സംഗീതലോകത്തേയ്ക്ക് ചിറകു വിരിച്ച് കുഞ്ഞു ഹെർഷേൽ

മരിയ ജോസ്

ഇംഗ്ലീഷ് ക്രിസ്ത്യൻ ഡിവോഷണൽ പാട്ടുകളുടെ ആലാപനഭംഗിയുമായി സംഗീതലോകത്തേയ്ക്ക് ചിറകടിച്ചുയരുന്ന ഒരു പതിനൊന്നുകാരി. വളരെ മനോഹാരിതയോടെ, അതിനേക്കാളുപരി വരികൾ പകരുന്ന ആത്മീയത കേൾവിക്കാരനു പകരുന്ന ആ കുഞ്ഞുപാട്ടുകാരി തന്റെ സംഗീതജീവിതം ലോകത്തിനു മുന്നിൽ തുറന്നത് ഹെർഷേൽസ് മ്യൂസിക് വിങ്‌സ് എന്ന യുട്യൂബ് ചാനലിലൂടെയും. പാശ്ചാത്യസംഗീതം പഠിച്ചിട്ടില്ലെങ്കിലും തനിയെ പഠിച്ചു പാടിയ ആ പാട്ട് കേട്ട്, കുട്ടിയെ താൻ പാശ്ചാത്യസംഗീതം പഠിപ്പിച്ചോളാം എന്നു പറഞ്ഞ് അധ്യാപകർ തേടിയെത്തി. ആ അത്ഭുത പ്രതിഭയാണ് ഹർഷേൽ മറിയം ഗ്ലാഡി. ഈ കുഞ്ഞുമിടുക്കിയുടെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് അമ്മ എയ്മി.

ഹൈദരാബാദ് ഡിആർഡിഒ-യുടെ ടൗൺഷിപ്പിലാണ് എയ്മിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ഗ്ലാഡി കുര്യൻ എബ്രഹാം നേവിയിൽ കമാൻഡർ ആണ്. ഇവരുടെ മൂന്നു മക്കളിൽ ഇളയ ആളാണ് ഹെർഷേൽ എന്ന ആറാം ക്ലാസുകാരി. വെള്ളിയാഴ്ചയായിരുന്നു ഹെർഷേലിന്റെ പതിനൊന്നാം പിറന്നാൾ. തന്റെ സ്വരമാധുര്യം കൊണ്ട് മനസുകൾ കീഴടക്കുന്ന കുഞ്ഞുമിടുക്കിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി അമ്മ വാചാലയായി…

ഹർഷേലിന്റെ അപ്പ സ്‌കൂളിൽ പഠിക്കുമ്പോൾ പാട്ടുമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ വലിയ സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബം. അതിനാൽ തന്നെ കുഞ്ഞിൽ സംഗീതാഭിരുചി ഉള്ളതായി മാതാപിതാക്കൾ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ഇടയ്ക്കിടെയുള്ള ഹെൽഷേലിന്റെ പ്രവർത്തികളിൽ നിന്ന് കുഞ്ഞിന് താളബോധം ഉണ്ടെന്ന് അച്ഛന് മനസ്സിലായിരുന്നു; എയ്മിയോട് അത് വെളിപ്പെടുത്തുകയും ചെയ്തു. ഇടയ്ക്കുള്ള സമയങ്ങളിൽ ഹെർഷേലിനെ ശ്രദ്ധിച്ച എയ്മി അവൾ തനിയെ പഠിച്ച പാട്ടുകൾ പാടുന്നതായും അത് മനോഹരമായതായും ശ്രദ്ധിക്കാതിരുന്നില്ല. ഈ സമയം സൂററ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെ ഇടവക പ്രവർത്തനങ്ങളിൽ വളരെ സജീവമായി നിന്നിരുന്നു. ഒപ്പം കുട്ടികളെയും ദൈവാലയ കാര്യങ്ങളിൽ സജീവമാക്കുവാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മകൻ ഗബ്രിയേൽ, പള്ളിയിൽ സീറോ മലബാർ കുർബാനയ്ക്കു ലൈവ് ആയി കീ ബോർഡ് വായിച്ചിരുന്നു. അങ്ങനെ ഒരിക്കൽ മലയാളം കുർബാനയ്ക്കായി ഗബ്രിയേൽ കീ ബോർഡ് വായിക്കാനായി വീട്ടിൽ പ്രാക്‌റ്റിസ് നടത്തുന്ന സമയം, ഹെർഷെലും ചേട്ടനൊപ്പം ചേർന്ന് പാട്ട് പാടിക്കൊടുത്തു. അന്നാണ് ഹെൽഷേലിന്റെ സംഗീതവാസന വീട്ടുകാർ തിരിച്ചറിയുന്നത്. കുഞ്ഞിലേ അവളിലെ കഴിവിനെ തിരിച്ചറിഞ്ഞ മാതാപിതാക്കൾ വൈകാതെ തന്നെ സംഗീതം പഠിപ്പിക്കുവാൻ അവളെ ചേർക്കുകയും ചെയ്തു.

