ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് ഹൈക്കോടതി ജഡ്ജി

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ വര്‍ഗ്ഗീയമായ വിവാദ പരാമര്‍ശം മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധിപ്രസ്താവനയിലെ വിവാദമായ മുപ്പത്തിരണ്ടാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന് ജസ്റ്റീസ് വൈദ്യനാഥന്‍ ഇന്നലെ കോടതിയില്‍ പരസ്യ പ്രഖ്യാപനത്തിലൂടെ അറിയിച്ചു.

ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിവാദ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു പ്രൊഫസര്‍ക്കെതിരായ ലൈംഗിക ആരോപണത്തിന്മേല്‍, കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയില്‍ ശരി വച്ചിരുന്നു. എങ്കിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയതാണ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.

രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെൺകുട്ടികള്‍ക്ക് തീര്‍ത്തും സുരക്ഷിതമല്ലെന്നും, ക്രിസ്ത്യൻ സ്‌കൂളുകളിൽ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ വിധിയില്‍ എഴുതി വച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവരെ പൊതുവായി അപമാനിക്കുന്ന തരത്തില്‍ ജഡ്ജി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ പരസ്യ പ്രസ്താവനയിറക്കി. ഇതേ തുടർന്നാണ് വിവാദപരമായ പരാമര്‍ശം പിൻവലിക്കുന്നതായി അദ്ദേഹം പരസ്യമായി പ്രസ്താവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.