വി. കൊച്ചുത്രേസ്യയുടെ അമ്മ മാതാപിതാക്കൾക്കായി നൽകുന്ന ചില പാഠങ്ങൾ

കത്തോലിക്കാ സഭയിലെ വിശുദ്ധ കുടുംബമാണ് വി. കൊച്ചുത്രേസ്യയുടേത്. ഒരു കുടുംബത്ത വിശുദ്ധമായി നയിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. ആധുനിക കാലഘട്ടത്തിൽ നാം നമ്മുടെ കുടുംബങ്ങളെ ഏറ്റവും വിശുദ്ധമായി മുമ്പോട്ട് നയിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അമ്മമാർ എന്ന നിലയിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉത്തരാവാദിത്വങ്ങൾ ഇപ്പോഴത്തെ തലമുറയിലുണ്ട്. കാരണം ഇന്നത്തെ അമ്മാർ എല്ലാവരും തന്നെ മാതൃത്വം എന്ന വലിയ നന്മയോടൊപ്പം തന്നെ ജോലി ചെയ്യുന്നവരുമാണ്. അവർക്കെല്ലാവർക്കും അനുകരണീയായ ഒരു വ്യക്തിത്വം വർഷങ്ങൾക്കു മുമ്പേ നമുക്ക് ലഭിച്ചിട്ടുണ്ട്. ചെറുപുഷ്പം എന്ന് നാം വിളിക്കുന്ന വി. കൊച്ചുത്രേസ്യയുടെ അമ്മയായ വി. സെലി മാർട്ടിൻ.

ജോലി ചെയ്തുകൊണ്ട് ഉത്തരവാദിത്വപൂർവ്വം കുടുംബത്തെ വിശുദ്ധിയിലേക്ക് ആനയിച്ച ഈ അമ്മ എക്കാലവും മാതൃകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധയുടെ അമ്മയിൽ നിന്ന് പഠിക്കുവാൻ നിരവധി നല്ല പാഠങ്ങളുണ്ട്. അവ വായിച്ചറിയാം…

1. മാതൃത്വവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുവാൻ വിളി ലഭിച്ചിരിക്കുന്ന അമ്മമാർ

മക്കളെ വിശുദ്ധരായി വളർത്തണമെങ്കിൽ പൂർണ്ണമായും വീട്ടിലിരിക്കുന്ന ഒരു അമ്മ ആയിരിക്കണമെന്നുണ്ടോ? എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ്. വി. സെലി മാർട്ടിൻ ഒരു മുഴുവൻ സമയ കുടുംബിനി മാത്രമല്ലായിരുന്നു. സ്വന്തമായി ബിസിനസ്സ് നടത്തിയിരുന്ന ഒരു അമ്മ കൂടിയായിരുന്നു അവർ.

വിവാഹത്തിനു മുമ്പു തന്നെ വസ്ത്രനിർമ്മാണ രംഗത്ത് സ്വന്തമായ ഒരു വ്യക്തിത്വം അവർ ഉണ്ടാക്കിയെടുത്തിരുന്നു. വിവാഹിതയായതിനു ശേഷവും അമ്മയായതിനു ശേഷവും അവർ വീട്ടിലിരുന്നു കൊണ്ടു തന്നെ ജോലി ചെയ്യുന്നത് തുടർന്നു. സെലിനെ ബിസിനസ്സിൽ സഹായിക്കുന്നതിനായി വി. കൊച്ചുത്രേസ്യയുടെ പിതാവ് ലൂയി മാർട്ടിൻ തന്റെ വാച്ച് നിർമ്മാണ കട വിറ്റിരുന്നു.

2. എല്ലാം ചെയ്യുന്നതിന് സഹായം ആവശ്യമാണ്

വിശുദ്ധരുടെ അമ്മയാണെങ്കിലും അവർക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുകയില്ല. അവർക്കും മറ്റുള്ളവരുടെ സഹായങ്ങൾ ആവശ്യമാണ്. അവരുടെ കുടുംബജീവിതത്തിലും ബിസിനസ്സിലും പുറത്തു നിന്ന് സഹായത്തിനായി ആളുകളെ നിയോഗിച്ചിരുന്നു. കുട്ടികളെ ശുശ്രൂഷിക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനുമായി സെലി, ലൂയി എന്ന ഒരു ജോലിക്കാരിയെ നിയോഗിച്ചിരുന്നു.

ഒരു ബിസിനസ്സ് ഉടമയെന്ന നിലയിൽ 15 ജോലിക്കാരെയും അവർ നിയോഗിച്ചിരുന്നു. ഈ ജോലിക്കാർ അവരുടെ വ്യക്തിപരമായും തൊഴിൽപരമായ കാര്യങ്ങളിലും സെലിയുടെ നിർദ്ദേശങ്ങൾ പാലിച്ചുപോന്നു. മടക്കിവയ്ക്കാനുള്ള തുണിയെക്കുറിച്ചോ, പാത്രങ്ങൾ നിറഞ്ഞിരിക്കുന്ന കിച്ചൻ സിങ്കിനെക്കുറിച്ചോ ഇനി നിങ്ങൾക്ക് ആകുലത വേണ്ട. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തുതീർക്കുന്ന മിടുമിടുക്കിയായ ഒരു അമ്മ ആയതിൽ നിങ്ങൾ അഭിമാനിക്കുക. എങ്കിലും സഹായം ആവശ്യമുള്ളിടത്ത് തീർച്ചയായും നിങ്ങൾക്ക് അത് ആവശ്യപ്പെടാവുന്നതാണ്.

