ചരിത്രപരമായ ഇറാഖിലെ ദേവാലയം പുനർനിർമ്മിക്കും

ഇറാഖിലെ മൊസൂളിൽ ഐഎസ് ഭീകരർ തകർത്ത പുരാതന സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ പുനർ നിർമ്മാണം ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎൻ ഹെറിട്ടേജ് ഏജൻസി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചു.

2014 ജൂണിൽ ഐഎസ് നഗരം ആക്രമിച്ചപ്പോൾ മൊസൂളിലെ അൽ തഹേര പള്ളിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. മൊസൂളിലെ പ്രധാനപ്പെട്ട ഇരുപത്തി എട്ടോളം ആരാധനാലയങ്ങൾ ഐഎസ് ഭീകരർ അന്ന് നശിപ്പിച്ചിരുന്നു. അതിൽ ഒന്നായിരുന്നു ഈ അൽ തഹേര. പള്ളിയുടെ ആർക്കേഡിനും പുറം മതിലിനും വലിയ നാശനഷ്ടമുണ്ടായി. അത് പുനർനിർമിക്കേണ്ടതുണ്ട്, അവശേഷിക്കുന്ന സീലിംഗും പൊളിച്ച് പുനർനിർമിക്കും. പള്ളിക്കുള്ളിലെ ലാൻഡ്‌മൈനുകളും നീക്കം ചെയ്യേണ്ടിവരും. ഏജൻസി വ്യക്‌തമാക്കി.

ഏജൻസിയുടെ നേതൃത്വത്തിലുള്ള “മോസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക” സംരംഭത്തിന്റെ ഭാഗമായാണ് പുനർനിർമ്മാണം. പുനർനിർമ്മാണ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക യുവ പ്രൊഫഷണലുകൾക്കും കരകൗശല തൊഴിലാളികൾക്കും കൂടുതൽ വിദ്യാഭ്യാസം, പരിശീലനം, അനുഭവം എന്നിവ നൽകുമെന്നും യുനെസ്കോ പറയുന്നു.

ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലെ ക്രിസ്ത്യൻ ജനസംഖ്യ 2003 ൽ 35,000 ആയിരുന്നത് 2014 ൽ ഐസിസ് അധിനിവേശ സമയത്ത് 15,000 ആയി കുറഞ്ഞു.