നൈജീരിയന്‍ ബിഷപ്പിന് ‘ഹീറോ ഓഫ് പീസ് അവാർഡ്’

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ മാതൃകാപരമായ പ്രവർത്തനത്തിന് യോല രൂപതയുടെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയ്ക്ക് ‘ഹീറോ ഓഫ് പീസ് അവാർഡ്’ ലഭിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും സമാധാനം പ്രോത്സാഹിപ്പിക്കുന്ന നൈജീരിയ ആസ്ഥാനമായുള്ള സോവേഴ്‌സ് ഇന്റർനാഷണൽ എന്ന ക്രിസ്ത്യൻ സംഘടനയാണ് അന്താരാഷ്ട്ര സമാധാന ദിനമായ സെപ്റ്റംബര്‍ 21-ന് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അദമാവ സംസ്ഥാനത്തിലെ വളരെ പ്രയാസകരമായ കാലഘട്ടത്തിൽ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഉന്നമനത്തിനായി നിരവധി സംഭാവനകളും പിന്തുണയും നൽകിയ വ്യക്തിയാണ് അമ്പതുകാരനായ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ. 2011-ൽ അദമാവ സംസ്ഥാനത്തെ നൈജീരിയൻ ക്രിസ്ത്യൻ അസോസിയേഷൻ (സിഎഎൻ) പ്രസിഡന്റ് കൂടിയായ ഫാ. മംസ, ബോക്കോ ഹറാം തീവ്രവാദികള്‍ സംസ്ഥാനം ആക്രമിച്ച കാലഘട്ടത്തിലാണ് ബിഷപ്പായി നിയമിക്കപ്പെട്ടത്.

“ഇത് അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനമാണ്. കാരണം, സമാധാനം നഷ്ടമായ വളരെ ദുർബലമായ സമയങ്ങളിലും സമുദായസംഘർഷങ്ങളും രാഷ്ട്രീയപ്രതിസന്ധികളും രൂക്ഷമായ ഒരു സാഹചര്യത്തിലും അദ്ദേഹം അദമാവയിലെ ജനങ്ങളോടൊപ്പം നിന്നു. അദ്ദേഹം സമാധാനത്തിന്റെ വക്താവാണ്‌. ആത്മാർത്ഥത, ഉത്സാഹം, സമഭാവന, ദൈവഭയം എന്നീ സ്വഭാവഗുണങ്ങള്‍ ആളുകള്‍ക്കിടയില്‍ അദേഹത്തെ പ്രിയങ്കരനാക്കി” – സോവേഴ്‌സ് ഇന്റർനാഷണൽ പാസ്റ്ററും പ്രസിഡന്റുമായ നിക്കോഡെമസ് ഒസുമ്പ പറഞ്ഞു.

അദമാവ സംസ്ഥാനം നിരവധി ആക്രമണങ്ങള്‍ നടക്കുന്ന ഒരു നൈജീരിയന്‍ സംസ്ഥാനമാണ്. 2012 ജനുവരിയിൽ സിവിലിയന്മാർക്കും പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ ഓഫീസുകൾക്കുമെതിരായ തീവ്രവാദികളുടെ ആക്രമണങ്ങൾ 180 പേരുടെ മരണത്തിനിടയാക്കി. 2015 നവംബറിൽ ഒരു മാര്‍ക്കറ്റിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തില്‍ 30-ഓളം പേര്‍ കൊല്ലപ്പെട്ടു. 2016 ഡിസംബറിലുണ്ടായ രണ്ട് ചാവേർ ബോംബ് സ്ഫോടനങ്ങളില്‍ 50 പേരാണ് മരിച്ചത്.

2013-ലെ രൂക്ഷമായ ആക്രമണത്തിന്റെ ഫലമായി നൈജീരിയൻ പ്രസിഡന്റ് അദമാവ, ബൊർനോ, യോബി എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം ബോക്കോ ഹറാം നടത്തിയ ആക്രമണത്തിൽ അദമാവയില്‍ നിന്നും പലായനം ചെയ്തത് നാല് ലക്ഷത്തോളം ആളുകളാണ്.

“ജനങ്ങളുടെ ഇടയില്‍ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പാലം പണിയുവാന്‍ ബിഷപ്പ് മംസ കഠിനമായി പരിശ്രമിച്ചു. ഭരണകൂടത്തെ ശരിയായ പാതയിലും സമാധാനത്തിലും നിലനിർത്താൻ അദ്ദേഹം ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുന്നു. ഒരു യഥാര്‍ത്ഥ സമാധാനവാഹകനാകാന്‍ അദ്ദേഹം എല്ലായ്പ്പോഴും ശ്രമിക്കുന്നു” -ഒസുമ്പ പറഞ്ഞു.

ഈ വര്‍ഷം ആരംഭത്തില്‍, ക്രിസ്ത്യാനികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ശത്രുത സൃഷ്ടിക്കാനും ശ്രമിക്കുന്ന രാഷ്ട്രീയനയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിഷപ്പ് മംസ നൈജീരിയൻ രാഷ്ട്രീയ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.