തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി ദമ്പതികൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

ദമ്പതികൾ എന്ന നിലയിൽ ഒരുമിച്ചുള്ള തീരുമാനത്തിന് വളരെ പ്രാധാന്യമുണ്ട്. ഒരു തീരുമാനം എടുക്കുന്നത് പരസ്പരമുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ടും സഹകരണമനോഭാവത്തോടെയും ആയിരിക്കണം. ഏതെങ്കിലുമൊരു കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥ ചിലപ്പോൾ ഉത്കണ്ഠയിലേക്കു നയിച്ചേക്കാം.

ഒരു പ്രശ്നത്തിൽ തീരുമാനമെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം ഏകപക്ഷീയമായി മാറുന്ന ഘട്ടത്തിലേക്ക് പോകാതെ ശ്രദ്ധിക്കണം. അത് പിന്നീട് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാം. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മൂലം പൊരുത്തക്കേടുകൾ ഉണ്ടാകാം. എന്നാൽ, ആ തീരുമാനം ദമ്പതികൾ പരസ്പരം എങ്ങനെ മനസിലാക്കിയെടുക്കണം എന്നതിനു സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ ഇതാ…

1. തിരഞ്ഞെടുപ്പിൽ വിവേകം കാണിക്കുക

നിങ്ങളുടെ തീരുമാനവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ശേഖരിക്കുക. ലഭ്യമായ വിവരങ്ങൾ വായിക്കുക, ആവശ്യത്തിന് അറിവുകൾ ശേഖരിക്കുക, ചോദ്യങ്ങൾ ചോദിക്കുക, മറ്റുള്ളവരുമായി കൂടിയാലോചിക്കുക. ചിലപ്പോൾ മറ്റുള്ളവരുടെ അനുഭവങ്ങൾ നമുക്ക് കൂടുതൽ പ്രചോദനമായേക്കാം.

നമ്മുടെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നവരോടു മാത്രം സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചോദ്യം ചെയ്യപ്പെടുന്ന പ്രശ്നത്തെക്കുറിച്ച് അറിവുള്ള ആളുകളെയും നിങ്ങൾക്ക് വസ്തുനിഷ്ഠമായ ഒരു വീക്ഷണം നൽകാൻ കഴിയുന്നവരെയും തിരഞ്ഞെടുക്കുക.

2. സമയപരിധി ക്രമീകരിക്കുക

ഒരു തീരുമാനം എടുക്കുന്ന സമയപരിധി നിശ്ചയിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ തിരക്ക് കൂട്ടരുത്; എന്നാൽ നീട്ടിവയ്ക്കുകയുമരുത്. തീരുമാനത്തിനായി ഒരു നിശ്ചിതസമയവും ഒരു പ്രത്യേക ദിവസവും സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ എല്ലാം വ്യക്തമാകണമെന്നില്ല. ഒരു പരിധി നിശ്ചയിക്കുകയും എല്ലാം നിയന്ത്രിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുകയും വേണം. ഭയമില്ലാതെ, ആ സമയത്ത് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനം എടുക്കുക.

3. ഒരുമിച്ച് പ്രാർത്ഥിക്കുക

വിവാഹമെന്ന കൂദാശ സ്വീകരിക്കുക എന്നതിനർത്ഥം നിങ്ങളുടെ ദാമ്പത്യബന്ധത്തിന്റെ കേന്ദ്രബിന്ദുവാകാൻ ദൈവത്തെ ക്ഷണിക്കുക എന്നാണ്. തീരുമാനമെടുക്കൽ പ്രക്രിയയിൽ ദൈവത്തോട് സഹായം ചോദിക്കുന്നത് ദമ്പതികളെന്ന നിലയിൽ നിങ്ങൾക്ക് വ്യക്തതയും ശക്തിയും നൽകും; വിശ്വാസം അടിസ്ഥാനപരമാണ്.

