ദനഹാ തിരുനാള്‍, രാക്കുളി പെരുന്നാള്‍, പിണ്ടികുത്തി പെരുന്നാള്‍ – ചരിത്രം

പുരാതനകാലത്ത് ഈജിപ്റ്റിലെ അലക്സാണ്ട്റിയയില്‍ ജനുവരി 6 മകരസംക്രാന്തിയോട് അനുബന്ധിചുള്ള സൂര്യദേവനായ അയോണിന്റെ ഉത്സവദിനമായിരുന്നു. ദക്ഷിണായന അവസാന ദിവസമായ അന്ന് ഭൂമദ്ധ്യരേഖയുടെ വടക്കുള്ള ഈജിപ്റ്റിലും മറ്റും പകലിന് ഏറ്റവും നീളം കുറഞ്ഞ ദിവസമായിരുന്നതിനാല്‍ സുര്യനെ ഒരു ശിശുവായി കണക്കാക്കി സൂര്യന്റെ ജന്മദിനം ഘോഷിക്കുന്ന ദിവസമായി അവര്‍ അന്ന് കൊണ്ടാടി.

രണ്ടാം നൂറ്റാണ്ടില്‍ അലക്സാണ്ട്റിയയില്‍ ജീവിച്ചിരുന്ന ഗ്നോസ്റ്റിക്ക് പാഷണ്ഡിയായ ബാസിലെയിഡസിന്റെ അനുയായികളാണ് ക്രൈസ്തവലോകത്ത് ഈ തിരുനാള്‍ കൊണ്ടുവന്നത്. ഈശോ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നെന്നും മാമ്മോദീസാ വേളയില്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നുമായിരുന്നു ബാസിലെയിഡസിന്റെ തത്വം. അതുകൊണ്ടു തന്നെ അദ്ദേഹം ഈശോയിലെ ദൈവത്വസ്വീകരണത്തെ തന്റെ നാട്ടിലെ സൂര്യദേവന്റെ ജന്മദിനാഘോഷത്തോട്‌ ബന്ധപ്പെടുത്തി പ്രചരിപ്പിച്ചു. പിന്നീട് 325-ല്‍ നിഖ്യാ സൂനഹദോസ് ഈശോയുടെ ദൈവത്വം ഉറപ്പിച്ചു പഠിപ്പിച്ചപ്പോള്‍, അവിടുത്തെ ജനനവും ദൈവികപ്രാധാന്യത്തോടെ ആചരിക്കപ്പെടെണ്ടതാണെന്ന ബോധ്യം സഭയിലെങ്ങും സംജാതമായി. ഇതോടു കൂടി സഭയില്‍ ജനുവരി 6, ഈശോയുടെ ജനന തിരുനാള്‍ എന്ന നിലയില്‍ പ്രധാന്യത്തോടു കൂടി ആചരിക്കപ്പെടാന്‍ തുടങ്ങി.

പിന്നീട് റോമില്‍ ഡിസംബര്‍ 25 ഈശോയുടെ ജനനതിരുനാളായി പ്രചാരത്തിലായപ്പോള്‍ പാശ്ചാത്യസഭയില്‍ നിന്നും ക്രിസ്മസ് പൗരസ്ത്യദേശങ്ങളിലും വേരുറച്ചു. അപ്പോള്‍ ജനുവരി 6 കര്‍ത്താവിന്റെ മാമ്മോദീസായുടെ തിരുനാളായി മാറി. ലത്തീന്‍ സഭയിലാകട്ടെ, കാലക്രമത്തില്‍ ഈ തിരുനാള്‍ ഈശോയെ സന്ദര്‍ശിച്ച പൂജരാജാക്കളുടെ തിരുനാളായി പരിണമിച്ചു. കാരണം വി. അഗസ്റ്റിനും മറ്റും ഈശോയുടെ പ്രത്യക്ഷീകരണത്തെ വിശദീകരിച്ചത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നക്ഷത്രം പ്രത്യക്ഷപ്പെട്ടതും അവര്‍ ബെത്ലെഹെമിലെത്തി ദിവ്യശിശുവിനെ വന്നു ആരാധിച്ചതുമായി ബന്ധപ്പെടുത്തിയാണ്. 565-ല്‍ അര്‍ക്കേഡിയസ് ജനുവരി 6 അവധി ദിവസമായി പ്രഖ്യാപിച്ചു.

പൗരസ്ത്യ സഭകളില്‍ ചിലയിടങ്ങളിലെങ്കിലും ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള 40 ദിവസത്തെ ഉപവാസത്തെ അനുസ്മരിച്ചുകൊണ്ട് 40 ദിവസത്തെ നോമ്പ് ആചരിക്കുന്ന പതിവ് ഈ തിരുനാളിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

