സ്വർഗ്ഗം തോൽക്കും നാടോ…?

ഫാ. ഷീൻ പാലക്കുഴി

ഫാ. ഷീൻ പാലക്കുഴി

രംഗം 1

ഒരു മാസം മുമ്പാണ്. വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്കു വേണ്ടി തൊട്ടടുത്ത ദേവാലയത്തിലേക്കു തിടുക്കത്തിൽ പോവുകയാണ്. പുരോഹിത വേഷത്തിൽ ബൈക്കിലാണ് യാത്ര. ബാലരാമപുരം കാട്ടാക്കട റോഡിലുള്ള റെയിൽവേ ക്രോസ് കടന്നു വേണം പോകാൻ. അവിടെയെത്തിയപ്പോൾ ട്രെയിൻ കടത്തിവിടാൻ വേണ്ടി ഗേറ്റടച്ചു കഴിഞ്ഞിരുന്നു. തിരക്കുള്ള സമയമായതിനാൽ വാഹനങ്ങൾ ഉറുമ്പിൻ കൂട്ടങ്ങൾ പോലെ ചുറ്റും വന്നു നിറഞ്ഞു. ബൈക്ക് യാത്രികരാണ് അധികവും. വാഹനങ്ങൾ ഓഫാക്കി അക്ഷമയോടെ കാത്തിരിക്കുകയാണ് എല്ലാവരും.

പെട്ടന്നാണ് എനിക്കു തൊട്ടു പിന്നിൽ നിന്ന് രണ്ടു പേരുടെ സംഭാഷണം ഉയർന്നു കേട്ടത്. ഒരു ബൈക്കിൽ വന്ന രണ്ടുപേർ പരസ്പരം ഉച്ചത്തിൽ സംസാരിക്കുകയാണ്. നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം!

“ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് നമ്മൾ പറയുന്നതുപോലെ കാര്യങ്ങൾ നടക്കണം. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെ വേറെവിടെങ്കിലും പോട്ടെ! പാക്കിസ്ഥാനിൽ ചെന്ന് നമ്മളെന്തെങ്കിലും പറഞ്ഞാൽ അവരംഗീകരിക്കുമോ? ഒരുമിച്ചു കൂട്ടിയിട്ടു കത്തിക്കണം ഇവനെയൊക്കെ! പ്ഫൂ…!”

കൺമുമ്പിൽ ഒരു ളോഹ കണ്ടു കൊണ്ടിരിക്കുന്തോറും അവരുടെ രക്തത്തിൽ മദ്യം തിളച്ചു മറിഞ്ഞു.

“വെള്ളയിട്ട് ഇറങ്ങിയിരിക്കുന്ന ഇവൻമാരു മൊത്തം വെറും കള്ളൻമാരാണെന്നേ. പക്കാ ഫ്രോഡുകള്! പന്ന… മക്കള്! ദൈവവചനം പറയാൻ എറങ്ങിയിരിക്കുന്ന കുഞ്ഞാടുകള്! പെണ്ണുപിടിയും കൂട്ടിക്കൊടുപ്പുമല്യോടാ എവന്റെയൊക്കെ പ്രധാന തൊഴില്. ഹിന്ദുക്കളെ മതം മാറ്റാനെറങ്ങിയിരിക്കുന്ന പുല്ലമ്മാര്!”

പറയുന്നതു മുഴുവൻ എന്നെയാണന്നു വ്യക്തം. ചുറ്റും നിൽക്കുന്ന ആളുകൾ മൊബൈലിൽ തല കുമ്പിട്ടിരുന്ന് തെറി കേട്ടാസ്വദിച്ചതല്ലാതെ ഒറ്റയക്ഷരം മിണ്ടിയില്ല. ട്രെയിൻ വരുന്നതുവരെ അസഹിഷ്ണുതയുടെ അമേദ്യം അവർ വിസർജ്ജിച്ചുകൊണ്ടേയിരുന്നു. ഒന്നും കേൾക്കാത്ത മട്ടിൽ ഞാൻ മുഖം കുനിച്ചിരുന്നു.