ദൈവത്തിന്റെ സാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് നമ്മുടെ അഭിരുചിക്കനുസരിച്ചല്ല വേണ്ടത്. മറിച്ച് ദൈവഹിതം ചെയ്യാൻ ശ്രമിക്കുന്നതിലൂടെ നാം ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. ദൈവം നിങ്ങളെ പ്രബുദ്ധരാക്കാനും മികച്ചത് അന്വേഷിക്കാൻ നിങ്ങളെ നയിക്കാനും പ്രാർത്ഥിക്കുക. കൂടാതെ, നിങ്ങൾ ചിന്തിക്കുമ്പോൾ ദൈവത്തോട് ചോദിക്കുക: “ഈ തീരുമാനത്തിലൂടെ ഞങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോ? ഞങ്ങളിൽ നിന്ന് എന്ത് പ്രതികരണമാണ് അങ്ങ് പ്രതീക്ഷിക്കുന്നത്? ഞങ്ങളുടെ തീരുമാനം അങ്ങയെ തൃപ്തിപ്പെടുത്തുന്നുണ്ടോ?” ഇപ്രകാരം ദൈവത്തോടും ആലോചന ചോദിക്കുക.

4. ‘കൂട്ടുത്തരവാദിത്വം’ ആണെന്ന് മനസിലാക്കുക

ദമ്പതികൾ എന്ന നിലയിൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ കൂട്ടുത്തരവാദിത്വത്തിൽപെടുന്നു എന്ന് മനസിലാക്കുക. അല്ലെങ്കിൽ പരസ്പരം പഴിചാരലോ, കുറ്റപ്പെടുത്തലുകളോ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും.

ദമ്പതികൾ വ്യത്യസ്‌ത ആവശ്യങ്ങളും ആഗ്രഹങ്ങളുമുള്ള വ്യത്യസ്ത വ്യക്തികളാണ്. അതിനാൽ എല്ലാ തീരുമാനങ്ങളിലും നിങ്ങൾ എപ്പോഴും യോജിക്കണമെന്നില്ല. ഇതിനർത്ഥം പല കാര്യങ്ങളിലും പരസ്പരം വിട്ടുവീഴ്ച്ചാ മനോഭാവവും ക്ഷമയും ജീവിതത്തിൽ സ്വീകരിക്കേണ്ടി വരും എന്നാണ്.

നിങ്ങൾ ഓരോരുത്തരും സ്വയം ഒരു ചോദ്യം ചോദിക്കണം: ഈ തീരുമാനം ഞങ്ങൾക്ക് മികച്ചതാണോ, അതോ എനിക്ക് മാത്രമാണോ? തീരുമാനങ്ങൾക്കിടെ നിങ്ങളുടെ ബന്ധത്തിലെ പരസ്പരധാരണയിലും ഐക്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമാണ്.

5. നിങ്ങളുടെ തീരുമാനങ്ങൾ വീണ്ടും വിലയിരുത്തുക

നിങ്ങളുടെ മുൻകാല സുപ്രധാന തീരുമാനങ്ങൾ കാലാകാലങ്ങളിൽ വിലയിരുത്തുക. നല്ലതല്ലാത്ത തീരുമാനങ്ങൾ മുൻപ് എടുത്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുക. അവയിൽ വന്നുപോയ പാളിച്ചകൾ തിരുത്താൻ ശ്രമിക്കുകയും അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ മുൻകാല തീരുമാനമെടുക്കൽ പ്രക്രിയകളും അവലോകനം ചെയ്യുക. എന്താണ് പ്രവർത്തിക്കുന്നത്, എന്താണ് പ്രവർത്തിക്കാത്തത്, ഈ പ്രക്രിയയ്ക്കിടെ നിങ്ങളുടെ ശക്തിയും ബലഹീനതകളും എന്തായിരുന്നു, അവയിൽ നിന്ന് നിങ്ങൾക്ക് എന്താണ് പഠിക്കാനാവുക എന്നിവ ഇത് നിങ്ങളെ പഠിപ്പിക്കും.

തുറന്ന മനസ്സോടെയും സത്യസന്ധതയോടെയും വിശ്വാസത്തോടെയും ഒരു തീരുമാനമെടുത്താൽ കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന് ഓർമ്മിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.