ഇറാഖിനു സാന്ത്വനമായി പാപ്പായുടെ ഇടയസന്ദര്‍ശനം

1. പുരാതന നാഗരികതയുടെ സ്പന്ദനം അറിഞ്ഞ ഇടയസന്ദര്‍ശനം

യൂഫ്രട്ടീസ് – ടൈഗ്രിസ് നദീതട സംസ്‌കാരത്തിന്റേയും ബാബിലോണിയന്‍ നാഗരികതയുടേയും പൈതൃകം പേറുന്ന ഇറാഖില്‍ നാലു ദിവസം നീളുന്ന അപ്പസ്‌തോലിക ദൗത്യവുമായി പാപ്പാ മാര്‍ച്ച് 5-ന് തലസ്ഥാന നഗരമായി ബാഗ്ദാദില്‍ എത്തും. ബാഗ്ദാദ്, അബ്രീല്‍, മൊസൂള്‍, നജാഫ് എന്നീ പുരാതന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് അഞ്ചുദിവസങ്ങള്‍ നീളുന്ന പ്രേഷിതയാത്ര. ഭീകരപ്രവര്‍ത്തനങ്ങളാലും വംശീയ സംഘര്‍ഷങ്ങളാലും കഷ്ടതയനുഭവിക്കുന്ന ഇറാഖിലെ ജനതയ്ക്കു സമാധാനവും സാന്ത്വനവും കൈവരുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനം സഹായകമാകുമെന്ന് വത്തിക്കാന്‍ പ്രത്യാശിക്കുന്നു.

2. അറ്റുപോകുന്ന ഇറാഖി ക്രൈസ്തവര്‍

ജനുവരി 25-ന് വത്തിക്കാനിലെത്തി പാപ്പായുമായി നേര്‍ക്കാഴ്ച നടത്തിയ ഇറാഖി പ്രസിഡന്റ്, ബര്‍ഹാം സലേം പാപ്പായുടെ സന്ദര്‍ശനത്തെ സംബന്ധിച്ച ഒരുക്കങ്ങള്‍ നാട്ടില്‍ പൂര്‍ത്തിയാകുന്നതായി അറിയിച്ചു. രാജ്യത്തെ പുരാതന ക്രൈസ്തവരുടെ സാന്നിദ്ധ്യം സംരക്ഷിക്കുക, അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, ഇറാഖിന്റെ ഭാവിയില്‍ അവര്‍ക്ക് പങ്കുണ്ടായിരിക്കുക എന്നിവ പാപ്പാ ഫ്രാന്‍സിസിന്റെ ലക്ഷ്യങ്ങളായി രാഷ്ട്രം കണക്കാക്കുന്നുണ്ടെന്ന് അദ്ദേഹം സന്ദര്‍ശനത്തിനിടെ പ്രസ്താവിച്ചതായി വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി അറിയിച്ചു.

3. സദ്ദാം ഹുസ്സൈനുശേഷം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാഖിലെ ക്രൈസ്തവരുടെ ആകെയുള്ള സാന്നിദ്ധ്യം ഏറെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2003-ല്‍ സദ്ദാം ഹുസ്സൈനെ തുരത്താനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി അധിനിവേശ കാലത്ത് ക്രൈസ്തവര്‍ 14-ലക്ഷത്തില്‍ അധികമായിരുന്നു. അതിനെ തുടര്‍ന്ന് 2014-2017 കാലയളവിലുണ്ടായ ഇസ്ലാമിക രാഷ്ട്രത്തിനായി നടന്ന നീണ്ടകാല യുദ്ധവും, നിനിവെ താഴ്വാരം ഇസ്ലാമിക സേന കൈയ്യടക്കിയ സംഭവവും കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിനു ക്രൈസ്തവരാണ് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടു പുറംതള്ളപ്പെട്ടത്. തുടര്‍ന്നുള്ള കണക്കു വെളിപ്പെടുത്തിയത് ഇറാഖിലെ ക്രൈസ്തവരുടെ സാന്നിദ്ധ്യം നാലുലക്ഷത്തില്‍ താഴെയാണെന്നായിരുന്നു. ഇറാഖി ഭരണകര്‍ത്താക്കള്‍ പുറംതള്ളപ്പെട്ടവരെ എന്നും നാട്ടിലേയ്ക്ക് ക്ഷണിക്കുകയും പുനരധിവസിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് വത്തിക്കാന്റെ പ്രസ്താവന വ്യക്തമാക്കി.

4. മുറിപ്പെട്ട ഇറാഖ്

നീണ്ടകാലമായി ഇറാഖി ഭരണത്തിന് ശാപമായി വന്ന സാമ്പത്തിക പ്രതിസന്ധി, അഴിമതി എന്നിവ മൂലം രാജ്യാതിര്‍ത്തിയില്‍ത്തന്നെ പരിത്യക്തരായി അലഞ്ഞുതിരിയേണ്ടി വരികയും, ഇന്നും ക്യാമ്പുകളില്‍ വസിക്കേണ്ടി വരികയും ചെയ്യുന്നത് 17 ലക്ഷത്തില്‍ അധികം ഇറാഖികളാണ്. ചരിത്രമുറങ്ങുന്ന മണ്ണില്‍ സാമ്പത്തിക ക്ലേശങ്ങളിലും ദാരിദ്ര്യത്തിലും ജീവിക്കുന്നത് 40 ലക്ഷത്തില്‍ അധികം ഇറാഖി ജനങ്ങളും, അവരില്‍ പകുതിയോളവും, അതായത് 20 ലക്ഷത്തോളവും ദുര്‍ബലരായവര്‍ കുട്ടികളാണെന്ന് യുഎന്നിന്റെ ഏറ്റവും അടുത്തകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതായി പ്രസ്താവ വെളിപ്പെടുത്തി.

5. ക്ലേശങ്ങളില്‍ ഒരു സാന്ത്വനയാത്ര

കോവിഡ്-19 മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ 3-കോടി 80-ലക്ഷത്തില്‍ അധികം വരുന്ന ഇറാഖി ജനതയുടെ ജീവിതം അതീവ ക്ലേശത്തില്‍ ആഴ്ന്നിരിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ ദീര്‍ഘകാലമായി യാതനകളിലും വേദനയിലും വെന്തുനീറുന്ന ജനതയ്ക്ക് പാപ്പായുടെ സന്ദര്‍ശനം നവമായ പ്രത്യാശയാണെന്ന് ഫെബ്രുവരി 16-ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.