
ഒരു കട്ടന്‍… രണ്ടു പരിപ്പ് വട…
“അവിടെ രണ്ട് പരിപ്പ് വട കൊടുക്ക്,” ശബ്ദം കേട്ട ഉടനെ ഒരു ആണ്‍കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു പെണ്‍കുട്ടി രണ്ട് പരിപ്പ് വടയുമായി വന്നു ശബ്ദത്തിന്റെ ഉടമയ്ക്ക് നല്കി. പിന്നെ ധൃതിയില്‍ അകത്തേക്ക്. പിന്നാലെ ഒരു ആണ്‍കുട്ടിയും വന്നു, ചായ നല്കി, പിന്നെ അകത്തേക്ക് പോയി. അപ്പോഴാണ് ശ്രദ്ധിച്ചത്, ചായ നല്കിയ ആണ്‍കുട്ടിയും മുമ്പ് വന്ന പെണ്‍കുട്ടിയും ഒക്കെ ഒരേപോലത്തെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കടമുറിയിലും അങ്ങ്-ഇങ്ങായി കുട്ടികള്‍ നില്‍പ്പുണ്ട്. ഇതേ കുപ്പായം തന്നെ! ഇതിപ്പോ ഇത്രയും ചെറിയ ചായക്കടയില്‍ വരെ യുണിഫോം ആയോ? മറ്റൊന്ന് കൂടി അപ്പൊഴ് ശ്രദ്ധിച്ചു, എല്ലാവരും സമ-പ്രായക്കാരാണ്. ഏതാണ്ട് ഒരു 15-16 വയസ്സ് കാണും. ശെടാ ഇത് എന്തൊരു കൂത്താണ്. ഇത്, ചായകട തന്നെയല്ലേ എന്ന് ആരും ഒന്ന് ആലോചിച്ചു പോകും.
അതെ, ചായക്കട തന്നെയാണ്. ഇങ്ങ് തൃശൂരിലെ ക്ടാക്കള് നടത്തുന്ന അസല്‍ ചായക്കട. ഈ പഠിക്കാന്‍ പോകുന്ന ക്ടാക്കള് ഒക്കെ എന്തിനാണ് ഇപോ ഇങ്ങനെ ഒരു കട നടത്തുന്നത് എന്ന് ചോദിക്കാന്‍ വരട്ടെ, പറയാം.
ഈ ചായക്കട തൃശൂര്‍ പൂമല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയാണ്. പേര് ‘കൈരളി വിലാസം കാപ്പി ക്ലബ്.’ കുറച്ചു ദിവസങ്ങള്‍ മുമ്പ് ആരംഭിച്ച ഒരു കുഞ്ഞന്‍ സംരംഭം. ഈ പഠിക്കുന്ന പിള്ളേരൊക്കെ എന്തിനാണ് കാപ്പിക്കട നടത്തുന്നത് എന്ന് അല്ലേ? സഹായിക്കാന്‍. പ്രളയ ബാധിതരെ സഹായിക്കാന്‍ ഉള്ള പണം കണ്ടെത്താന്‍ ഉള്ള മാര്‍ഗമാണ് ഈ കുഞ്ഞന്‍ ചായക്കട. സ്കൂളിന്റെ തന്നെ എതിര് വശത്തുള്ള ഒരു വീട്ടിലാണ് ചായക്കട നടത്തുന്നത്.
പ്രളയ ബാധിതരെ സഹായിക്കാന്‍ എങ്ങനെ സാധിക്കും എന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ ആശയം സ്കൂളിന്റെ മാനേജ്മന്റ് മുന്നോട്ട് വയ്ക്കുന്നത്. പിന്നെ ഒട്ടും വൈകിയില്ല, കുട്ടികള്‍ അങ്ങ് തുടങ്ങി. ചായ, കട്ടന്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളും പരിപ്പ് വട, ഉള്ളി വട, പഴംപൊരി, ഉഴുന്ന് വട തുടങ്ങിയ പലഹാരങ്ങളും ഇവിടെ വില്‍ക്കുന്നുണ്ട്. സാധാരണ കടയിലെ പോലെ തന്നെയാണ് വിലയും. എന്നാല്‍ എട്ടു രൂപ ഉള്ള ഒരു ചായ നല്കുമ്പോള്, പത്തു രൂപ പലരും നല്‍കും. ബാക്കി വാങ്ങാന്‍ നില്‍ക്കാതെ അവര്‍ മടങ്ങും. കുട്ടികളെ സഹായിക്കാന്‍ തന്നെ! ഓരോ കുട്ടികളും രാവിലെയും വൈകിട്ടും മാറി മാറി കടയില്‍ എത്തും. ചായയും പലഹാരവും ഒക്കെ വിളമ്പും. നാട്ടുകാരും സംരംഭത്തിന് പൂര്‍ണ പിന്തുണയുമായി എത്തി. കുട്ടികള്‍ ഇത്രയും ചെയ്യുമ്പോള്‍ നമ്മള് അവരെ പ്രോത്സാഹിപ്പിക്കുക എങ്കിലും വേണ്ടേ എന്നാണ് അവരുടെ ചോദ്യം.