നോമ്പുകാലം ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ ദമ്പതികളെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍

നോമ്പുകാലം പ്രാര്‍ത്ഥനയുടെ സമയമാണ്. നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് കൂടുതല്‍ വിശുദ്ധരാകുന്ന നിമിഷങ്ങള്‍. നോമ്പുകാലങ്ങളില്‍ തങ്ങളുടെ കുടുംബങ്ങളെയും മക്കളെയും സമര്‍പ്പിച്ച് കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ കടമയുള്ളവരാണ് ദമ്പതികള്‍. ദമ്പതികള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്. അത് അവരുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിശ്വാസത്തില്‍ ആഴപ്പെടുത്തുകയും ചെയ്യും.

ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്കായി ദമ്പതികളെ സഹായിക്കുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. ഒരു കലണ്ടര്‍ തയ്യാറാക്കാം

നോമ്പുകാലം അതിന്റെ പാതിവഴിയിലേക്ക് കടക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ശ്രമിക്കാം. അതിനായി ഇരുവരും ഒരു കലണ്ടര്‍ തയ്യാറാക്കാം. രണ്ടുപേര്‍ക്കും ഒരുമിച്ച് സ്വസ്ഥമായിരിക്കുവാന്‍ കഴിയുന്ന സമയം ഓരോ ദിവസവും തിരഞ്ഞെടുക്കാം. ഒരു കലണ്ടര്‍ തയ്യാറാക്കി അതില്‍ ഓരോ ദിവസവും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കുറിച്ചുവയ്ക്കാം.

2. ചെറുതായി തുടങ്ങാം

ആദ്യമേ വലിയ പ്രാര്‍ത്ഥനകള്‍ക്ക് തിടുക്കം കൂട്ടണ്ട. ദമ്പതികള്‍ ഒരുമിച്ചിരുന്ന്, ഒരു ജപമാല ചൊല്ലി ആരംഭിക്കാം. പതിയെ അത് കൂടുതല്‍ ശക്തിപ്പെടുത്താം. ബൈബിള്‍ വായനയും വചനം പഠിക്കലുമൊക്കെ അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കാം. എല്ലാ ദിവസവും ഒരേപോലെ ആകണമെന്നില്ല. ചില ദിവസങ്ങളില്‍ ആദ്യത്തെ അത്രയും പ്രാര്‍ത്ഥിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി നിരാശരാകാതെ അടുത്ത ദിവസങ്ങളില്‍ പ്രാര്‍ത്ഥന കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കാം.

3. പ്രാര്‍ത്ഥനാ അനുഭവത്തെക്കുറിച്ച് സംസാരിക്കാം  

ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനാ അനുഭവത്തെക്കുറിച്ച് പരസ്പരം പങ്കുവയ്ക്കാം. പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും ആത്മീയജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ പങ്കുവയ്ക്കാം. ഒരാള്‍ക്ക് പറ്റുന്നതുപോലെ പ്രാര്‍ത്ഥനാ അനുഭവത്തിലേയ്ക്ക് മറ്റെയാള്‍ക്ക് എത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതപങ്കാളിക്ക് സഹായിക്കാം. അങ്ങനെ പരസ്പരം മനസ്സിലാക്കി പ്രാര്‍ത്ഥനയില്‍ മുന്നേറുവാന്‍ ശ്രമിക്കാം.

4. ഇഷ്ടമുള്ള പ്രാര്‍ത്ഥനാരീതി തിരഞ്ഞെടുക്കാം 

നോമ്പുകാലത്ത് പ്രാര്‍ത്ഥിക്കുവാന്‍ പല പ്രാര്‍ത്ഥനകളും സഭയില്‍ ഉണ്ടെങ്കിലും അതുമാത്രമേ പാടുള്ളൂ എന്ന് ഒരിടത്തും പറയുന്നില്ല. ദമ്പതികള്‍ക്ക് കഴിയുന്ന തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ തിരഞ്ഞെടുക്കാം. ഇന്നത് മാത്രം പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന ചിന്തയും പിടിവാശിയും വേണ്ട. തുടക്കദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇരുവര്‍ക്കും, തങ്ങള്‍ക്ക് കൂടുതല്‍ അനുഭവം തരുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനാരീതി ഏതാണെന്ന് കണ്ടെത്തുവാന്‍ കഴിയും. അതനുസരിച്ചു മുന്നോട്ടുപോവുക.

5. പരിശുദ്ധാത്മാവിന്റെ സഹായം തേടാം 

പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവിന്റെ സഹായം തേടാം. തങ്ങള്‍ നിസ്സാരരാണെന്ന് തുറന്നുപറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുവാനും തങ്ങളുടെ മദ്ധ്യേ കടന്നുവരുവാനും പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഈ ഒരു ശീലം ജീവിതത്തിലുടനീളം തുടരുവാനുള്ള അനുഗ്രഹത്തിനായും യാചിക്കാം. അങ്ങനെ ഈ നോമ്പുകാലം നമ്മുടെ ജീവിതപങ്കാളിയുടെ കൈകള്‍ പിടിച്ചുകൊണ്ട് പ്രാര്‍ത്ഥനയുടെ ആഴങ്ങളിലേയ്ക്ക് സഞ്ചരിക്കാം. കര്‍ത്താവില്‍ ശക്തരാകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.