മാര്‍ വയലില്‍ ജോലിയിലായിരിക്കും. സ്ത്രീകളോ, വിദേശികളും അപരിചിതരുമായ പുരോഹിതരെ കാണുമ്പോള്‍ തല മൂടി വീടിനുള്ളില്‍ പ്രവേശിക്കും. പുരുഷന്മാര്‍ വീട്ടിലില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് സ്ത്രീകളുമായി സംസാരിക്കുവാന്‍ സാധ്യമായിരുന്നില്ല. ഇത്തരം പ്രതിസന്ധികളെ നേരിട്ട പുരോഹിതര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അവരുടെ ബിഷപ്പുമായി പങ്കുവയ്ക്കുകയും അതിനൊരു പരിഹാരമെന്നോണം പിതാവ് ഒരു പുതിയ തദ്ദേശീയസഭയ്ക്ക് രൂപം നല്‍കുകയും ചെയ്തു.

‘ദൈവത്തെ സ്‌നേഹിക്കുക; അവിടുത്തെ സ്‌നേഹിക്കാന്‍ മറ്റുള്ളവരെ സഹായിക്കുക’ എന്നുള്ള ഞങ്ങളുടെ സഭയുടെ ആദര്‍ശം ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ദാരിദ്ര്യത്തിലും വേദനയിലും അജ്ഞതയിലും കഴിയുന്ന സഹോദരങ്ങള്‍ക്ക് സാന്ത്വനമേകാനായി, അവരുടെ വേദനയില്‍ പങ്കുചേരാനായി ദൈവസ്‌നേഹം പകര്‍ന്നുനല്‍കി അവര്‍ക്ക് ആശ്വാസമായി അവരുടെ ഭാഷയും സംസ്‌കാരവും സ്വായത്തമാക്കി അവരിലൊരാളായി ഞങ്ങള്‍ അവരുടെ ഇടയിലേയ്ക്ക് കടന്നുചെല്ലുന്നു. ഭവനങ്ങള്‍ കയറിയിറങ്ങി മക്കളെ സന്മാര്‍ഗ്ഗത്തില്‍ വളര്‍ത്തുവാനും ശുചിത്വം പാലിക്കാന്‍ ശീലിപ്പിക്കുകയും അക്ഷരജ്ഞാനമില്ലാത്ത സ്ത്രീകളെ എഴുതുവാനും വായിക്കുവാനും പഠിപ്പിച്ച് സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നു. ഇതിനായി ഞങ്ങളുടെ എല്ലാ സന്യാസഭവനങ്ങളിലും ഈരണ്ടു സന്യാസിനിമാര്‍ വീതം നിയോഗിക്കപ്പെട്ടിരിക്കുന്നു.

വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാതെ ഗ്രാമങ്ങളിലും ചേരികളിലുമലയുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചും ഗ്രാമപ്രദേശങ്ങളിലും ചേരികളിലും കെട്ടിടനിര്‍മ്മാണത്തിന് അസാധ്യമായ ഇടങ്ങളില്‍ മരത്തിന്റെ തണലിലും, മാതാപിതാക്കളാല്‍ തിരസ്‌കരിക്കപ്പെട്ട പെണ്‍കുട്ടികളെ സൗജന്യ ബോര്‍ഡിംഗ് സൗകര്യം നല്‍കിയും പഠിപ്പിക്കുന്നു. ആശുപത്രികളും ചികിത്സാസൗകര്യങ്ങളും ഇല്ലാത്തയിടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രികളും ഡിസ്പെന്‍സറികളും മൊബൈല്‍ ക്ലിനിക്കുകളും വഴിയും അവരുടെ ഭവനങ്ങളില്‍ നേരിട്ടെത്തിയും സേവനമനുഷ്ഠിക്കുന്നു. അങ്ങനെ പ്രസവസമയത്തുള്ള മരണത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുന്നു.

മക്കളാല്‍ തിരസ്‌കരിക്കപ്പെട്ട മാതാപിതാക്കള്‍ക്കായി വൃദ്ധസദനങ്ങള്‍ നടത്തി അവര്‍ക്കുവേണ്ട പരിചരണങ്ങളും സ്‌നേഹവാത്സല്യവും നല്‍കി അവരെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. അവരുടെ വേദനകളിലും ഏകാന്തതകളിലും ഭാഗഭാക്കായി അവരുടെ ശിഷ്ടജീവിതം സന്തോഷവും സമാധാനപൂര്‍ണ്ണവുമാക്കി സ്വര്‍ഗ്ഗീയസമ്മാനത്തിനായി അവരെ ഒരുക്കുന്നു.

ചൂഷണത്തിനും പീഡനത്തിനും മനുഷ്യക്കടത്തിനും ഇരയാകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടിപ്പിടിച്ച് നിയമത്തിന്റെ വഴിയിലൂടെ അവര്‍ക്ക് സംരക്ഷണവും പുതിയ ജീവിതവും പ്രദാനം ചെയ്യുന്നു. ഇങ്ങനെ കാലഘട്ടത്തിന് അനുസരിച്ച് മറുപടി കൊടുത്തുകൊണ്ട് SMI സഹോദരിമാര്‍ ലോകത്തിന് ക്രിസ്തുവിന്റെ മുഖമായും ശബ്ദമായും പ്രവര്‍ത്തിക്കുന്നു.

സി. മേഴ്സി ജോസഫ്‌ SMI   

 

3 COMMENTS

  1. Congratulations SMI Sisters. You all are doing an yeoman service to the poor and underprivileged sections of the society. Please continue the great work. God will definitely bless you all in your endeavour.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.