വസ്ത്രം മാറുമ്പോഴും പ്രാര്‍ത്ഥിക്കാം; പ്രാര്‍ത്ഥന ഇതാ… 

എന്ത് ചെയ്യുമ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ട് ചെയ്യണം കേട്ടോ? പണ്ട് വീടുകളില്‍ മുത്തശ്ശിമാര്‍ പേരക്കുട്ടികള്‍ക്ക് നല്‍കിയിരുന്ന മനോഹരമായ ഒരു ഉപദേശമായിരുന്നു അത്. ആ കാലം കടന്നുപോയി. ഉപദേശിക്കുവാനും ഉപദേശങ്ങള്‍ സ്വീകരിക്കുവാനും ആര്‍ക്കും സമയമില്ലാതായി. എങ്കിലും പ്രാര്‍ത്ഥനയോടെ തുടങ്ങണം എന്ന ആ ഒരു ഉപദേശം എല്ലാ മാതാപിതാക്കളുടെയും നാവില്‍ മക്കള്‍ക്കുള്ള ഒരു ഉപദേശമായി ഇന്നും നിലകൊള്ളുന്നു. ആ നിര്‍ദ്ദേശത്തിന് ഒരുപാട് വിലയുമുണ്ട്.

പ്രാര്‍ത്ഥന – കിടക്കുമ്പോഴും നടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും ഒക്കെ ചൊല്ലാവുന്ന പ്രാര്‍ത്ഥനകള്‍ നമുക്ക് അറിയാം. എന്നാല്‍ വസ്ത്രം മാറുമ്പോള്‍ എന്ത് പ്രാര്‍ത്ഥന ചൊല്ലും? അതിനായി ഒരു പ്രാര്‍ത്ഥനയുണ്ട്. നമ്മുടെ ഉള്ളിലെ തെറ്റുകളെയും പാപകരമായ ശീലങ്ങളെയും ഉരിഞ്ഞുകളയുവാന്‍ ആഗ്രഹിച്ചുകൊണ്ട് വേണം നാം ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടത്. എപ്പോള്‍ പ്രാര്‍ത്ഥന ചൊല്ലിയാലും പ്രാര്‍ത്ഥിച്ചാലും അപ്പോഴൊക്കെ അത് നമ്മുടെയുള്ളിലെ പാപാവസ്ഥകളെ ഇല്ലാതാക്കുവാനും വിശുദ്ധിയില്‍ ജീവിക്കാനുള്ള കൃപ ലഭിക്കുന്നതിനുള്ള ആഗ്രഹവും നമ്മുടെ ഉള്ളില്‍ ഉണ്ടാവണം.

സ്ത്രം മാറുമ്പോള്‍ ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

‘എന്റെ രക്ഷകനായ ഈശോയേ, എല്ലാ പാപങ്ങളില്‍ നിന്നും ആസക്തികളില്‍ നിന്നും എന്നെ രക്ഷിക്കണമേ. എല്ലാവിധ അഹങ്കാരങ്ങളില്‍ നിന്നും ഞാനെന്ന ഭാവത്തില്‍ നിന്നും എന്നെ കരകയറ്റണമേ. എന്നോട് തന്നെയുള്ള സ്‌നേഹത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുന്നതിന് എതിരായി എന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാപങ്ങളില്‍ നിന്നും പാപാവസ്ഥകളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ സ്‌നേഹത്താല്‍ നിറയ്ക്കുകയും എന്നെ ഒരു പുതിയ മനുഷ്യനാക്കുകയും ചെയ്യേണമേ. ആമ്മേന്‍’