ദനഹാ എന്നാ സുറിയാനി വാക്കിന്റെ അര്‍ത്ഥം പ്രത്യക്ഷീകരണം എന്നാണ്. എപ്പിഫേനി എന്നതാണ് ലത്തീന്‍, ഗ്രീക്ക് സഭകളില്‍ ഇതിനു തത്തുല്യമായി ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെ ദൈവത്വം വെളിപ്പെടുത്തിയ കാനായിലെ വിവാഹവിരുന്നിന്റെ ഓര്‍മ്മയായും ഈ തിരുനാള്‍ ഘോഷിക്കപ്പെട്ടിരുന്നു. കാരണം ഈശോയുടെ അടയാളങ്ങളുടെ ആരംഭമായിരുന്നു അത് എന്നതിനോടൊപ്പം ആ ദിവസം നീര്‍ചാലുകളില്‍കളില്‍ നിന്നും വെള്ളത്തിനു പകരം വീഞ്ഞ് പ്രവഹിക്കുമെന്നൊരു വിശ്വാസവും പ്രാബല്യത്തിലുണ്ടായിരുന്നു. നൈല്‍ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ആഘോഷവും അതിനോട് ചേര്‍ന്നുള്ള പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്ന ദിവസമായിരുന്നു ജനുവരി 6 എന്നതും ഈശോയുടെ മാമ്മോദീസായെ ഓര്‍മ്മിപ്പിക്കാന്‍ ഈ തിരുനാള്‍ ക്രൈസ്തവര്‍ എടുത്തു എന്നുകൂടി അനുമാനിക്കാം. നാലാം നൂറ്റാണ്ടിലെ എജേറിയായുടെ ഡയറിക്കുിപ്പുകളില്‍ ജനുവരി ആറ് ജറുസലേമില്‍ ക്രിസ്തുവിനെ ജന്മദിനമായി ആഘോഷിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

പാശ്ചാത്യ സഭയില്‍ ജ്ഞാനികളുടെ വരവ്, ഈശോയുടെ മാമ്മോദീസാ, കാനായിലെ കല്യാണം എന്നിവയെല്ലാം എപ്പിഫെനിയില്‍ ഓര്‍മ്മിക്കപ്പെടുന്നെങ്കിലും പ്രധാന്യത്തോടെ ആചരിക്കുന്നത് ജ്ഞാനികളുടെ സന്ദര്‍ശനം തന്നെ. എന്നാല്‍ പൗരസ്ത്യ സഭകളില്‍ ഈശോയുടെ മാമ്മോദീസായാണ് മുഖ്യ അനുസ്മരണം. ഗ്രീക്ക് സഭയിലെ മുഖ്യതിരുനാളായ എപ്പിഫെനിയില്‍ ഈശോയുടെ മാമോദീസായിലേതുപോലെ സ്വര്‍ഗ്ഗം തുറക്കപ്പെടുന്ന ദിവസമാണതെന്നും ഉദ്ദിഷ്ടകാര്യം പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും അത് സാധ്യമാകും എന്നൊരു വിശ്വാസം അവിടുത്തെ സാമാന്യജനത്തിനിടയില്‍ പ്രചാരത്തിലുണ്ട്. ബൈസന്‍റൈന്‍, അന്ത്യോഖ്യന്‍ പാരമ്പര്യങ്ങളില്‍ അന്നേ ദിവസം തന്റെ മാമ്മോദീസായാല്‍ കര്‍ത്താവ് ജലം വിശുദ്ധീകൃതമാക്കിയതിന്റെ ഓര്‍മ്മയാചരണമായി വെള്ളം ആശീര്‍വദിക്കുന്ന പതിവുണ്ട്.

കേരളത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ഈ തിരുനാള്‍ രാക്കുളി പെരുന്നാള്‍ എന്നറിയപ്പെടുന്നു. കര്‍ത്താവിന്റെ മാമ്മോദീസായെ അനുസ്മരിച്ചുകൊണ്ട് ജനുവരി 5-നോ 6-നോ സന്ധ്യയ്ക്ക്, അടുത്തുള്ള ജലാശയത്തില്‍ മുങ്ങിക്കുളിച്ചിട്ട് രാത്രി പന്തം കത്തിച്ച് ദൈവം പ്രകാശമാകുന്നു എന്ന് അര്‍ത്ഥമുള്ള ഏല്‍പയ്യാ എന്ന് പാടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശ്വാസികള്‍ ദേവാലയത്തിലേയ്ക്ക് പോയിരുന്നു. ദീപങ്ങള്‍ കത്തിച്ച് രാത്രിയില്‍ നടത്തിയിരുന്നതിനാലാണ് ഇതിനെ രാക്കുളി പെരുന്നാള്‍ എന്ന് വിളിച്ചിരുന്നത്.

കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള ക്രൈസ്തവര്‍ ഈ തിരുനാളിനെ പിണ്ടികുത്തി പെരുന്നാള്‍ എന്നാണ് വിളിച്ചിരുന്നത്. ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നു എന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുനാളിന് വൈകിട്ട് വാഴപ്പിണ്ടിയില്‍ എണ്ണവിളക്കുകള്‍ കത്തിച്ച് അവര്‍ വീടിനു ചുറ്റും വയ്ക്കുമായിരുന്നു. പലയിടത്തും പുല്‍ക്കൂടും ക്രിസ്തുമസ് നക്ഷത്രവും അഴിച്ചുവയ്ക്കുന്ന ദിവസം കൂടിയാണിത്.

ലോകത്തിന്റെയും എന്റെയും പ്രകാശമായി ക്രിസ്തുവിനെ തിരിച്ചറിയുകയും അവിടുത്തെ മുന്നില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന പുണ്യദിനമായി ഈ ദനഹാ തിരുനാള്‍ മാറട്ടെ.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.