സൗഖ്യം നല്‍കുന്ന സ്വരമാധുരിയുമായി ജനഹൃദയങ്ങള്‍ കീഴടക്കുന്ന സേവേറിയോസ് അച്ചന്‍

കീര്‍ത്തി ജേക്കബ്

‘വെള്ളിനിലാനാട്ടിലെ പൗര്‍ണ്ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ…
പാല്‍ക്കടലിന്‍ മങ്കതന്‍… പ്രാണസുധ ഗംഗതന്‍…
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീയിങ്ങുതാ
സ്‌നേഹപൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രകൂടാരക്കീഴില്‍ വാ ദേവി
ആലംബം നീയേ… ആധാരം നീയേ…

സ്‌നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പനിനീരും തേനും കണ്ണീരായ് താനേ…’

‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചനയും ഇളയരാജ സംഗീതവും നിര്‍വ്വഹിച്ച് യേശുദാസ് പാടിയ അനശ്വരഗാനത്തിലെ ഏതാനും വരികളാണിത്. കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി മലയാളിയുടെ നാവിന്‍തുമ്പിലുള്ള ഈ ഗാനത്തിലെ പല്ലവിയുടേയും അനുപല്ലവിയുടേയും വ്യത്യസ്തമായ ഒരു അവതരണം അടുത്തിടെ സംഗീതപ്രേമികളുടെ മുമ്പിലേയ്ക്ക് വയ്ക്കപ്പെട്ടു. വരികളുടേയും സംഗീതത്തിന്റേയും മുഴുവന്‍ താളലയഭാവങ്ങളും ഉള്‍ക്കൊണ്ട്, കേള്‍ക്കുന്നവരെ മുഴുവന്‍ മറ്റൊരു ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന തരത്തിലുള്ള ഒരു ആലാപനം. കറുത്ത കുപ്പായവും തൊപ്പിയും വട്ടക്കണ്ണടയും ധരിച്ച് പുഞ്ചിരിയും പ്രസന്നതയും നിറഞ്ഞ മുഖത്തോടെ, യാക്കോബായ സഭയുടെ മല്ലപ്പള്ളി ആനിക്കാട് മോര്‍ ഗ്രിഗോറിയോസ് ആശ്രമാംഗമായ ഫാ. സേവേറിയോസ് തോമസ് നടത്തിയ ആലാപനമാണ് ജനഹൃദയങ്ങളെ കീഴടക്കിയത്.

ഒരു വട്ടം പാടുന്നത് നൂറുവട്ടം പ്രാര്‍ത്ഥിക്കുന്നതിനു തുല്യമാണെന്ന് വി. അഗസ്റ്റ്യന്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധന്റെ ഈ വാക്കുകള്‍ സദാ മനസില്‍ സൂക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളായ പൗരോഹിത്യത്തേയും സംഗീതത്തേയും ഒരുപോലെ സമൂഹത്തിന് സമര്‍പ്പിച്ച് സേവനം ചെയ്യുന്ന വ്യക്തിയാണ് ഫാ. സേവേറിയോസ് തോമസ്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളോടൊപ്പം മാപ്പിള പാട്ട്, ചലച്ചിത്രഗാനം, ഗസല്‍ എന്നിവയുടെ ആലാപനം, പാട്ടെഴുത്ത്, സംഗീത സംവിധാനം തുടങ്ങിയവയിലെല്ലാം ഫാ. സേവേറിയോസ് തോമസ് ഇതിനോടകം തന്നെ പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു.

ദൈവസ്തുതി, മതസൗഹാര്‍ദ്ദം, ആത്മീയ-ശാരീരികസൗഖ്യം എന്നിവയെല്ലാം ലക്ഷ്യം വച്ചുകൊണ്ട് സംഗീതമെന്ന മഹാത്ഭുതത്തെ കൂട്ടുപിടിച്ചുള്ള തന്റെ പൗരോഹിത്യജീവിതത്തെക്കുറിച്ചും അതില്‍ നിന്ന് താന്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള വിസ്മയാവഹമായ കാര്യങ്ങളെക്കുറിച്ചും ലൈഫ്‌ഡേയുമായി പങ്കുവയ്ക്കുകയാണ് ഫാ. സേവേറിയസ്.

