പള്ളിയില്‍ പോയിരുന്നവരെ അപമാനിച്ചിരുന്ന വ്യക്തി ഇന്ന് വിശുദ്ധനായ പുരോഹിതൻ!

മനുഷ്യരുടെ കണ്ണിൽ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് പലപ്പോഴും ദൈവം നടത്തുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് സ്പെയിനിലെ അൽമേരിയ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാ. യുവാൻ ജോസ് മാർട്ടിനെസ്. കൗമാരത്തിലും യുവത്വത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലും ക്രൈസ്തവ വിശ്വാസത്തിലും കത്തോലിക്കാ സഭയിലും യാതൊരു വിശ്വാസമുണ്ടായിരുന്നില്ല മാർട്ടിനെസിന്.  അതേസമയം ക്രിസ്തീയ വിശ്വാസത്തോടുള്ള വെറുപ്പ് വളരെയധികമായിരുന്നു താനും. അതേക്കുറിച്ച് ഫാ. മാർട്ടിനെസ് പറയുന്നതിങ്ങനെ.

“ഞായറാഴ്ച ദിവസങ്ങളിൽ ഞാൻ വീടിന്റെ ബാൽക്കണിയിൽ കയറി നിൽക്കും. എന്നിട്ട് അതുവഴി പരിശുദ്ധ കുർബാന അർപ്പിക്കാനായി ദൈവാലയത്തിലേയ്ക്ക് പോകുന്നവരെ കളിയാക്കുകയും അവരുടെ നേർക്ക് തുപ്പുകയും ചെയ്തിരുന്നു. നമ്മുടെ പണമാണ് ക്രൈസ്തവ സഭയ്ക്ക് വേണ്ടതെന്നൊക്കെ വെറുതെ പറഞ്ഞുനടക്കുകയും ചെയ്തു. എന്നാൽ പിന്നീടൊരു ഘട്ടത്തിലാണ് എനിക്ക് മനസിലായത്, ദൈവം ജീവിക്കുന്നെന്നും ഒരു വൈദികനായി അവിടുത്തേയ്ക്ക് എന്നെ ആവശ്യമുണ്ടെന്നും”.

ഫാ. മാർട്ടിനെസിന്റെ മാതാപിതാക്കൾ വിശ്വാസികളായിരുന്നില്ല. അതുകൊണ്ടുതന്നെ  യാതൊരുവിധത്തിലുള്ള വിശ്വാസപരിശീലനവും മാർട്ടിനെസിന്  ലഭിച്ചിരുന്നില്ല. എന്നാൽ ഒരു അസഹിഷ്ണുവായ വ്യക്തിയായല്ല തന്നെ അവർ വളർത്തിയതെന്ന് ഫാ. മാർട്ടിനെസ് ഓർമിക്കുന്നു. പക്ഷേ വല്യപ്പന്റെയും വല്യമ്മയുടെയും ആഗ്രഹപ്രകാരം മാമ്മോദീസായും ആദ്യ കുർബാനയുമെല്ലാം നടത്തിയിരുന്നെങ്കിലും ദൈവവുമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. പല തെറ്റായ ധാരണകളും തന്നിൽ കയറിക്കൂടിയതായും അത് എവിടെ നിന്നാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. പണ സമാഹരണം ലക്ഷ്യം വച്ചുകൊണ്ട് ആഗോളതലത്തിൽ നടത്തിവരുന്ന, നിരവധി ശാഖകളൊക്കെയുള്ള ഒരു വലിയ പ്രസ്ഥാനമായാണ് മാർട്ടിനെസ് ക്രൈസ്തവ സഭയെ മനസിലാക്കിയിരുന്നത്.

