ഹാര്‍ട്ട് ബീറ്റ് ആക്ട്; ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം പ്രാബല്യത്തില്‍ വരുത്തി ടെക്‌സസ്

ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നവര്‍ക്കും ജീവനെ സ്‌നേഹിക്കുന്നവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് വരുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി ടെക്സസ് മാറിയിരിക്കുകയാണ്.

ഇതോടെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തില്‍ രചിക്കപ്പെട്ടത് പുത്തന്‍ അദ്ധ്യായമാണ്. സമാനമായ നിയമങ്ങള്‍ നിരവധി സംസ്ഥാനങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ അവ പ്രാബല്യത്തിലാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യം ടെക്സസിനും വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ദിവസം പ്ലാന്‍ഡ് പേരന്റ്ഹുഡ് ഉള്‍പ്പെടെയുള്ള ഗര്‍ഭച്ഛിദ്ര അനുകൂല സംഘടനകള്‍ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീം കോടതി അടിയന്തര ഇടപെടല്‍ നടത്തും മുമ്പേ ടെക്സസ് നിയമം പ്രാബല്യത്തിലാക്കുകയായിരുന്നു. നിയമം നടപ്പാക്കിയതിനു പിന്നാലെ, ‘നിയമം നടപ്പാക്കുന്നത് തടയാന്‍ സാധിക്കില്ല’ എന്ന് സുപ്രീം കോടതി വിധി പറഞ്ഞതും ശ്രദ്ധേയമായി.

ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്നരെയും അതിനായി സഹായിക്കുന്നവരെയും നിയമനടപടികളിലൂടെ ആര്‍ക്കും തടയാനുള്ള സാഹചര്യവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അമ്മയുടെ ജീവന് അപകടകരമാവുന്ന സാഹചര്യങ്ങളില്‍ മാത്രമേ നിയമത്തിന് ഇളവുണ്ടാകൂ. ഹാര്‍ട്ട് ബീറ്റ് ആക്ട് എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ടെക്‌സസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.