പൗരോഹിത്യത്തിലേയ്ക്ക്

തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ബഥനി സിസ്റ്റേഴ്‌സിന്റെ സ്‌കൂളിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം. അതുകൊണ്ടു തന്നെ ബഥനി സിസ്റ്റേഴ്‌സിന്റെയും അച്ചന്മാരുടെയുമെല്ലാം ജീവിതം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരു അവധിക്കാലത്ത് ബഥനി ബൈബിള്‍ സ്‌കൂള്‍ എന്ന പേരില്‍ അവര്‍ നടത്തിയ ഒരു ക്യാമ്പില്‍ അവിചാരിതമായി ഞാന്‍ പങ്കെടുത്തിരുന്നു. ക്യാമ്പില്‍ നിന്നു കേട്ട ക്ലാസുകളില്‍ നിന്നാണ് ദൈവവിളിയെക്കുറിച്ചും സന്യാസത്തെക്കുറിച്ചുമെല്ലാം ഞാന്‍ കൂടുതല്‍ അറിയുന്നതും മനസിലാക്കുന്നതും. അങ്ങനെ അവിടെ നിന്നാണ് ദൈവവിളി സ്വീകരിച്ചതും ആശ്രമജീവിതത്തിനായി ഇറങ്ങിത്തിരിച്ചതും.

പൗരോഹിത്യജീവിതത്തിലെ ശുശ്രൂഷകള്‍

2012-ലാണ് ഞാന്‍ വൈദികനായി അഭിഷിക്തനായത്. യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ മോര്‍ അന്തോനീയോസ് ദയറാ എന്ന ആശ്രമത്തിലാണ് വ്രതം ചെയ്തതും അച്ചനായതും. പ്രാര്‍ത്ഥന, പഠനം, ധ്യാനജീവിതം എന്നിവയോടൊപ്പം സഭ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് ഞങ്ങളുടെ സഭയുടെ ആദര്‍ശം. പൗരസ്ത്യ ആദ്ധ്യാത്മികതയുടെ പഠനവും അതിന്റെ പ്രചാരണവുമാണ് ലക്ഷ്യം.

പൗരോഹിത്യം സ്വീകരിച്ചശേഷം രണ്ടുവര്‍ഷം മലബാറില്‍ ശുശ്രൂഷ ചെയ്തു. അതിനുശേഷം മംഗലപ്പുഴ സെമിനാരിയില്‍ ഉപരിപഠനം നടത്തി. പിന്നീട് 2014 മുതല്‍ നിരണം ഭദ്രാസനത്തിനു കീഴിലുള്ള ആനിക്കാട് ആശ്രമത്തിലാണ് താമസിക്കുന്നത്. ഇവിടെ ഭദ്രാസനത്തിലെ ജോലികള്‍ കൂടാതെ പാവപ്പെട്ട കുട്ടികള്‍ക്കായുള്ള സൗജന്യ ട്യൂഷന്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയുടേയും ചുമതല വഹിക്കുന്നു.

സംഗീതം സഹചാരി

എന്റെ വല്ല്യപ്പച്ചനും അപ്പനും നന്നായി പാടുമായിരുന്നു. കലാകായിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന സ്‌കൂളില്‍ പഠിച്ചതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ സംഗീതമേഖലയില്‍ കഴിവ് തെളിയിക്കാന്‍ എനിക്കും അവസരം കിട്ടിയിട്ടുണ്ട്. കൂടാതെ, സംഗീതം പഠിക്കുന്നുമുണ്ടായിരുന്നു. മ്യൂസിക്കില്‍ ഒരു ഡിഗ്രി ഡിപ്ലോമ കോഴ്‌സും ചെയ്തിരുന്നു. സിലബസ് ഓറിയന്റഡായ കോഴ്‌സ് എന്ന നിലയില്‍ സംഗീതജീവിതത്തില്‍ അതും വളരെയധികം ഉപകാരപ്പെട്ടു.