ചൂളം വിളിച്ച് തീവണ്ടിയെത്തിയതോടെ ഗേറ്റും പരിസരവും തീവണ്ടിയൊച്ചയാൽ മുഖരിതമായി. അതോടെ പിന്നിൽ നിന്ന് തെറിവിളിയാരംഭിച്ചു. കേട്ടാലറയ്ക്കുന്ന നല്ല പച്ചത്തെറി! മാതാപിതാക്കളെ സ്മരിച്ച് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങും കൂട്ടി പ്രാസമൊപ്പിച്ച് കൊടുങ്ങല്ലൂർ ഭരണി തോറ്റു പോകുന്ന പൂരപ്പാട്ട്! തീവണ്ടിയുടെ ഇരമ്പൽ അവസാനിക്കും വരെ അതു നീണ്ടുപോയി.

ഞാനൊരക്ഷരം മിണ്ടിയില്ല. ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല. ഉള്ളിലുയർന്ന കോപവും താപവും സങ്കടവുമൊക്കെ ഉള്ളിലടക്കി സ്വയം നിയന്ത്രിച്ചു. ക്രോസിംഗ് കഴിഞ്ഞ് ഞാൻ ബൈക്കു നിർത്തി തിരിഞ്ഞു നോക്കിയെങ്കിലും ഈയ്യാംപാറ്റ കണക്കെ ഒഴുകി വന്ന ബൈക്കുകളുടെ നിരയിൽ നിന്ന് എനിക്കവരെ കണ്ടെത്താനായില്ല.

അന്നാദ്യമായി ഇതെന്റെ നാടല്ല എന്നെനിക്കു തോന്നി; അല്ല… എന്റെ നാട് നിശ്ചയമായും ഇങ്ങനെയായിരുന്നില്ല!

ഇതൊക്കെ ഓർമ്മകളിൽ പോലും സൂക്ഷിക്കേണ്ടതില്ലെന്നു കരുതിയതാണ്. എങ്കിലും ചിലതൊക്കെ മറക്കാൻ കഴിയുന്നില്ല. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ എന്നാശ്വസിക്കാം!

രംഗം 2

ബാലരാമപുരത്ത് ഐത്തിയൂർ പ്രദേശത്ത് നമുക്കൊരു കത്തോലിക്കാ പള്ളിയുണ്ട്. 25 കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ ഇടവക. പള്ളിക്ക് രണ്ടു വീട് അപ്പുറത്താണ് ശിവൻകുട്ടിച്ചേട്ടന്റെ വീട്. ഓട്ടോറിക്ഷാ തൊഴിലാളിയാണ്. നല്ല ദൈവ വിശ്വാസിയാണ്. ക്ഷേത്രങ്ങളിലൊക്കെ മുടങ്ങാതെ പോകുന്നയാളാണ്.

കാലപ്പഴക്കത്തിൽ ജീർണ്ണിച്ച പള്ളി മൂന്നു വർഷം മുമ്പ് പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ നാട്ടുകാർക്കൊപ്പം ശിവൻകുട്ടിച്ചേട്ടനും അതിരറ്റു സന്തോഷിച്ചു. പക്ഷെ ആ സന്തോഷം പതിയെ സങ്കടമായി. വീട്ടുമുറ്റത്തെ പള്ളി പുതുക്കിപ്പണിയുമ്പോൾ കൊടുക്കാൻ തന്റെ കയ്യിലൊന്നുമില്ലല്ലോ എന്ന ചിന്തയാണ് ശിവൻകുട്ടിച്ചേട്ടനെ സങ്കടപ്പെടുത്തിയത്. എന്തു ചെയ്യും? ആരുമറിയാതെ പിന്നീടതിനു വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലായിരുന്നു അയാൾ.

എങ്ങനെ പണം കണ്ടെത്തിയെന്നറിയില്ല, പള്ളി കൂദാശയ്ക്കു രണ്ടുനാൾ മുമ്പ് തന്നേക്കാൾ ഉയരമുള്ളൊരു കൽവിളക്കു പണി തീർത്തു കൊച്ചുമകൻ കാശിയുടെ നേർച്ചയായി പള്ളിക്കു കൊടുത്തു ശിവൻകുട്ടി എന്ന മനുഷ്യൻ!