3. അമ്മമാർക്ക് അല്പം കളിതമാശയൊക്കെ ആകാം

ദൈവം ഈ ലോകം നമുക്കു വേണ്ടി സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ അതിലെ എല്ലാ കാര്യങ്ങളും അറിയാനും ആസ്വദിക്കാനും അവിടുന്ന് നമ്മെ അനുവദിച്ചിരിക്കുന്നു. വി. സെലി ഇടയ്ക്കിടെ തമാശകൾ പറയാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനായി അവർ വീട്ടിലെ എല്ലാവരെയും പ്രോത്സാഹിപ്പിച്ചിരുന്നു. കുട്ടികളും അങ്ങനെ തന്നെ ആണെന്ന് അവർ ഉറപ്പു വരുത്തിയിരുന്നു. ‘നാം ഒന്നിലും അടച്ചിടപ്പെടേണ്ടതല്ലെന്ന്’ അവർ എപ്പോഴും പറയുമായിരുന്നു.

4. ഇടവേള ആവശ്യമാണ്

നമുക്കെല്ലാവർക്കും ഇടയ്ക്കിടെ ഒരു ഇടവേള ആവശ്യമാണ്. സെലി തന്റെ കുടുംബത്തിന് അയച്ച കത്തിൽ ഉച്ചക്കു ശേഷം അവർ ഉറങ്ങാൻ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. “ഞാൻ വിശ്രമത്തിനായി കൊതിക്കുന്നു. അതില്ലാതെ പോരാടാനുള്ള ധൈര്യം എനിക്കില്ല’ എന്ന് അവർ വിശദമാക്കുന്നുണ്ട്. കൃത്യമായ വിശ്രമം എല്ലാ അമ്മമാർക്കും ആവശ്യമാണ്.

5. നിങ്ങളെ തകർക്കുന്ന ചെറിയ കാര്യങ്ങളെ നേരിടാം

ജീവിതത്തിൽ സംഭവിക്കുന്ന വലിയ വലിയ അപകടങ്ങളെ ചിലപ്പോൾ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ നമുക്ക് സാധിക്കാറുണ്ട്. എന്നാൽ കുട്ടികൾ തമ്മിൽ വഴക്കടിക്കുമ്പോഴോ, വീട് വൃത്തികേടായി കിടക്കുമ്പോഴോ ഒക്കെ നാം പരിധിയിൽ കൂടുതൽ നിരാശരാകാറുണ്ട്. വി. സെലിക്കു പോലും അത് അനുഭവപ്പെട്ടിരുന്നു.

സെലി പറയുന്നു: “ഞാൻ ഏറ്റവും വിഷമിക്കുന്നത് ചെറിയ കാര്യങ്ങളിലാണ്. യഥാർത്ഥ ദൗർഭാഗ്യം വരുമ്പോൾ ഞാൻ ദൈവത്തിന്റെ സഹായത്തിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു.” കൊച്ചുകൊച്ചു പ്രശ്നങ്ങൾ വരുമ്പോൾ ഉള്ളിലെ ദൈവികത പൊയ്‌പ്പോകുന്നതായി അനുഭവപ്പെടാറുണ്ടെങ്കിൽ ഭയപ്പെടേണ്ട, ആരും പൂർണ്ണരല്ലെന്നു മനസിലാക്കുക.

6. അമ്മമാർക്ക് അവരുടെ താത്‌പര്യങ്ങളെ പ്രകടിപ്പിക്കാം

മാതൃത്വത്തിനപ്പുറം മറ്റൊരു വിളി നിങ്ങൾക്കുണ്ടെങ്കിൽ അത് വളരെ നല്ലതാണ്. ഉത്തരവാദിത്വങ്ങൾ അല്പം കൂടുതൽ ഉണ്ടെങ്കിൽപോലും നിങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് അഭിമാനകരമായ ഒന്നാണ്; സെലിയും അങ്ങനെയായിരുന്നു. ദൈവം അവർക്കായി നൽകിയ ഉത്തരവാദിത്വങ്ങളോടൊപ്പം അവരുടെ ജോലിയെയും അവർ ഇഷ്ടപ്പെട്ടിരുന്നു. തന്റെ 41 -ആം വയസ്സിൽ ഒൻപതാമത്തെ മകളായ കൊച്ചുത്രേസ്യക്ക് ജന്മം കൊടുത്തെങ്കിൽ കൂടിയും അവർ തന്റെ ജോലിയിൽ നിന്ന് വിരമിച്ചിട്ടില്ലായിരുന്നു.

വിശുദ്ധ കുടുംബത്തിന്റെ വളർച്ചയിലും പൂർത്തീകരണത്തിലും ഈ സാധാരണക്കാരിയായ വിശുദ്ധയായ അമ്മ നമുക്കു നൽകുന്ന പാഠങ്ങൾ വളരെ വലുതാണ്. ഇത്രയധികം തിരക്കുകളുള്ള ഒരു അമ്മയുടെ കുടുംബത്തിലെ എല്ലാവരും തന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിൽ നാം എന്തിന് ആശങ്കപ്പെടണം. നമുക്കും നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ട് മക്കളെ വിശുദ്ധരായി വളർത്താൻ സാധിക്കുന്നതേയുള്ളൂ. ഈ വിശുദ്ധർ നമ്മെ അനുഗ്രഹിക്കട്ടെ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.