മലബാറിലെ അറിയപ്പെടുന്ന കലാകാരനും ഞങ്ങളുടെ ബന്ധുവുമായ ബെന്നി എന്നൊരു വ്യക്തിയുടെ കൂടെ അവധി സമയത്ത് ഞാനും ക്വയറുകളില്‍ പാടാന്‍ പോകുമായിരുന്നു. അദ്ദേഹമാണ് എനിക്ക് പാട്ടിന്റെ കാര്യത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്‍കിയിരുന്നത്. മാപ്പിളപാട്ടുകള്‍ എന്റെ സ്വരത്തിന് അനുയോജ്യമാണെന്ന് ആദ്യം പറഞ്ഞതും അദ്ദേഹമാണ്. പിന്നീട് ആലുവായില്‍ പഠിക്കുന്ന സമയത്തൊക്കെ സ്റ്റുഡിയോയില്‍ പാട്ടുകള്‍ക്ക് ട്രാക്ക് പാടിക്കൊടുത്തിരുന്നു.

വഴിത്തിരിവായ വൈറല്‍ പാട്ട്

ഞങ്ങള്‍ നാലഞ്ചാളുകള്‍ മാത്രമുണ്ടായിരുന്ന ഒരു സൗഹൃദക്കൂട്ടായ്മയില്‍ വച്ച് ഞാന്‍ പാടിയ ഒരു പാട്ട് വൈറലായി. ഒരു സുഹൃത്ത് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അത് വൈറലായപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലേയ്ക്ക് ക്ഷണം കിട്ടി. ആ പ്രോഗ്രാമും നവമാധ്യങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അതേ ചാനലിലെ ‘മൈലാഞ്ചി മൊഞ്ച്’ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജിംഗ് പാനലിലേയ്ക്കും ക്ഷണിച്ചു.

കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി പഠനം തുടരുന്നുമുണ്ട്. നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയ്തു. ‘ബാസീം വോയിസ്’ എന്ന പേരില്‍ ഒരു ഗസല്‍ ട്രൂപ്പും ഉണ്ട്. പൗരോഹിത്യജീവിതത്തോടൊപ്പം സംഗീതമെന്ന ഇഷ്ടത്തേയും കൂടെക്കൂട്ടാന്‍ എനിക്ക് അനുവാദവും പിന്തുണയും നല്‍കുന്നത് ഞങ്ങളുടെ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസാണ്. കാഴ്ചപ്പാടിലും ദര്‍ശനത്തിലും അദ്ദേഹം പ്രകടിപ്പിക്കുന്ന തുറന്ന സമീപനം മൂലമാണ് സംഗീതമേഖലയിലും സജീവമായി തുടരാന്‍ എനിക്ക് സാധിക്കുന്നത്. സഹപ്രവര്‍ത്തകരായ നിരവധി വൈദികരുടെ പിന്തുണയും പ്രോത്സാഹനവും കരുത്താണ്. സന്യാസ സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിന്റേതായ പരിമിതികളുണ്ടെങ്കിലും അത് പിതാവ് തന്നെ തിരുത്തേണ്ട സമയങ്ങളില്‍ തിരുത്തുകയും കരുതേണ്ട സമയങ്ങളില്‍ കരുതുകയും ചെയ്യുന്നുണ്ട്.

വേദികള്‍ അനവധി

വിദേശത്ത് സഭയുടെ വേദികള്‍ കൂടാതെ ഇസ്ലാമിക് അസോസിയേഷനുകളും പാട്ടുകള്‍ക്കായി വേദിയൊരുക്കി ക്ഷണിക്കാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മുസ്ലീംസ് അവരുടെ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന പരിപാടികളില്‍ പലപ്പോഴും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാളുകളിലും പ്രോഗ്രാമുകള്‍ നിശ്ചയിച്ചിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ചിരിക്കുകയാണ്.

