ഉക്രൈനിൽ ചരിത്രപരമായ ദൈവാലയം കത്തിനശിച്ചു

ഉക്രൈനിന്റെ തലസ്ഥാനമായ കൈവിലെ ഗോഥിക് ശൈലിയിലുള്ള ചരിത്രപരമായ സെന്റ് നിക്കോളാസ് കത്തോലിക്കാ ദൈവാലയത്തിൽ തീപിടുത്തമുണ്ടായി. സെപ്റ്റംബർ മൂന്നിന് നടന്ന ഒരു സംഗീത റിഹേഴ്സലിനിടെയാണ് സംഭവം. ദൈവാലയത്തിന്റെ ഉൾവശത്ത് സാരമായ നാശനഷ്ടമുണ്ടായി. ഏറ്റവും പഴയ, രണ്ടാമത്തെ ലത്തീൻ റീത്തിൽപ്പെട്ട കത്തോലിക്കാ ദൈവാലയമാണിത്. ദൈവാലയത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള കാരണം പോലീസ് ഇപ്പോഴും അന്വേഷിച്ചു വരികയാണ്.

1909 -ൽ നിർമ്മിച്ച ഈ ദൈവാലയം 1938 -ൽ കമ്മ്യൂണിസ്റ്റ് സർക്കാർ അടച്ചുപൂട്ടിയിരുന്നു. സോവിയറ്റ് അധികാരികൾ ഈ ദൈവാലയത്തിൽ നിന്നും ബലിപീഠം നീക്കം ചെയ്യുകയും ഈ ദൈവാലയം സംഗീതകച്ചേരി നടത്തുന്ന ഒരു ഹാളാക്കി മാറ്റുകയും ചെയ്തു.

ബെലാറസ്, റഷ്യ, മോൾഡോവ, റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന 44 ദശലക്ഷം ആളുകളുടെ രാജ്യമാണ് ഉക്രൈൻ. ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. രണ്ടാമത്തെ വലിയ ക്രിസ്ത്യൻ സമൂഹം ഉക്രൈനിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് ആണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം 1991 -ൽ ഉക്രൈൻ സ്വതന്ത്രമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.