കത്തോലിക്കാ സ്കൂളുകൾ പിടിച്ചെടുക്കുന്നത് വിശ്വാസത്തിനെതിരായ വിദ്വേഷമാണെന്ന് എറിത്രിയൻ ബിഷപ്പുമാർ

എറിത്രിയയിൽ സ്‌കൂളുകൾ നിർബന്ധിതമായി അടപ്പിച്ചതിനു പിന്നിൽ വിശ്വാസത്തിനെതിരായ വിദ്വേഷമാണെന്ന് വെളിപ്പെടുത്തി എറിത്രിയൻ ബിഷപ്പുമാർ. ഇതിനെതിരെ മെത്രാന്മാർ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

“ഇത് വിശ്വാസത്തിനെതിരെയും മതത്തിനെതിരെയുമുള്ള വിദ്വേഷമല്ലെങ്കിൽ മറ്റെന്താണ്?” എറിത്രിയയുടെ മെത്രാന്മാർ സെപ്റ്റംബർ 4-ന് പൊതുവിദ്യാഭ്യാസ മന്ത്രി സെമെറെ റീസോംമിനു അയച്ച കത്തിൽ ചോദിക്കുന്നു. “ഞങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ അവകാശങ്ങൾക്കും സഭയുടെ നിയമാനുസൃത സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. ശരിയാക്കേണ്ടതോ ക്രമീകരിക്കേണ്ടതോ ആയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യാം. പ്രശ്നങ്ങൾ സമാധാനത്തിൽ സംസാരിച്ചു പരിഹരിക്കാം. അല്ലാതെ ഈ സ്ഥാപനങ്ങൾ പൂട്ടിക്കുകയല്ല ചെയ്യേണ്ടത്” – കത്തിൽ ബിഷപ്പുമാർ വ്യക്തമാക്കി.

ഒരു മാസത്തിനിടെ ഏഴ് സ്കൂളുകളാണ് സർക്കാർ പൂട്ടിച്ചത്. ഇതിൽ നാലെണ്ണം കത്തോലിക്കാ സഭയുടെ കീഴിലും രണ്ടെണ്ണം പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുമുള്ള സ്കൂളുകളാണ്. ഒരെണ്ണം മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ളതും. എറിത്രിയയിൽ വെറും നാല് ശതമാനം മാത്രമാണ് കത്തോലിക്കർ ഉള്ളത്. കാത്തോലിക്ക സ്ഥാപനങ്ങളുടെ മേൽ നാളുകളായി കടുത്ത നിയന്ത്രണങ്ങളാണ് ഭരണകൂടം കൊണ്ടുവരുന്നത്.