ഒരാഴ്ച മുമ്പ് പള്ളിമേടയിൽ വന്ന് ഒരു കാർഡു വച്ചുനീട്ടി.
“പഴയ വീടും സ്ഥലവും വിറ്റ് പുതിയൊരു സ്ഥലത്ത് ഒരു ചെറിയ വീടുവച്ചു. ജൂലൈ 11 ന് താമസം മാറുന്നു. പാലുകാച്ചിന് അച്ചൻ നിർബന്ധമായും വരണം.”
അതു പറഞ്ഞ് ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. പിന്നെ വിതുമ്പിക്കരഞ്ഞു.
“അച്ചൻ വരാതിരിക്കരുത്. എനിക്കു ക്ഷണിക്കാൻ നിങ്ങളൊക്കെയേ ഉള്ളൂ. ഇനി ഒരിക്കൽ കൂടി ഒരു ചടങ്ങിന് നിങ്ങളെ ക്ഷണിക്കാൻ ഞാനുണ്ടാവുമോന്നറിയില്ല. അച്ചൻ വരണേ…!”

ഒരു കൊച്ചു കുഞ്ഞിനേപ്പോലെ അയാൾ എന്റെ നെഞ്ചിലേക്കു ചാഞ്ഞു.

അയാൾ ഹിന്ദുവാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല; അപ്പനെ കണക്ക് ഒരു മനുഷ്യൻ!

രംഗം 3

ബാലരാമപുരത്തെ സുഹൃത്തുക്കളിൽ ഒരാളാണ് ഫക്കീർ ഖാൻ. ഫക്കീർ ഖാനും പിതാവ് കബീർ സാഹിബും തിങ്കളാഴ്ച ഹജ്ജിനു പോവുകയാണ്. ഇന്നു വൈകിട്ട് അഞ്ചു മണിക്ക് ഫക്കീറിന്റെ വീട്ടിൽ ഒരു പ്രാർത്ഥനയുണ്ടായിരുന്നു.

ഫക്കീർ പലവട്ടം എന്നെ ഫോണിൽ വിളിച്ചു. നേരിട്ടു വന്നു ക്ഷണിച്ചു. വാട്സാപ്പിൽ സന്ദേശങ്ങളയച്ചു. “ഞങ്ങൾ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുകൂടുന്ന ഒരു ചടങ്ങാണ്. ഫാദറിന്റെ സാന്നിദ്ധ്യവും പ്രാർത്ഥനയും വേണം. തീർച്ചയായും വരണം”! ഫക്കീർ നിർബന്ധിച്ചു.

പോകാതിരുന്നെങ്കിൽ ഒരു വലിയ നഷ്ടമായിപ്പോയേനേ എന്നു ചെന്നപ്പോൾ തോന്നി. മുറ്റം നിറയെ അതിഥികൾ. പാച്ചല്ലൂർ അബ്ദുൾ സലാം മൗലവി ഉൾപ്പടെയുള്ള വിശിഷ്ടാതിഥികൾ! കുടുംബാംഗത്തെപ്പോലെ സ്വീകരിച്ചു. സൽക്കരിച്ചു. പ്രാർത്ഥനയ്ക്കിടയിൽ ഒരാശംസയും സന്ദേശവും പറയിച്ചു. അനേകം പേർ വന്നു സന്തോഷം പങ്കുവച്ചു.

കണ്ടാൽ ആരോഗ്യ ദൃഢഗാത്രനായ, കരുത്തുറ്റ ഒരു മനുഷ്യനാണ് കബീർ സാഹിബ്. പക്ഷെ പ്രാർത്ഥനയറിയിച്ച് ആശ്ളേഷിച്ചപ്പോൾ ആ മനുഷ്യന്റെ കണ്ണുകളിലൂറിയ നനവ് ഞാൻ വ്യക്തമായി കണ്ടു!

അയാൾ മുസ്ലീമാണെന്ന് എനിക്കു തോന്നിയില്ല; സ്നേഹത്തിന്റെ മണമുള്ള ഒരു മനുഷ്യൻ!

നമ്മുടെ നാട് ശരിക്കും സ്വർഗ്ഗം തോൽക്കുന്ന നാടു തന്നെയാണ്. ബഹുഭൂരിപക്ഷവും നല്ല മനുഷ്യരാണ്. ഹൃദയം നിറയെ അലിവും സ്നേഹവും കരുണയും ദയയുമുള്ള മനുഷ്യർ!

എന്നാൽ അവർക്കിടയിൽ ഇരുളിൽ പതുങ്ങിക്കിടക്കുന്ന ചില അണലികളുമുണ്ട്. വർഗീയതയുടെ മാരകവിഷം ചീറ്റുന്ന ഇഴജന്തുക്കൾ; കൊന്നശേഷം ചുട്ടുകളയേണ്ട ജാതി!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.