പാട്ടിലൂടെ ദൈവാനുഭവവും മതാതീതമായ മാനവികതയും

ഭക്തിഗാനമായാലും അല്ലെങ്കിലും പാട്ടിന് എപ്പോഴും മനസുകളെ സന്തോഷിപ്പിക്കാനുള്ള വരമുണ്ടല്ലോ. അതില്‍ ജാതി-മത വ്യത്യാസവുമില്ല. അതുകൊണ്ടു തന്നെ ഞാന്‍ പാടുന്ന മൈലാഞ്ചിപ്പാട്ടുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. മൈലാഞ്ചിപ്പാട്ടുകള്‍ ഭക്തിഗാനങ്ങളല്ലെങ്കിലും ചരിത്രഗാനങ്ങളാണ്. അതിന് വലിയ സ്വീകാര്യത ലഭിച്ചു.

പാട്ടിനെക്കുറിച്ച് ചിലര്‍ എഴുതിയിടുന്ന അഭിപ്രായങ്ങള്‍, അതു കാണുന്ന പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് എനിക്ക് അയച്ചുതരാറുണ്ട്. ചിലര്‍ തങ്ങളുടെ ജീവിതത്തിലെ ചില വേദനകളെക്കുറിച്ചും പാട്ടുകേട്ട് തങ്ങള്‍ക്ക് ലഭിച്ച ആശ്വാസത്തെക്കുറിച്ചൊക്കെയുള്ള അനുഭവങ്ങള്‍ പാട്ടിനോട് ചേര്‍ത്ത് പങ്കുവയ്ക്കുമ്പോള്‍ അതിനു താഴെ നാനാജാതി മതസ്ഥരായവരോട് സ്‌നേഹവും പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കും. കലയ്ക്കും വിശപ്പിനും മതമില്ലെന്ന ചിന്താഗതിക്കാരനായതിനാല്‍ ഇതൊക്കെ കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാനാവില്ല.

അടുത്തിടെ ‘സ്‌നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍’ എന്നു തുടങ്ങുന്ന സിനിമാ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടി യൂട്യൂബില്‍ ഇട്ടിരുന്നു. അത് കേട്ടിട്ട് ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു. കോവിഡ്-19 പോലുള്ള പ്രതിസന്ധികളുടെ ഈ കാലത്ത് പലര്‍ക്കും അത് ഒരു തലോടലായി അനുഭവപ്പെട്ടു എന്നാണ് പറഞ്ഞത്.

അക്കൂട്ടത്തിലൊരാളാണ് ഒന്നര വര്‍ഷമായി കിടപ്പിലായ കോന്നി സ്വദേശിനിയായ ഒരു സഹോദരി. ദിവസം മൂന്നു നാലു മണിക്കൂര്‍ മാത്രമേ അവര്‍ക്ക് ഉറങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ഒന്ന് മരിച്ചാല്‍ മതിയെന്നു ചിന്തിച്ച് നിരാശയില്‍ കഴിഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീ. ഈ പാട്ടു കേട്ട് അവര്‍ക്ക് വലിയ മന:സുഖവും ആത്മവിശ്വാസവും ഉണ്ടായതായി അറിയിച്ചു.

അതുപോലെ തന്നെ തൃശൂര്‍ സ്വദേശിയായ ഒരു വ്യക്തി എനിക്കൊരു വാട്ട്‌സ്ആപ്പ് മെസേജ് അയച്ചു. അദ്ദേഹത്തിന്റെ ഓട്ടിസം രോഗിയായ മകള്‍ എന്റെ പാട്ടുകളോട് പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങള്‍. വേറൊന്നിനോടും പ്രതികരിക്കാത്ത ആ കുട്ടി, ചാനല്‍ പ്രോഗ്രാമില്‍ ഞാന്‍ പാടിയ പാട്ടുകേട്ട് കയ്യടിക്കുന്നതും ചിരിക്കുന്നതും. ഭക്ഷണം കഴിപ്പിക്കാനും ഈ പാട്ടാണ് അവളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. വേറെ ഏത് പാട്ട് വച്ചു കൊടുത്താലും അവള്‍ പ്രതികരിക്കുകയുമില്ല.