അങ്ങനെ കർണ്ണാടക സംഗീതം പഠിപ്പിക്കുവാൻ ചേർത്തു. എന്നാല്‍ അത് പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സൂററ്റിൽ നിന്നും ഹൈദരാബാദിൽ എത്തിയപ്പോൾ ഹെർഷേലിനെ അടുത്തുള്ള മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻ ചർച്ച് ദൈവാലയത്തിൽ ഗായകസംഘത്തോടൊപ്പം ചേർത്തുനിർത്തുവാനും മറ്റും എയ്മി ശ്രദ്ധിച്ചിരുന്നു. ഹൈദരാബാദിൽ എത്തിയപ്പോൾ ഹെർഷേലിനെ സംഗീതം പഠിപ്പിക്കുവാൻ ആളെ തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും മകൾക്ക് പാട്ടു പാടുന്നതിനും പഠിക്കുന്നതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് ലോക്ക് ഡൌൺ വരുന്നത്. വീട്ടിൽ തന്നെ ഇരുന്ന സമയം. ഈ സമയത്താണ് ഹെർഷേൽസ് മ്യൂസിക് വിങ്‌സ് എന്ന യുട്യൂബ് ചാനൽ തുടങ്ങുന്നതും ഹെർഷേലിന്റെ ആദ്യത്തെ പാട്ട് അതിൽ അപ്‌ലോഡ് ചെയ്യുന്നതും. തന്നെ പഠിച്ചു പാടിയ ഒരു ഇംഗ്ലീഷ് ഭക്തിഗാനം. കുഞ്ഞിന്റെ പാട്ട് ഇഷ്ടപ്പെട്ട, ഒരു വെസ്റ്റേൺ വോക്കൽ പഠിപ്പിക്കുന്ന തോമസ് എന്ന അധ്യാപകൻ ഈ പാട്ട് കേട്ട് വിളിക്കുകയും കുട്ടിയെ സംഗീതം പഠിപ്പിക്കാം എന്നു പറയുകയും ചെയ്തു. അങ്ങനെയാണ് ഹെർഷേലിനെ വെസ്റ്റേൺ വോക്കൽ പഠിപ്പിക്കുവാൻ തുടങ്ങിയത്. കൂടാതെ ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്.

പള്ളിയിൽ കൂടാതെ, സ്‌കൂളിലും സംഗീതരംഗത്ത് സജീവമായി നിൽക്കുകയാണ് ഹെർഷേൽ. സൂററ്റിൽ ആയിരുന്നപ്പോൾ റയൻ ഇന്റർനാഷണൽ സ്കൂളിൽ നൈറ്റിംഗ്ഗെയിൽ അവാർഡ് ഹെർഷേൽ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പഠിക്കുന്ന ഡിഎവി സ്കൂളിലും ഹെർഷേൽ വളരെ ആക്റ്റീവ് ആണ്.

ഹെർഷെലിന്റെ സംഗീതജീവിതത്തിലേയ്ക്കുള്ള കടന്നുവരവിന് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഹെർഷേലിനെ ഗായകസംഘത്തോടൊപ്പം ചേര്‍ത്തുനിർത്തുവാനും മറ്റും എയ്മി ശ്രദ്ധിച്ചിരുന്നു. ഹെർഷേലിന്റെ പാട്ടുകൾ ഷൂട്ട്‌ ചെയ്യുന്നതും മറ്റും അമ്മ എയ്മി ആണ്; എഡിറ്റിംഗ് ചെയ്യുന്നത് സഹോദരൻ ഗബ്രിയേലും. ഗബ്രിയേലിന്റെ കലാവാസനകൾ സംഗീതോപകരണങ്ങളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അലെഗ്രോ സ്കൂൾ ഓഫ് മ്യൂസിക് അടാജൻ സൂറത്തിൽ നിന്നും ലണ്ടനിലെ ട്രിനിറ്റി കോളേജിന്റെ ഇലക്ട്രോണിക് കീ ബോർഡിൽ ഗ്രേഡ് 8 ഡിസ്റ്റിങ്ഷനോടെ പാസായ ആളാണ് ഗബ്രിയേൽ.  രണ്ടാമത്തെ ആൾ മിഷേൽ നല്ലൊരു ഡാൻസുകാരി കൂടെയാണ്. https://www.youtube.com/channel/UCfhczXtTbMK0UGiKuHeeAlw

ഇതു കൂടാതെ, കുട്ടികളുടെ വിശ്വാസപരമായ കാര്യങ്ങളിലും അമ്മ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ മതബോധന കാര്യങ്ങൾ കുറച്ചു കൂടെ ശ്രദ്ധിക്കുന്നതിനായി ഇപ്പോൾ ആയിരിക്കുന്ന ദൈവാലയത്തിൽ മതാധ്യാപികയായി പ്രവർത്തിക്കുവാനും ഈ ‘അമ്മ മടികാണിച്ചില്ല. നാട്ടിൽ ഒരു ഗവണ്മെന്റ് സ്‌കൂളിലെ അധ്യാപികയായിരുന്നു എയ്മി. കുട്ടികളോടും കുടുംബത്തോടുമൊപ്പം ആയിരിക്കുന്നതിനായാണ് ലീവ് എടുത്തത്. ഒപ്പം നല്ലൊരു എഴുത്തുകാരി കൂടെയാണ് എയ്മി. ഇന്ന് കുടുംബത്തോടൊപ്പം ഈ അമ്മ തിരക്കിലാണ്. കുഞ്ഞുങ്ങളുടെ ആത്മീയവും ഭൗതികവുമായ കഴിവുകളെ വളർത്തിക്കൊണ്ടു വരുന്നതിനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഇവർ.

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.