ജസ്റ്റീസ് കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് വിശദമാക്കാൻ ഹൈക്കോടതി നിർദേശം

ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് വിശദമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരേ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

ഡിസംബർ 22നു ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളോടു വിശദീകരണം തേടിയിരുന്നു. തുടർന്നു സംസ്ഥാന സർക്കാരിനു വേണ്ടി പൊതുഭരണ വകുപ്പിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫ മറുപടി സത്യവാങ്മൂലം നൽകി. മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തി 2006ൽ സമർപ്പിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും ഇതിനനുസൃതമായി സംസ്ഥാനത്തു പഠനം നടത്തിയ പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോർട്ടിന്റെയും അടിസ്ഥാനമാക്കിയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ് നടപടികളെന്നുമാണു സർക്കാർ വാദം.

സംസ്ഥാനത്ത് കോളജ് പഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംങ്ങൾ എസ്സിഎസ്എടി വിഭാഗങ്ങളെക്കാളും പിന്നിലായതിനാൽ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ ജോലിയും ഉയർന്ന വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള നടപടികളാണു സർക്കാർ സ്വീകരിച്ചതെന്നും സത്യവാങ്മൂലം പറയുന്നു. സാമ്പത്തികാടിസ്ഥാനത്തിലും ദാരിദ്ര്യത്തിന്റെ കാര്യത്തിലും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും തമ്മിൽ വലിയ അന്തരമുണ്ടെന്നും സർക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.