അടുത്തിടെ ഞാന്‍ ഒരു ഗാനം എഴുതി സംഗീതം ചെയ്തിരുന്നു, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദേവാലയങ്ങള്‍ അടച്ചിടപ്പെട്ടതിനേയും ആളുകള്‍ക്ക് വിശുദ്ധ കുര്‍ബാനയിലും മറ്റ് കൂദാശകളിലും പങ്കെടുക്കാന്‍ സാധിക്കാത്തതിനെക്കുറിച്ചും വിവരിച്ച്. ‘എന്നു കാണും ഈ ദേവാലയം, ഇനിയെന്നു കാണും സ്വര്‍ഗ്ഗീയബലി…’ എന്നു തുടങ്ങുന്നതായിരുന്നു ആ പാട്ട്. ഞങ്ങളുടെ മനസിലെ ആകുലതകളാണ് അച്ചന്‍ ആ പാട്ടിലൂടെ വിവരിച്ചതെന്നും അത് കേട്ടുകഴിഞ്ഞപ്പോള്‍ വലിയ ആശ്വാസവും പ്രതീക്ഷയും തോന്നിയെന്നും കുറേ ആളുകള്‍ അഭിപ്രായപ്പെട്ടു. നഴ്‌സുമാര്‍ക്കുവേണ്ടി ചെയ്ത ‘പോരാളികള്‍’ എന്ന പാട്ടു കേട്ട് കോവിഡ് രോഗികളുടെയിടയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവും നന്ദിയും അറിയിച്ചിരുന്നു.

സംഗീതം ദൈവാരാധനയാകുമ്പോള്‍

ദൈവാരാധനയില്‍ പാട്ടിന് എപ്പോഴും വലിയ പ്രാധാന്യമുണ്ട്. ബൈബിളില്‍ സങ്കീര്‍ത്തനം മുഴുവന്‍ ഗാനരൂപത്തിലുള്ള ദൈവസ്തുതികളാണല്ലോ. സങ്കീര്‍ത്തകന്‍ തന്നെ പറയുന്നുമുണ്ട്, ‘തപ്പും കിന്നരവും നൃത്തവും ഉച്ചനാദമുള്ള കൈത്താളങ്ങളോടും കൂടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍’ എന്ന്.

ക്ലാസിക്കല്‍ ഗാനങ്ങളുടെയും അടിസ്ഥാനം  ഈശ്വരസ്തുതികളാണ്. ദൈവാലയവുമായി ബന്ധപ്പെട്ടാണല്ലോ ഭാരതീയകലകളെല്ലാം ഉരുത്തിരിഞ്ഞത്. പാശ്ചാത്യസംഗീതത്തിന്റെ കാര്യമെടുത്താലും ചര്‍ച്ച് കോറസില്‍ നിന്നാണ് സംഗീതം ഉരുത്തിരിഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ ഏതു വിഭാഗത്തില്‍പ്പെട്ടതായാലും പാട്ടിന് എപ്പോഴും ദൈവാലയത്തോടും ദൈവാരാധനയോടുമാണ് പ്രഥമമായ ബന്ധം.

ആബേലച്ചന്‍ സമ്മാനിച്ച മാതൃകയും സ്വപ്നവും

ഞാന്‍ ഏറെ ബഹുമാനിക്കുകയും റോള്‍ മോഡലായി കണക്കാക്കുകയും ചെയ്യുന്ന വ്യക്തിയാണ് കലാഭവനിലെ ആബേലച്ചന്‍. അച്ചനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ഒരുപാട് വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. കലയുടെ ലോകത്ത് അദ്ദേഹത്തിന്റെ കൂടെ ജീവിച്ചവരുമായും എനിക്ക് അടുപ്പമുണ്ട്. കലാലോകത്ത് വിരാജിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിലും തന്റെ സഭയുടെ ഒദ്യോഗിക വസ്ത്രത്തിലല്ലാതെ അദ്ദേഹത്തെ ഒരിക്കല്‍പ്പോലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന പലരുടെയും സാക്ഷ്യം എന്നെ ഏറെ സ്വാധീനിച്ച ഒരു കാര്യമാണ്.

