മുൻപ് കൊറിയൻ സൈന്യത്തിന്റെ ക്യാപ്റ്റൻ; ഇപ്പോൾ കർത്താവിന്റെ പുരോഹിതൻ: വ്യത്യസ്തം ഈ ദൈവവിളിയുടെ സാക്ഷ്യം

“പണ്ട് ഞാൻ ഒരു പ്രൊഫഷണൽ സൈനികനായിരുന്നു. എന്നാൽ ഇന്ന് ഞാൻ കർത്താവിന്റെ സൈനികനാണ്,” -ദക്ഷിണ കൊറിയൻ സൈന്യത്തിൽ ക്യാപ്റ്റൻ ആയിരുന്ന ശേഷം വൈദികനായ ഫാ. ഡാനിയേൽ ബേയുടെ വാക്കുകളാണിത്. ജൂലൈ 10 -ന് സ്പെയിനിലെ കാർട്ടേജീന രൂപതയിലെ കാരവാക്ക ഡി ലാ ക്രൂസ് ആശ്രമത്തിൽ വെച്ച് അദ്ദേഹം നിഷ്പാദുക കാർമലൈറ്റ് സന്യാസ സഭയിലെ വൈദികനായി. 46 -കാരനായ ഇദ്ദേഹം ഇനി ദൈവരാജ്യത്തിന് വേണ്ടി ശുശ്രൂഷ ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ശുശ്രൂഷകനാണ്.

നിഷ്പാദുക കാർമലൈറ്റ് സന്യാസ സഭയിലേക്കും പൗരോഹിത്യത്തിലേക്കും ഉള്ള ഡാനിയേലിന്റെ കടന്നുവരവ് ഏറെ ആശ്ചര്യം നിറഞ്ഞ ഒന്നാണ്. ദക്ഷിണ കൊറിയയിൽ ആണ് ഡാനിയേൽ ജനിച്ചത്. കൂടുതലും ബുദ്ധമത വിശ്വാസികളും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുമാണ് ഇവിടെ. കത്തോലിക്കാ വിശ്വാസികൾ വളരെ കുറച്ചു മാത്രമേ ഇവിടെയുള്ളൂ. ഡാനിയേലിന്റെ മുത്തശ്ശിയുടെ വിശ്വാസമാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആഴത്തിലറിയുവാൻ ഇടനൽകിയത്. അങ്ങനെ കുടുംബം മുഴുവൻ യേശുവിൽ വിശ്വസിച്ചു. “എന്റെ പിതാവ് വർഷങ്ങളായി ഒരു കാർമലൈറ്റ് അൽമായ പ്രേഷിതനാണ്. കുട്ടിക്കാലത്ത് എല്ലാദിവസവും ഞങ്ങൾ പള്ളിയിൽ വി. കുർബാനയ്ക്ക് പോകുമായിരുന്നു. ഒരുമിച്ച് കുടുംബ പ്രാർത്ഥന നടത്തിയിരുന്നു” – ഫാ. ഡാനിയേൽ വെളിപ്പെടുത്തി.

ചെറുപ്പത്തിൽ തന്നെ വൈദികനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും സൈന്യത്തിൽ ചേർന്നു. സൈനിക ജീവിതത്തിൽ അദ്ദേഹം സംതൃപ്തനുമായിരുന്നു. “ഞാൻ ഒരു ജനറലാകാൻ ആഗ്രഹിച്ചു എന്നതാണ് സത്യം. എന്റെ ജോലി മേഖലയിൽ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കാൻ പരിശ്രമിച്ചു. എന്നാൽ, ചിലപ്പോൾ അതിന് പൂർണ്ണമായി സാധിച്ചിരുന്നില്ല. കാരണം, എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. വളരെ കുറച്ച് മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ. എന്നാൽ, ഞാൻ ഒരിക്കലും കർത്താവിനെ മറന്നിട്ടില്ല, അവന്റെ സ്നേഹവും അടുപ്പവും ഞാൻ എല്ലായ്പ്പോഴും അനുഭവിച്ചു. ദൈവത്തിന് നന്ദി.” അദ്ദേഹം കൂട്ടിച്ചേർത്തു.

അങ്ങനെ അദ്ദേഹം ഏകദേശം 10 വർഷത്തോളം സൈനിക ജീവിതം നയിച്ചു. അതിനിടയിൽ ക്യാപ്റ്റനുമായി. എന്നാൽ, ദൈവത്തിന്റെ വിളിയുടെ ശബ്ദം ശ്രവിക്കുന്നത് വരെ മാത്രമേ അത് നീണ്ടുനിന്നുള്ളൂ. ആ ശബ്ദം ഇപ്രകാരമായിരുന്നു: “ഡാനിയേൽ, നീ ഇവിടെ എന്താണ് ചെയ്യുന്നത്? പൊതുവായതും ജീവിതത്തിൽ വിജയിക്കുന്നതുമായ കാര്യങ്ങൾ നിനക്ക് പ്രധാനപ്പെട്ടതാണോ? എന്നാൽ, ഇവ അത്ര പ്രധാനപ്പെട്ടവ അല്ല. അവ നശ്വരമായവയാണ്, വേഗം ഇല്ലാതാകും. നീ എനിക്കുവേണ്ടി പ്രവർത്തിക്കണം. ഭയപ്പെടരുത്, ഞാൻ എപ്പോഴും നിന്നോടൊടൊപ്പമുണ്ടാകും”.

