വൈദികനാകുവാൻ വേണ്ട വിദ്യാഭ്യാസത്തിനായി മൂന്നാം ക്‌ളാസിൽ വീണ്ടും വന്നു പഠിച്ച വിശുദ്ധൻ

റഗ്ഗെറോ മരിയ കപുട്ടോ 1907 മെയ് ഒന്നിന് തെക്കുകിഴക്കൻ ഇറ്റലിയിലെ ബാർലെറ്റയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ ഈ കുടുംബം മുന്നിട്ടുനിന്നു. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും തന്റെ വിശ്വാസത്തെ ആഴമായി സ്നേഹിച്ച വൈദികനായ ഫാ. ആഞ്ചലോ ഡിമിക്കോളിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളരാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

യേശുവിനെ അനുഗമിക്കാനുള്ള ശക്തമായ ആഗ്രഹം തന്റെ ചെറുപ്പക്കാരായ വിദ്യാർത്ഥികളിൽ പകർത്താനുള്ള കഴിവ് ഫാ. ഏഞ്ചലോയ്ക്ക് ഉണ്ടായിരുന്നു. (പിൽക്കാലത്ത് ആർച്ചുബിഷപ്പായി മാറിയ അദ്ദേഹം പിന്നീട് ദൈവദാസനായി). റഗ്ഗെറോയുടെ ജീവിതത്തിൽ ഫാ. ആഞ്ചലോയുടെ സ്വാധീനം വളരെ ശക്തമായിരുന്നു. റഗ്ഗെറോയ്ക്ക് 19 വയസ്സുള്ളപ്പോൾ, പൗരോഹിത്യജീവിതത്തിലേക്ക് ദൈവം വിളിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പക്ഷേ, വയലിൽ ജോലി ചെയ്യുന്നതിനായി അദ്ദേഹത്തിന് മൂന്നാം ക്ലാസ്സിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് സ്‌കൂളിൽ പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിദ്യാഭ്യാസം ഇല്ലാത്തത് സെമിനാരി പ്രവേശനത്തിന് ഒരു തടസമായി നിന്നു. മുതിർന്നപ്പോൾ, വൈദികനാകുവാൻ ജോലി ഉപേക്ഷിച്ച് മൂന്നാം ക്ലാസിൽ പോയി പഠിക്കുവാൻ ചേർന്നു. കർത്താവിനെ സേവിക്കുന്നതിന് എന്തും ചെയ്യുവാൻ ആ യുവാവ് സന്നദ്ധനായിരുന്നു.

പൊന്തിഫിക്കൽ റീജണൽ സെമിനാരിയിലേക്ക് യോഗ്യത നേടാൻ അദ്ദേഹം കഠിനമായി പഠിച്ചു. അദ്ദേഹത്തിന്റെ കഠിനപരിശ്രമം മൂലം ഹൈസ്കൂൾ വിദ്യാഭ്യാസം നേടാനും ദൈവശാസ്ത്ര പഠനത്തിനു പോകാനും കഴിഞ്ഞു. ചിയറ്റി പ്രവിശ്യയിൽ ഒരു വർഷം സൈനികസേവനത്തിൽ പ്രവേശിക്കേണ്ടി വന്നുവെങ്കിലും യാതൊന്നിനും റഗ്ഗെറോയെ ഒരു വൈദികനാകുക എന്ന ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ 1937 ജൂലൈ 25 -ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി.

ലളിതവും എളിയ മനോഭാവം പുലർത്തിയിരുന്ന ഒരു വൈദികനുമായിരുന്നു അദ്ദേഹം. ഒരു ഇടവക വൈദികനായിരിക്കുന്നതിൽ സംതൃപതനായിരുന്നു അദ്ദേഹം. ഫാ. കപുട്ടോ പല ഇടവകകളിലും അസിസ്റ്റന്റ് വൈദികനായി സേവനമനുഷ്ഠിച്ചു. ലളിതവും വിനീതനുമായ സേവനങ്ങളിൽ അദ്ദേഹം തൃപ്തനായിരുന്നു. അദ്ദേഹം ഒരിക്കലും ഉന്നതപദവികൾ ആഗ്രഹിച്ചിരുന്നില്ല. ദൈവത്തോടുള്ള ഭക്തിയും സ്നേഹവും പ്രചരിപ്പിക്കുന്ന ഒരു ഇടയനെന്ന നിലയിൽ തന്റെ ജോലി ചെയ്യുന്നതിലും ആത്മാക്കളെ രക്ഷിക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്നതിലും അദ്ദേഹം സംതൃപ്തനായി.