മറ്റൊന്ന് സീറോ മലബാര്‍ സഭയിലെ മരണാനനന്തര ശുശ്രൂഷയുടെ പാട്ടുകള്‍ മുഴുവന്‍ സുറിയാനി വൃത്തം മാറിപ്പോവാതെ മലയാളത്തിലാക്കിയ വ്യക്തിയാണദ്ദേഹം. ഒരു കലാകാരന്‍ എന്നതിലപ്പുറം അദ്ദേഹത്തിലെ ആത്മീയതയെയാണ് എനിക്കവിടെ കാണാന്‍ കഴിയുന്നത്. പൗരോഹിത്യജീവിതം നയിക്കുമ്പോള്‍ തന്നെ, സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കാനും അതുപോലെയുള്ള ആളുകളെ കണ്ടെത്താനും അവര്‍ക്ക് വേദികളൊരുക്കാനും സാധിക്കുക എന്നത് വലിയ കാര്യമാണല്ലോ. കലാഭവനില്‍ നിന്നുതന്നെ എത്രയോ അധികം കലാകാരന്മാരെ കേരളത്തിന് ലഭിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ എന്റെ ഒരു വലിയ സ്വപ്നം കൂടിയാണ് കലാഭവന്‍ പോലൊരു സ്ഥാപനം. അത്രത്തോളം കഴിഞ്ഞില്ലെങ്കിലും മതാതീതമായ മാനവികത കാത്തുസൂക്ഷിച്ചു കൊണ്ട് കലയിലൂടെ സകലരേയും ഒന്നിപ്പിക്കുന്ന ഒരു ഇടമുണ്ടാകണം എന്നാണ് ആഗ്രഹം. പാരമ്പര്യകലകളുടെ തനിമ തിരിച്ചുപിടിക്കുക, മറ്റ് കലാരൂപങ്ങളെക്കുറിച്ച് പഠിക്കുക അതുവഴി മനസുകള്‍ തമ്മിലൊരു സൗഹാര്‍ദ്ദം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയും ഈയൊരു സ്വപ്നത്തിന്റെ ഭാഗമായി നില്‍ക്കുന്നു. ദൈവം അനുവദിച്ചാല്‍, സഭ അനുവദിച്ചാല്‍ അത്തരമൊരു സ്ഥാപനം എന്ന എന്റെ സ്വപ്നം പൂവണിയും – ഫാ. സേവേറിയസ് പറഞ്ഞുനിര്‍ത്തുന്നു.

ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. അച്ചന്‍ തുടര്‍ച്ചയായി പാടണം. ജനലക്ഷങ്ങളാണ് അങ്ങയുടെ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നത്. അത്രമേല്‍ ഞങ്ങള്‍ ഈ സ്വരത്തെ സ്‌നേഹിച്ചു പോയി!

കീര്‍ത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. എപ്പോൾ ധർമ്മം അവസാനിക്കുന്നുവോ അപ്പോൾ അതിൻ്റെ പുനസംസ്ഥാവനത്തിനായി ദൈവം മനുഷ്യപ്രകൃതിയിൽ അവതാരമെടുക്കും. സകലതും ,സകലരും ഒന്നാണെന്ന സന്ദേശം കൈമാറത്തക്കവണ്ണം മാനുഷികത മത ചിന്തക്കും ഉപരിയാണ് എന്ന് ജീവിച്ചു കാണിക്കാൻ ദൈവമയക്കുന്ന അവ ദൂതൻമാർ മനുഷ്യരുടെ ഇടയിൽ തിളങ്ങി നിൽക്കും. ഒരർത്ഥത്തിൽ ക്രിസ്ത്യാനിയായ ഒരാൾ ഇതര മതത്തിൻ്റെ പാട്ടുകൾ പാടിയാൽ ക്രിസ്ത്യാനികൾ തന്നെ പാപം ചെയ്തു എന്നു പറയും. ആ തലത്തിൽ ചിന്തിച്ചാൽ ഭാഗ്യവാൻ എന്നല്ലാതെ മറ്റൊന്നും മാനുഷിക ചിന്തയിൽ പറയാനില്ല. ഒരുപാടുയരങ്ങളിൽ എത്തി സകല മനുഷ്യർക്കും മാതൃകയും സന്ദേശവുമായി വളരാൻ സർവ്വശക്തനായ ദൈവം അങ്ങയെ തുണക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.