ഇവിടുത്തെ സന്യാസികള്‍ എപ്പോഴും ആഹ്ലാദത്തിലാണ് – ഈ ആശ്രമത്തിലെ വിശേഷങ്ങള്‍ വായിക്കൂ

ബ്രദര്‍ മെല്‍ബിന്‍ തെങ്ങുംപള്ളില്‍

ഒരു മാസക്കാലത്തോളമായി ഇറ്റലിയിലെ ഒരു ഉയർന്ന മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മോന്തേവെർജിനെ എന്ന ബെനെഡിക്റ്റൈൻ മൊണാസ്റ്ററിയിൽ ആയിരുന്നു. വൈദികരും വൈദികർ അല്ലാത്തവരുമായ പന്ത്രണ്ടോളം സന്യാസികളുടെ കൂടെയുള്ള ജീവിതം എന്നെ പഠിപ്പിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ നാളുകളിലൊക്കെ സോഷ്യൽമീഡിയ തുറന്നാൽ എവിടെയും സന്യാസം ആയിരുന്നു ചർച്ചാവിഷയം. സന്യാസത്തിൽ ‘പെട്ടുപോയി’ എന്ന് കരുതുന്നവരുടെ വിഴുപ്പലക്കലുകളും അറിവില്ലാത്തവന്റെ അറക്കുന്ന ജല്പനങ്ങളും, വയറ്റിപ്പിഴപ്പിന് അസത്യത്തെയും അർദ്ധസത്യത്തെയും വിറ്റും സന്യാസത്തെ മുച്ചൂടും അപമാനിച്ചും റേറ്റിംഗ് കൂട്ടുന്ന മാധ്യമ കോമരങ്ങളെ ഒരുപാട് സോഷ്യൽ മീഡിയയിൽ കണ്ടു. സോഷ്യൽ മീഡിയയ്ക്ക് പുറത്ത് ഞാൻ നേരിട്ടുകണ്ട് അനുഭവിച്ച സന്യാസത്തിന്റെ യാഥാർത്ഥ്യങ്ങളോട് അവ ഒരു വിധേനയും പൊരുത്തപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. 

കത്തോലിക്കാ സന്യാസം എന്നാൽ കൂടുതൽ നേടിയെടുക്കുന്നവൻ വിജയിക്കുന്ന, അവകാശങ്ങൾക്കു വേണ്ടി ഏതറ്റംവരെയും എന്തുവിലകൊടുത്തും പോകാൻ പറ്റുന്ന, ഒന്നും വിട്ടുകൊടുക്കാൻ പാടില്ലാത്ത, സ്വന്തം ചിന്തകൾക്ക് അനുസരിച്ച് എങ്ങനെയും ചലിക്കാവുന്ന ഒരു ലൗകിക ജീവിതക്കളരിയാണെന്ന ചിന്തയാണ് ഇന്ന് പലരിലും പ്രകടമാകുന്നത്. എന്നാൽ കൂടുതൽ വിട്ടു കൊടുക്കുന്നവന്റെയും എന്റെ അവകാശങ്ങളെക്കാൾ സഹോദരൻ വേദനിക്കരുത് എന്ന് ആഗ്രഹിക്കുന്നവന്റെയും സ്വന്തം ചിന്തകൾക്കപ്പുറം അനുസരണത്തിന് ദൈവീകമാനം കൽപ്പിക്കുന്നവന്റെയും പറുദീസയാണ് സന്യാസം എന്ന് തിരിച്ചറിയാത്തിടത്തോളം പലർക്കും അതു അനീതിയുടെ കൂത്തരങ്ങാണ്. 

ഈ ബനഡിക്ടൈൻ മൊണാസ്റ്ററിക്ക് ഒരു ആബട്ട് ഉണ്ട്. ഈ സന്യാസ ആശ്രമത്തിലെ ഭൂരിപക്ഷം തിരഞ്ഞെടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു രൂപതയിലെ മെത്രാനു തുല്യമായ പദവിയിലിരിക്കുന്ന ഈ മൊണാസ്റ്ററിയുടെ ഓർഡിനറി ആണ് അദ്ദേഹം. ഈ ആശ്രമത്തിൽ വ്രതങ്ങൾ സ്വീകരിച്ച് അംഗമായാൽ ഒരു സന്യാസിക്ക് മരണംവരെ ഇവിടെ തന്നെയാണ് ജീവിതം. വർഷത്തിൽ ഒരാഴ്ചയോളം അവർക്ക് വീടുകളിൽ പോകാം. മിക്ക ദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് ശേഷം ഉള്ള സമയത്ത് ഡോം ഡൊണാത്തോ എന്ന സന്യാസിയുടെ കൂടെ ഞങ്ങൾ നടക്കാൻ ഇറങ്ങാറുണ്ട്. ഇവിടുത്തെ സന്യാസ ജീവിതത്തെ പറ്റിയുള്ള പല കാര്യങ്ങളും എനിക്ക് പറഞ്ഞു തന്നത് അദ്ദേഹമാണ്. ഒരു കൗതുകത്തിന് നിങ്ങൾക്ക് കയ്യിൽ എത്ര പൈസ സൂക്ഷിക്കാം എന്ന് ചോദിച്ചപ്പോൾ സന്യാസ വസ്ത്രത്തിന്റെ രണ്ടു പോക്കറ്റുകളും പുറത്തേക്കിട്ടു ഒരു പുഞ്ചിരിയോടെ എന്നെ നോക്കി. വീട്ടിൽ നിന്ന് ആരെങ്കിലും ഒക്കെ കാണാൻ വരുമ്പോൾ എന്തെങ്കിലും കൊണ്ടുവന്നു തരില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു ബിസ്ക്കറ്റ് കൊണ്ടുവന്നാൽ അത് ഞങ്ങൾ കമ്മ്യൂണിറ്റിയിൽ പങ്കുവെച്ചു കഴിക്കും എന്നായിരുന്നു ഉത്തരം. ആബട്ട് ഈ സന്യാസിമാരിൽ ആരോടെങ്കിലും എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടാൽ നോ എന്ന മറുപടിയോ എന്തിന് എന്ന മറുചോദ്യമോ ഉയരാറില്ല. 