ഫാ. റുഗെറോയുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന അഗാധമായ ദൈവസ്നേഹം, അനേകരെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും കടന്നുവരാൻ പ്രചോദിപ്പിച്ചു. മാത്രമല്ല, കൗമാരക്കാർക്കും ചെറുപ്പക്കാർക്കുമായി നിരവധി ലേ അപ്പോസ്തോലേറ്റുകൾ അദ്ദേഹം സംഘടിപ്പിച്ചു.

വിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ നിന്നാണ് അദ്ദേഹത്തിന് അനേകരെ നേടുവാൻ കഴിഞ്ഞത്. വിശുദ്ധ ബലിയർപ്പിക്കുവാനും ദിവ്യകാരുണ്യ ആരാധന നടത്തുവാനും അദ്ദേഹം വളരെയേറെ സമയം ചിലവഴിച്ചു.

വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു ആത്മാവ്

ഫാ. റഗ്ഗെറോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടശേഷം സമർപ്പിതയാകുവാൻ തീരുമാനിച്ച ഒരു പെൺകുട്ടി ഇപ്രകാരം പറയുന്നു: “ഫാ. റഗ്ഗെറോ വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു ആത്മാവായിരുന്നു. പെൺകുട്ടികളായ ഞങ്ങൾ സഹായം ആവശ്യമുള്ളപ്പോൾ അദ്ദേഹത്തെ കാണുവാൻ ചെന്നാൽ വിശുദ്ധ കുർബാനയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നതാണ് കണ്ടിരിക്കുന്നത്.”

1951 ജൂലൈ ഒന്നിന് ഫാ. റഗ്ഗെറോ കപുട്ടോയെ അസിസ്റ്റന്റ് വികാരിയായി ഹോളി സ്പിരിറ്റ് ഇടവകയിലേക്ക് മാറ്റി. ഇടവകയിൽ നിന്ന് ഇടവകയിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കത്തിന്റെ തുടക്കമായിരുന്നു ഇത്. കാരണം ഫാ. റഗ്ഗെറോയ്ക്ക് ലഭിച്ച പ്രസിദ്ധിയിൽ മേലധികാരികൾ പരിഭ്രാന്തരായി. ചെറുപ്പക്കാർ അദ്ദേഹത്തെ സ്നേഹിക്കുകയും അവനിലേക്ക് ഒഴുകുകയും ചെയ്തു.

രോഗം ബാധിച്ച് കിടക്കുമ്പോഴും തന്റെ വേദനകളെ അദ്ദേഹം ശാന്തമായി സ്വീകരിച്ചു. മരിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞു: “നിങ്ങൾ എന്നെ ജനങ്ങൾക്കിടയിൽ മണ്ണിനടിയിൽ അടക്കം ചെയ്യും. കാരണം, ഞാൻ മരിച്ചതിനുശേഷവും ജനങ്ങൾക്ക് പുരോഹിതനായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഡോൺ റഗ്ഗെറോ കപുട്ടോ 1980 ജൂൺ 15 -ന് അന്തരിച്ചു. 2021 ജനുവരി 21 ന് ഫ്രാൻസിസ് മാർപാപ്പ, ദൈവദാസൻ ഫാ. റഗ്ഗെറോ മരിയ കപുട്ടോയുടെ വിശുദ്ധ ജീവിതം അംഗീകരിച്ച്, ധന്യൻ പദവിയിലേക്ക് ഉയർത്തി. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.