കുട്ടികളുടെ പ്രിയപ്പെട്ട  മമ്മ ബോസ്കോ

കത്തോലിക്കരുടെ പ്രിയപ്പെട്ട ഒരു വിശുദ്ധനാണ് സെന്റ് ജോൺ ബോസ്കോ. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ, മാർഗരറ്റ് ബോസ്കോയെ കുറിച്ച് പലര്‍ക്കും  അറിയില്ല.  2006 ൽ കത്തോലിക്ക സഭ ധന്യ ആയി പ്രഖ്യാപിക്കുകയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ  ആരംഭിക്കുകയും ചെയ്ത പുണ്യാത്മാവായിരുന്നു മാർഗരറ്റ് ബോസ്കോ.

മാർഗരറ്റ് ഒക്ചിയാന 1788 – ൽ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു.  24 വയസ്സുള്ളപ്പോൾ മാർഗരട്ട് കര്‍ഷകനും വിഭാര്യനുമായ ഫ്രാന്‍സിസ് ബോസ്കോ എന്ന വ്യക്തിയെ വിവാഹം ചെയ്തു. അദ്ദേഹത്തിനു അന്തോണി എന്നൊരു മകനുണ്ടായിരുന്നു.  ഫ്രാൻസിസ് 1817 ൽ ന്യുമോണിയ ബാധിച്ച് മരണമടയുന്നതിനുമുൻപ് ഈ   ദമ്പതികൾക്ക്  രണ്ട് ആൺകുട്ടികളുണ്ടായി. മൂന്നു കുട്ടികളുമൊത്ത് മാർഗരറ്റ് തൻറെ ജീവിതത്തെ തന്റെ കുടുംബത്തിന്  സമർപ്പിക്കുകയും വരും വർഷങ്ങളിൽ തന്റെ കുട്ടികളെ  കത്തോലിക്കാ മതവിശ്വാസത്തില്‍  വളർത്തിയെടുക്കുകയും ചെയ്തു. അതോടൊപ്പം അവൾ അമ്മായിയമ്മയെ പരിപാലിക്കുകയും ചെയ്തു.

മാർഗരറ്റിന് വിദ്യാഭാസം ഇല്ലായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തിൽ അവൾക്ക് നല്ല അറിവുണ്ടായിരുന്നു. അവളുടെ മക്കളിൽ നന്മയും അറിവും നിറയാനായി അവൾ എല്ലാം ചെയ്തു. ഒരു കത്തോലിക്കാ പുരോഹിതനായി പ്രവർത്തിക്കണമെന്നും യുവത്വത്തോടൊപ്പം ജോലി ചെയ്യണമെന്നും അവള്‍ തന്റെ മകനായ  ജോണിനോട്  ആവശ്യപ്പെടുമായിരുന്നു. ജോണ്‍ 1841 ജൂൺ 5 ന് പൗരോഹിത്യം സ്വീകരിക്കുകയും  ഡോൺ ബോസ്കോ എന്ന  പേര് സ്വീകരിക്കുകയും ചെയ്തു.

സെലേഷ്യന്‍സ് പ്രാഥമികമായി ദരിദ്രരെയും യുവാക്കളെയും പൗരോഹിത്യ ശുശൂഷ, വിദ്യാഭ്യാസം എന്നിവയിലൂടെ സേവിക്കുന്നു. ആശ്രമം സ്ഥാപിച്ചതിനു ശേഷം,  ടൂറിനിൽ ഒരു ഓരട്ടറി നിർമ്മിച്ചു. ആൺകുട്ടികൾക്കായി ഉള്ള സ്കൂളും അനാഥാലയവും ആയി അത് പ്രവര്‍ത്തിച്ചു പോന്നിരുന്നു. വീട്ടിലെ പണികള്‍ തീര്‍ത്ത ശേഷം മാർഗരറ്റ് ബാക്കി സമയം  അനാഥരായ ആൺകുട്ടികളേയും സംരക്ഷിക്കുവാൻ ചിലവഴിച്ചിരുന്നു. അവിടെയുള്ള കുട്ടികള്‍ ബോസ്കൊയുടെ അമ്മ എന്ന നിലയില്‍ അവരെ ‘മമ്മ ബോസ്കോ’ എന്നാണ് വിളിച്ചിരുന്നത് . വെറുതെ ഇരിക്കുന്നതായി മാര്‍ഗരറ്റിനെ കാണുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മിക്കപ്പോഴും ജോലികളിലായിരിക്കും. 1856 – ൽ ന്യുമോണിയ ബാധിച്ച്  68 –  മത്തെ  വയസ്സിൽ മാർഗരറ്റ് മരണമടഞ്ഞു.

1995 മാർച്ച് 7 നാണ് മാർഗറ്റിനെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്കു ഉയര്‍ത്താനുള്ള  നടപടികൾ  ആരംഭിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ അവളെ “ദൈവദാസി” എന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2006 ഒക്ടോബർ 23 ന് ബെനഡിക്ട് പതിനാറാമൻ അവളെ വീരപദവിയിൽ ആദരിച്ചു. മാർഗരറ്റ് ബോസ്കോയുടെ വാഴ്ത്തപ്പെട്ട പദവിക്ക്  സഭയിൽ ഇനിയും ഒരു പടി കൂടി ഉണ്ട്. അതിനായി വൈദ്യരംഗത്തിനോ പ്രകൃതി ശാസ്ത്രത്തിനോ വിശദികരിക്കുവാന്‍ കഴിയാത്ത ഒരു അത്ഭുതം ആവശ്യമാണ്. അതുകഴിഞ്ഞാല്‍ പാപ്പ മാര്‍ഗരറ്റ് ബോസ്കൊയെ വിശുദ്ധയായി പ്രഖ്യാപിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