എങ്കിലും എല്ലാം ഉപേക്ഷിക്കാൻ അദ്ദേഹം മൂന്ന് വർഷം കൂടി എടുത്തു. തന്റെ ജീവിതം അദ്ദേഹം പുനർവിചിന്തനം നടത്തി. അങ്ങനെ 2008 -ൽ അദ്ദേഹം ക്യാപ്റ്റൻ പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിനുശേഷം അദ്ദേഹം യൂറോപ്പിലെ നിരവധി കത്തോലിക്കാ രാജ്യങ്ങളിലൂടെ രണ്ടുമാസം ഏകനായി യാത്ര ചെയ്തു. അങ്ങനെ പൗരോഹിത്യത്തിലേക്കുള്ള തന്റെ പാത അദ്ദേഹം ഉറപ്പിച്ചു. അക്കാലത്ത് കൊറിയയിൽ വെച്ച് ഒരു സ്പാനിഷ് ഡൊമിനിക്കൻ വൈദികനെ കണ്ടുമുട്ടി.സ്പെയിനിലേക്ക് പോകുവാൻ അദ്ദേഹം ഡാനിയേലിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 12 വർഷം മുമ്പ് ഡാനിയേൽ സ്പെയിനിലെത്തി. ഭാഷ അറിയില്ല. പരിചയമുള്ള മറ്റാരുമില്ല. സലാമാൻ‌ക നഗരത്തിൽ ആദ്യ വർഷത്തിൽ തന്നെ അദ്ദേഹം സ്പാനിഷ് ഭാഷ പഠിച്ചു. 2010 -ൽ, കാർമ്മലൈറ്റ് വൈദികനെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി.

അങ്ങനെ നിഷ്പാദുക കാർമ്മലീത്ത സന്യാസ സഭയിൽ വൈദികാർത്ഥിയായി പരിശീലനം ആരംഭിച്ചു. ആ നാളുകൾ അദ്ദേഹത്തെ സംബന്ധിച്ച് സ്വയം തിരിച്ചറിയാനുള്ള ഒരു കാലഘട്ടം കൂടിയായിരുന്നു. പിന്നീട് മറ്റ് മൂന്ന് പേർക്കൊപ്പം, രണ്ടുവർഷക്കാലം ഗ്രാനഡയിലെ തിയോളജി ഫാക്കൽറ്റിയിൽ ഫിലോസഫി പഠിച്ചു. 2019 നവംബർ 14 -ന് അദ്ദേഹം ഡീക്കനായി നിയമിതനായി. “ദൈവം നിസ്സാര വ്യക്തിയായ എന്നെ വിളിച്ചിരിക്കുന്നു. എന്റെ കുറവുകൾ ഒന്നും പരിഗണിക്കാതെ ദൈവം എന്നെ സഹായിച്ചു. പക്ഷേ, ദൈവത്തിന്റെയും സമൂഹത്തിലെ എന്റെ സഹോദരങ്ങളുടെയും സഹായത്തോടെ ഞാൻ ഇന്ന് വൈദികനായി.” -അദ്ദേഹം കൂട്ടിച്ചേർത്തു.

“എളുപ്പമുള്ള വഴികൾ തിരഞ്ഞെടുക്കാനും ദൈവവിശ്വാസത്തിൽ നിന്നും അകലാനും വ്യഗ്രതപ്പെടുന്ന ഈ കാലഘട്ടത്തിൽ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.” -അദ്ദേഹത്തിന്റെ തിരുപ്പട്ട വേളയിൽ സാന്താക്രൂസ് ഡി ലാ സിയേറയുടെ (ബൊളീവിയ) സഹായമെത്രാൻ എമെറിറ്റസ് ആർച്ചു ബിഷപ്പ് ബ്രൗൽ ലിയോ സീസ് പറഞ്ഞു.

“കർത്താവ് എന്നെ എല്ലായ്പ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. പൗരോഹിത്യ ദൈവവിളി നൽകി അനുഗ്രഹിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ആവശ്യമുള്ളത് ദൈവം ഇനിയും സമൃദ്ധമായി തരും”- ഫാ. ഡാനിയേൽ പറഞ്ഞു.

“പണ്ട് ഞാൻ ഒരു പ്രൊഫഷണൽ സൈനികനായിരുന്നു. എന്നാൽ ഇന്ന് ഞാൻ കർത്താവിന്റെ സൈനികനാണ്. മിക്കപ്പോഴും, നമുക്ക് ദൈവേഷ്ടം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. മനുഷ്യരായ നമുക്ക് ഇതിനെക്കുറിച്ച് അറിയില്ല. സഭയെ ഉപദ്രവിക്കുകയും ദൈവവിളിക്കുശേഷം മനസാന്തരപ്പെടുകയും ചെയ്ത വി. പൗലോസിനെപ്പോലെ, എന്റെ ജീവിതം ഇതുപോലെ മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.” -അദ്ദേഹം വെളിപ്പെടുത്തി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.