“ക്രൈസ്തവ പുരോഹിതർക്ക് തീർത്തും എതിരായിരുന്നു ഞാൻ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അത് പ്രകടവുമായിരുന്നു. വേദപാഠ ക്ലാസുകൾക്കു പകരം ഞാൻ സന്മാർഗ ക്ലാസുകളിൽ പങ്കെടുത്തു. മാത്രവുമല്ല കൂട്ടുകാരെപ്പോലും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വേദപാഠ ക്ലാസിൽ നിന്ന് മാറ്റി. അങ്ങനെ ഏകദേശം മുഴുവൻ കുട്ടികളും സന്മാർഗ ക്ലാസിലായ സ്ഥിതി വരെയെത്തി”. എന്നാൽ സഭയിലേയ്ക്ക് ആളുകളെ അടുപ്പിക്കുന്ന വ്യക്തിയായി താൻ മാറുമെന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. ആദ്യമായി ഒരു ദൈവാലയത്തിൽ പ്രവേശിച്ചതിനെക്കുറിച്ച് ഫാ മാർട്ടിനെസ് അനുസ്മരിക്കുന്നതിങ്ങനെ.

“1995 ഫെബ്രുവരിയിലായിരുന്നു സംഭവം. എന്നെ അവിടേയ്ക്ക് ക്ഷണിച്ച എന്റെ സുഹൃത്തുക്കളെ പരിഹസിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ അന്നാ ദൈവാലയത്തിലേയ്ക്ക് കയറിച്ചെന്നത്. ധാരാളം സുഹൃത്തുക്കൾ പ്രാർത്ഥനയ്ക്കായി ദൈവാലയത്തിൽ ഉണ്ടായിരുന്നു. അവരെല്ലാവരും ഒരു സ്വർണ്ണപ്പെട്ടിയിലേക്ക് സൂക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു. വിശ്വാസികളിൽ നിന്ന് കൈപ്പറ്റുന്ന പണം വൈദികർ സൂക്ഷിക്കുന്ന പെട്ടിയാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീടാണ് മനസിലായത് അത് താത്കാലികമായി നിർമ്മിച്ച ഒരു ആരാധനാകൂടാരമാണെന്ന്. കൂട്ടുകാരെ കളിയാക്കാനായി എത്തിയതാണെങ്കിലും ഉള്ളിൽ ചിരിച്ച്, പരിഹാസം ഒളിപ്പിച്ച്, മാന്യമായി തന്നെയാണ് അവിടെ പെരുമാറിയത്. അടുത്ത ആഴ്ച പ്രാർത്ഥനയുടെ സമയത്തെത്തി കൂട്ടുകാരെ കളിയാക്കി വിടാം എന്ന് തീരുമാനിക്കുകയും ചെയ്തു”.

“എന്നാൽ അവിടെ  നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ കൗതുകത്തോടെ വീക്ഷിക്കുവാന്‍ മാത്രമേ സാധിച്ചുള്ളു. പല ആഴ്ചകളും ഇത്തരത്തിൽ കടന്നുപോയെന്നു മാത്രമല്ല ഓരോ ദിവസവും ഞാന്‍ ദൈവസ്നേഹത്തിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്‍റെ കണ്ണുകൾ തുറക്കപ്പെട്ടു. വൈദികരെല്ലാം പണ്ഡിതരും വിശുദ്ധരുമാണെന്ന് മനസിലാക്കി തുടങ്ങി. വിശുദ്ധ കുർബാനയ്ക്കിടെ പാട്ടു പാടാൻ അവസരം കിട്ടിയതോടെ വിശുദ്ധ കുർബാനയിലും സജീവപങ്കാളിയായിത്തുടങ്ങി. നിത്യം ജീവിക്കുന്നവനായ സത്യ ദൈവം തന്നെ അഗാധമായി സ്നേഹിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അവിടുന്ന് എന്നെ വിളിക്കുന്നതായി മനസിലാക്കുകയും ചെയ്തു.”

