എന്റെ വലിയ പ്രചോദനം ഒരു ചൈനീസ് പെൺകുട്ടിയാണ്: ആർച്ചുബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ തന്റെ മരണത്തിന് മാസങ്ങൾക്കു മുൻപ് പറഞ്ഞത്

ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പതിനൊന്നു വയസ്സുള്ള ഒരു ചൈനീസ് പെൺകുട്ടി, തന്റെ ജീവിതത്തിലെ വലിയ പ്രചോദനമായിരുന്നുവെന്ന്‍ അമേരിക്കൻ ആർച്ചുബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ. അദ്ദേഹം തന്റെ മരണത്തിന് മാസങ്ങൾക്കു മുമ്പാണ് ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അത് ഇപ്രകാരമാണ്: ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചൈന കമ്മ്യൂണിസ്റ്റുകാരുടെ അധീനതയിലായിരുന്നപ്പോൾ അവർ ഒരു പുരോഹിതനെ പള്ളിക്കടുത്തുള്ള സ്വന്തം മുറിയിൽ തന്നെ തടവിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ ജനാലയിൽ കൂടി കമ്മ്യുണിസ്റ്റുകാർ ദൈവാലയത്തെ അധിക്ഷേപിക്കുവാൻ ഉള്ളിൽ കടക്കുന്നത് ഈ വൈദികൻ കണ്ടിരുന്നു. 32 -ഓളം തിരുവോസ്തികൾ സൂക്ഷിച്ചിരുന്ന സക്രാരിയും കുസ്‌തോദിയും അവർ നശിപ്പിക്കുകയും നിലത്തെറിയുകയും ചെയ്യുന്നത് ഹൃദയം പിളർക്കുന്ന വേദനയോടെ അദ്ദേഹം നോക്കിനിന്നു.

ആ പള്ളിയുടെ പുറകിൽ ഒരു ചെറിയ പെൺകുട്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവിടെ സംഭവിച്ചതെല്ലാം അവൾ കണ്ടു. അപ്പോൾ തിരിച്ചുപോയെങ്കിലും രാത്രിയിൽ അവൾ തിരികെയെത്തി. കാവൽക്കാർ കാണാതെ പള്ളിക്കുള്ളിൽ പ്രവേശിച്ച് തിരുവോസ്തി അവഹേളിച്ചതിനു പരിഹാരമായി ഒരു മണിക്കൂർ പ്രാർത്ഥനയിൽ ചിലവഴിച്ചു. അതിനുശേഷം ആ കൊച്ചു പെൺകുട്ടി മുട്ടുകുത്തി, നാവ് കൊണ്ട് നിലത്തു കിടന്ന തിരുവോസ്തി ഉൾക്കൊണ്ടു. അക്കാലഘട്ടത്തിൽ അത്മായർക്ക് കൈകൾ കൊണ്ട് വിശുദ്ധ കുർബാന തൊടാൻ അനുവാദമുണ്ടായിരുന്നില്ല. അവൾ ഇപ്രകാരം പല രാത്രികളിൽ ദൈവാലയത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ആ വിശുദ്ധ കുർബാന സ്വീകരിച്ചു.

അങ്ങനെ 32 തിരുവോസ്തിയും അവൾ സ്വീകരിച്ചു. 32-മത്തെ തിരുവോസ്തി സ്വീകരിച്ചശേഷം അബദ്ധത്തിൽ ഉണ്ടായ ഒരു ശബ്ദം കേട്ട് കടന്നുവന്ന ഗാർഡ് അവളെ പിടികൂടി. ആ കൊച്ചുപെൺകുട്ടിയെ തോക്കു കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഈ പെൺകുട്ടിയുടെ രക്തസാക്ഷിത്വം വീട്ടുതടങ്കലിൽ കഴിയുന്ന ആ പുരോഹിതൻ കാണുന്നുണ്ടായിരുന്നു. പിന്നീട്, ആർച്ചുബിഷപ്പ് ഷീൻ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞു. ഈ സംഭവം കേട്ടപ്പോൾ, ജീവിതകാലം മുഴുവൻ എല്ലാ ദിവസവും വിശുദ്ധ കുർബാനയുടെ മുൻപിൽ ഒരു മണിക്കൂർ ചിലവഴിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചു.

വിശുദ്ധ കുർബാനയുടെ മൂല്യവും ശ്രേഷ്ഠതയും മനസിലാക്കുവാനും അടിയുറച്ച ഒരു വിശ്വാസിക്ക് എങ്ങനെ ഭയത്തെ മറികടക്കുവാനും സാധിക്കുമെന്ന് ആർച്ചുബിഷപ്പിനെ ഈ കൊച്ചുപെൺകുട്ടിയുടെ മാതൃക വളരെയധികം സഹായിച്ചു.

ആരായിരുന്നു ആർച്ചുബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ

ആർച്ച്ബിഷപ്പ് ഷീൻ 1895 മെയ് എട്ടിന് അമേരിക്കയിൽ ജനിച്ചു. 1919-ൽ പുരോഹിതനായി അഭിഷിക്തനായ അദ്ദേഹം 1930-കളിൽ ജനപ്രിയ റേഡിയോ വ്യക്തിത്വമായി ഉയർന്നു. മാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്ന ഒരു ശൈലി അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. അത് അന്നത്തെ കാലഘട്ടത്തിൽ തരംഗമായി. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അദ്ദേഹം റേഡിയോ പ്രോഗ്രാമിലൂടെ സുവിശേഷവുമായി എത്തിച്ചേർന്നു.

ആർച്ചുബിഷപ്പ് ഷീൻ ധാരാളം പുസ്തകങ്ങൾ രചിക്കുകയും അമേരിക്കയിലെ സൊസൈറ്റി ഫോർ പ്രൊപ്പഗേഷൻ ഓഫ് ഫെയ്ത്ത് സ്ഥാപിക്കുകയും ചെയ്തു. 9,000 ക്ലിനിക്കുകളും 10,000 അനാഥാലയങ്ങളും 1,200 സ്കൂളുകളും അദ്ദേഹത്തെ സ്ഥാപിച്ചു. 80,000 സെമിനാരികളെയും 9,000 വിശ്വാസികളെയും പഠിപ്പിക്കാൻ അദ്ദേഹത്തിന്റെ സംഭാവനകൾ സഹായകമായിട്ടുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.