സ്വര്‍ഗ്ഗത്തിനു വേണ്ടിയല്ല മനുഷ്യര്‍ക്കു വേണ്ടിയാണ് വിശുദ്ധരെ നാമകരണം ചെയ്യുന്നതെന്ന് കര്‍ദ്ദിനാള്‍ മാര്‍സെലോ സെമരാറോ

സ്വര്‍ഗ്ഗത്തിനു വേണ്ടിയല്ല മനുഷ്യര്‍ക്കു വേണ്ടിയാണ് വിശുദ്ധരെ നാമകരണം ചെയ്യുന്നതെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍സെലോ സെമരാറോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്തിനാണ് വിശുദ്ധരെ നാമകരണം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. “മനുഷ്യര്‍ക്ക് ഭൂമിയില്‍ വിശുദ്ധിയില്‍ ജീവിക്കുക എന്നത് സാധ്യമായ കാര്യമാണ്. അതുവഴിയാണ്, അവരിലൂടെയാണ് ദൈവം ലോകത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഭൂമിയില്‍ വിശുദ്ധരെ ആവശ്യമാണ്. സ്വര്‍ഗ്ഗത്തില്‍ വിശുദ്ധരെയല്ല, മനുഷ്യരെയാണ് ആവശ്യം” – അദ്ദേഹം പറഞ്ഞു.

ക്രിസ്തു തന്റെ വാക്കുകള്‍ നിറവേറ്റുന്നുവെന്നും നമ്മുടെ പ്രവര്‍ത്തികളും സഹനങ്ങളും ഒരിക്കലും പാഴായിപ്പോവുന്നില്ലെന്നും വിശുദ്ധിയിലേയ്ക്കുള്ള വിളി സത്യമാണെന്നുമെല്ലാം തെളിയിക്കാന്‍ വേണ്ടിക്കൂടിയാണ് വിശുദ്ധരെ നാമകരണം ചെയ്യുന്നത്. നമ്മുടെ അംഗീകാരം വിശുദ്ധര്‍ക്ക് ആവശ്യമില്ലെന്നു പറഞ്ഞാലും അവരെ നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ അവരിലുള്ള ദൈവികസാന്നിധ്യത്തെ തന്നെയാണ് നാം തിരിച്ചറിയുന്നതും ആരാധിക്കുന്നതും. ദൈവത്തിന്റെ പ്രവര്‍ത്തികളാണ് വിശുദ്ധരിലൂടെ നാം കാണുന്നത്. വിശുദ്ധരെ നാമകരണം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്കല്ല സഭ ആരാധന നല്‍കുന്നത്, മറിച്ച് ആ വ്യക്തിയിലൂടെ പ്രവര്‍ത്തിച്ച ദൈവത്തിന് തന്നെയാണ്” – കര്‍ദ്ദിനാള്‍ മാര്‍സെലോ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.