ആദ്യം സ്ഥൈര്യലേപനം സ്വീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ ദൈവത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ആദ്യ കാലങ്ങളിലൊക്കെ പുരോഹിതനാവാനുള്ള ദൈവത്തിന്റെ വിളി മാർട്ടിനെസ് കേട്ടില്ലെന്ന് നടിക്കുകയാണുണ്ടായത്. ദൈവത്തെ അനുസരിക്കുക, പുരോഹിതനാവുക എന്ന ആ വലിയ തീരുമാനം എടുക്കുന്നതുവരെ ദൈവത്തോട് തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്ന്അദ്ദേഹം യാചിച്ചുകൊണ്ടിരുന്നു. അങ്ങനെ തന്റെ പതിനേഴാമത്തെ വയസിൽ മാർട്ടിനെസ് തന്റെ പിതാവിനോട് സെമിനാരിയിൽ ചേരാനുള്ള ആഗ്രഹം വെളിപ്പെടുത്തി. തന്റെ മൃതദേഹത്തിന് മുമ്പിൽ മാത്രമേ അവനു പുരോഹിതനായി നിൽക്കാൻ സാധിക്കൂ എന്നാണ് പിതാവ് അദ്ദേഹത്തോട് പറഞ്ഞത്. അമേരിക്കയിൽ വിട്ടുപോലും പഠിപ്പിക്കാൻ തയാറാണെന്നും എന്നാൽ സെമിനാരിയിൽ വിടില്ലെന്നും അദ്ദേഹം വാശിപിടിച്ചു. അവിലയിലെ വിശുദ്ധ തെരേസയോട് പ്രാർത്ഥിക്കുകയാണ് മാർട്ടിനെസ് പിന്നീട് ചെയ്തത്.  അതിനുശേഷം തന്റെ പിതാവിനെ  കെട്ടിപ്പിടിച്ച് ഇപ്രകാരം പറഞ്ഞു: ” അപ്പാ എനിക്കറിയാം നിങ്ങളങ്ങനെയേ പ്രതികരിക്കൂ എന്ന്. എന്നാല്‍ എനിക്ക് തീര്‍ച്ചയാണ് ഞാന്‍ ചെയ്തത് ശരിയാണെന്ന്. താമസിയാതെ അങ്ങ് തന്നെ അത്  മനസിലാക്കും.”

“എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എന്റെ പിതാവ് പല തിന്മകളും പ്രവര്‍ത്തിച്ചു. എന്നെ പുരോഹിതനാവാന്‍ സഹായിക്കുന്ന പുരോഹിതനെ അറസ്റ്റ് ചെയ്യാന്‍ വരെ ഏര്‍പ്പാടുകള്‍ ചെയ്തു. ഫാ. മാര്‍ട്ടിനെസ് ഓര്‍മ്മിക്കുന്നു. പിതാവിനെ അനുസരിക്കുന്നതിന്റെ ഭാഗമായി മാര്‍ട്ടിനെസ് ആദ്യം സെമിനാരിയില്‍ ചേര്‍ന്നില്ല. പകരം അല്‍മേരിയ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചു തുടങ്ങി. പിതാവിന്റെ അനുവാദത്തിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു അത്. 1999 മെയിലെ ഒരു ദിവസം വീട്ടില്‍ നിന്നും അറിയിപ്പുണ്ടായി, സെമിനാരിയില്‍ ചേരാന്‍ പിതാവ് സമ്മതിച്ചു എന്നറിയിച്ചുകൊണ്ട്. 2000 ത്തില്‍ മാര്‍ട്ടിനേസ് സെമിനാരിയില്‍ ചേര്‍ന്നു. 2006 ല്‍ സ്വന്തം പിതാവിന്റെ സന്നിധ്യത്തില്‍ അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 2015 ല്‍ സ്വന്തം മകനില്‍ നിന്നുതന്നെ രോഗീലേപനവും അന്ത്യകൂദാശയും സ്വീകരിച്ചശേഷമാണ് ആ പിതാവ് മരിച്ചത്.

ഇപ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഫാ. മാര്‍ട്ടിനെസ് തന്റെ ജീവിതം അവര്‍ക്ക് പറഞ്ഞുകൊടുക്കും. ,യഥാര്‍ത്ഥ സന്തോഷം കര്‍ത്താവില്‍ നിന്ന് മാത്രമാണ് ലഭിക്കുക എന്നിട്ട് വ്യക്തമാക്കികൊടുക്കും എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.