പ്രാർത്ഥനകളുടെ കാര്യത്തിൽ കൃത്യമായ നിഷ്ഠയുണ്ട്. ഓരോ യാമങ്ങളിലും ഉള്ള പ്രാർത്ഥനകൾ മൊണാസ്റ്ററികൾക്ക് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എല്ലാറ്റിനും കൂടുതൽ ദൈർഘ്യമുണ്ട്. ഒരുദിവസം സായാഹ്ന പ്രാർത്ഥനക്കായി വന്ന സന്യാസിമാരിൽ അറുപതോളം വയസ്സുള്ള ഒരാളോട് ആബട്ട് മുടി ചീകി വയ്ക്കാൻ പറയുന്നതും ഒരു ചെറുപുഞ്ചിരിയോടും വിധേയത്വത്തോടും കൂടി അപ്പോൾ തന്നെ അത് ചെയ്യുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.
എനിക്ക് ഏറെ അതിശയവും വിഷമവും തോന്നിയത് ഭക്ഷണശാലയിലെ വൈകിവരുന്നവർ ചെയ്യുന്ന ക്ഷമാപണത്തിന്റെ ശൈലിയാണ്. നിരവധി അതിഥികളും മറ്റ് സന്യാസിമാരും ഇരിക്കുന്ന ഭക്ഷണശാലയിൽ ഒരു മിനിറ്റ് വൈകി എത്തിയാൽ അവർ കുരിശു രൂപത്തിനു മുമ്പിലും ആബട്ടിനു മുമ്പിലും മുട്ടുകുത്തി ശിരസ്സു നമിച്ചു എഴുന്നേൽക്കും. 77 വയസ്സുള്ള ഒരു വൃദ്ധ വൈദികൻ ഇത്തരത്തിൽ വിധേയത്വം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ ദുഃഖം തോന്നി. എത്ര ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിലും അവർ കാരണം പറയാനോ ന്യായീകരിക്കാനോ പോകാറില്ല. പ്രാർത്ഥനകളോ മറ്റോ വായിക്കുന്നതിനിടയിൽ ഒരു വാക്ക് തെറ്റിയാൽ കൈ നെഞ്ചിൽ വച്ച് മനസ്സിൽ ‘എന്റെ പിഴ’ ചൊല്ലും. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് ഒരുമണിക്കൂറോളം വർത്തമാനം പറയുകയും പല കാര്യങ്ങളെപ്പറ്റി പറഞ്ഞു ചിരിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ഒക്കെ ചെയ്യാറുണ്ട്. ശേഷം ഒരുമിച്ചിരുന്ന് സന്ധ്യാനമസ്കാരവും ചൊല്ലിയാണ് പിരിയാറ്. 

ഭക്ഷണശാലയിൽ ഇവിടുത്തെ സന്യാസികൾ മാത്രമാണ് ഭക്ഷണം വിളമ്പാറ്. എല്ലാവർക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങൾ സമൂഹത്തിലുണ്ട്. ചിലർക്ക് വലിയ ചുമതലകൾ ആവാം, മറ്റുചിലർക്ക് ചെറിയ ഉത്തരവാദിത്വങ്ങൾ. എത്ര വലിയ പദവിയിലിരിക്കുന്നവരെയും എപ്പോൾ വേണമെങ്കിലും ചെറിയ പദവിയിലേക്ക് കൊണ്ടുവരാം. ആരും പരാതി പറയാറില്ല; പരിഭ്രമവും ഇല്ല. 

