ജീവിതത്തിലേയ്ക്ക് ദുരിതങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ ഈശോയുടെ തിരുഹൃദയത്തിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്ന പ്രാർത്ഥന

ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും നടക്കാതെ വരിക, ആഗ്രഹിച്ചതിനു വിപരീതമായത് സംഭവിക്കുക, ജീവിതത്തിൽ ഒറ്റയ്ക്കായി പോയെന്ന് തോന്നുക, ലോകം മുഴുവൻ എനിക്കെതിരാണ് എന്നു തോന്നുക… എല്ലാം മനുഷ്യജീവിതത്തിൽ സംഭവിക്കുന്നവയാണ്. എന്നാൽ സത്യാവസ്ഥ, ജീവിതത്തിലെ ഒരു ഘട്ടത്തിലും നിങ്ങൾ ഒറ്റയ്ക്കായി പോകുന്നില്ല എന്നതും ദൈവത്തിന്റെ സ്നേഹം നിങ്ങളോട് കൂടെയുണ്ടെന്നതുമാണ്.

ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ അവസരത്തിലും നമ്മെ വാരിപ്പുണരുവാനും തന്റെ തിരുഹൃദയത്തോട് ചേർത്തുപിടിച്ച് നമ്മെ ആശ്വസിപ്പിക്കുവാനും ഈശോ സന്നദ്ധനാണ്. എന്നാൽ വേദനയാൽ നിറഞ്ഞിരിക്കുന്ന അവസരത്തിൽ ഇക്കാര്യമൊന്നും നാം ഓർക്കാറില്ല. സങ്കീർത്തനം 91-ാം അധ്യായത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. “അവിടുന്ന് നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍ കൊണ്ട്‌ അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക്‌ അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്‌തത നിനക്ക് കവചവും പരിചയും ആയിരിക്കും.”

തന്റെ തിരുഹൃദയത്തിൽ ഈശോ നൽകുന്ന അഭയമാണ് മറ്റൊന്ന്. സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ ഹൃദയം ഈശോയുടേതു കൂടിയാകുമ്പോൾ അവിടെ നിന്ന് ലഭിക്കുന്ന കരുതൽ എത്ര ഉന്നതമായിരിക്കും. ഏറ്റവും വേദന അനുഭവിക്കുന്ന സമയങ്ങളിൽ ഈശോയുടെ തിരുഹൃദയത്തിൽ അഭയം തേടുന്നതിനായി വി. വിൻസെന്റ് മാനുവൽ ഒരു ചെറിയ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. വിഷമഘട്ടങ്ങളിൽ ഈ പ്രാർത്ഥന നമുക്ക് ആശ്രയമായിരിക്കട്ടെ..

“സ്നേഹത്തിന്റെ വാഗ്ദാനമായും കഷ്ടതയിൽ അഭയമായും ഈശോയേ അങ്ങയുടെ തിരുഹൃദയത്തിൽ എനിക്ക് ഇടം നൽകണമേ. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടങ്ങളിലും മരണസമയത്തും എനിക്ക് അങ്ങയുടെ തിരുഹൃദയം തന്നെയായിരിക്കട്ടെ അഭയം. എന്റെ രക്ഷകനായവനേ, ഈ പ്രതിസന്ധി നീങ്ങിപ്പോകുന്നതു വരെ അങ്ങയുടെ തിരുഹൃദയത്തിൽ എന്നെ പൊതിഞ്ഞു പിടിക്കണമേ… ആമ്മേൻ.”