ഉഗാണ്ടയിലെ കുട്ടികള്‍ക്കായി പാപ്പായുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ നേടിയത് 42,000 പൗണ്ട്

ഉഗാണ്ടയിലെ അനാഥക്കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ ‘ഹോളി ഡേവിഡ്‌സണ്‍’ എന്ന വിശേഷണത്തോടെ അന്താരാഷ്ട്ര ഓക്ഷന്‍ സ്ഥാപനമായ ബോണ്‍ഹാംസ് ലേലത്തിനു വച്ച ‘ഫ്രാന്‍സിസ് പാപ്പയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍’ ബൈക്ക് സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍ നടന്ന ലേലത്തില്‍ 42,000 പൗണ്ട് നേടി. ഉഗാണ്ടയിലെ അനാഥരായ കുട്ടികള്‍ക്ക് സ്‌കൂളും അനാഥാലയവും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഈ ആഡംബര ബൈക്ക് ലേലത്തില്‍ വച്ചത്.

മുള്‍ക്കിരീടത്തിന്റെ ചിത്രവും, സ്വര്‍ണ്ണം പൂശിയ കുരിശും ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുമാണ് ബൈക്കിന്റെ പ്രത്യേകതകള്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഹാര്‍ലി ഡേവിഡ്‌സന്റെ ഏറ്റവും പുതിയ മോഡലായ 1570ഇഇ മെക്‌സിക്കന്‍ അമേരിക്കന്‍ ശൈലിയിലുള്ള പിയര്‍സെന്റ് വൈറ്റ് ബൈക്ക് ഫ്രാന്‍സിസ് പാപ്പായ്ക്ക് സമ്മാനമായി ലഭിച്ചത്.

ഇതിനു മുന്‍പും ഫ്രാന്‍സിസ് പാപ്പാ, തനിക്ക് സമ്മാനമായി ലഭിച്ച വാഹനങ്ങളും ഇതര വസ്തുക്കളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിട്ടുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പാക്ക് സമ്മാനമായി ലഭിച്ച മറ്റൊരു ബൈക്ക് 2,08,399 പൗണ്ടിനാണ് ലേലത്തില്‍ പോയത്.