എന്റെ സുഹൃത്തായ ഡോം ഡൊണാത്തോയോട് ഈ സന്യാസം തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. ഇവിടുത്തെ ഓരോ കാര്യങ്ങൾ പറഞ്ഞു തരുമ്പോഴും അദ്ദേഹത്തിൽ ആവേശവും സന്തോഷവും നിറയുന്നത് ഞാൻ കണ്ടു. തന്നെ ദൈവം ഈ സന്യാസ ജീവിതത്തിലൂടെ ദൈവത്തോട് അടുത്തായിരിക്കാൻ വിളിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: ദൈവം എപ്പോൾ വേണമെങ്കിലും പല വിധത്തിൽ നാം ജീവിക്കേണ്ടതും തെരഞ്ഞെടുക്കേണ്ടതുമായ ജീവിതമാർഗങ്ങളെപ്പറ്റി നമുക്ക് മനസ്സിലാക്കി തരും. അന്ന് ആ ദൈവീകസ്വരത്തിന് അനുസരിച്ച് നാം ജീവിക്കാൻ തുടങ്ങണം. ചിലപ്പോൾ അത് അധികാരികളിലൂടെ ആവാം. മറ്റു പല രീതികളിലും ആവാം. ഫ്രാൻസിസ്കൻ സന്യാസസഭയിൽ ചേർന്നു ജീവിതം ആരംഭിച്ച അദ്ദേഹം മൂന്ന് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ അവിടുത്തെ അധികാരിയുടെ നിർദ്ദേശം സ്വീകരിച്ച് ബെനഡിക്ടൻ സന്യാസജീവിതം തിരഞ്ഞെടുത്തതാണ്. പത്തു വർഷങ്ങൾക്കുശേഷം ഒരു മലമുകളിൽ പഴയ നൂറ്റാണ്ടുകളിലെ മരുഭൂമിയിലെ താപസരെപോലെ ദൈവത്തോടൊത്ത് ഏകാന്ത ജീവിതം നയിക്കാനുള്ള അവസരമുണ്ട്. അതിന് ആബട്ടിനോട് അനുവാദം ചോദിക്കണം. അദ്ദേഹത്തിലൂടെ ദൈവം സംസാരിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ന് ഇദ്ദേഹം. 

എല്ലാത്തിനും അദ്ദേഹത്തിന് ഒരു ഉത്തരമുണ്ട്. ഞാൻ ഈ ജീവിതാന്തസ്സ് ഇങ്ങനെയൊക്കെയാണ് എന്ന് അറിഞ്ഞു തന്നെയാണ് തിരഞ്ഞെടുത്തത്. എനിക്കിത് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ ആരെ കുറ്റപ്പെടുത്തണം. മറ്റൊരു ജീവിതമാണ് തനിക്ക് മുമ്പിൽ ദൈവം തുറക്കുന്നത് എങ്കിൽ അതിലേക്ക് കടന്നു ചെല്ലാനും തനിക്ക് ഒരു മടിയുമില്ല. ഡോം ഡൊണാത്തോയുടെ ഈ വാക്കുകളിൽ ഇന്നത്തെ സന്യാസ ത്തെ പറ്റിയുള്ള ആശങ്കകൾക്ക് എല്ലാമുള്ള ഉത്തരമുണ്ട്.

ഈ മൊണാസ്റ്ററിയിൽ കാണാത്ത ചില കാര്യങ്ങൾ കൂടെ കുറിക്കട്ടെ:

? ദിവസം മുഴുവൻ ഇവർ ഇവരുടെ സന്യാസ വസ്ത്രത്തിലാണ്. ആരും തനിക്കിത് പറ്റുന്നില്ല എന്ന് പറഞ്ഞ് തോന്നിയ വസ്ത്രം ധരിക്കുന്നത് ഞാൻ കണ്ടില്ല.

? എനിക്ക് മറ്റുള്ളവരെക്കാൾ ഏറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് സ്വന്തമായി പണം സമ്പാദിച്ചു സ്വന്തം സൗകര്യത്തിന് ഉപയോഗിക്കുന്നവരെയും ഞാൻ കണ്ടില്ല.

? എനിക്ക് നടക്കാൻ പ്രയാസം ഉണ്ടെന്നു പറഞ്ഞ് സ്വന്തമായി വാഹനം വാങ്ങി ഉപയോഗിക്കുന്ന വരെയും ഞാൻ കണ്ടില്ല.

? ഒരു സ്ഥലത്തേക്ക് പോകാനോ ഒരു കാര്യം ചെയ്യാനോ അധികാരി പറഞ്ഞാൽ എനിക്ക് സൗകര്യമില്ല എന്ന് പറയുന്നവരെയും ഞാൻ കണ്ടില്ല.

? സഹോദര സന്യാസികൾ എല്ലാം അധാർമികജീവിതം നയിക്കുന്നവരാണ് എന്ന് മൈക്ക് കെട്ടി വിളിച്ചു കൂവുന്നവരെയും ഞാൻ കണ്ടില്ല.

? സ്വന്തം മുറികളിൽ പുറത്തുനിന്ന് ആരെയെങ്കിലും കയറ്റി താമസിപ്പിക്കുന്നവരെയും കണ്ടില്ല.

? തോന്നുമ്പോൾ ഇറങ്ങിപ്പോവുകയും ഇഷ്ടമുള്ളപ്പോൾ കയറി വരികയും ചെയ്യുന്ന ആരും ഇവിടെയില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാവരും സന്തോഷവാൻമാരാണ്. കാരണം അവർക്കറിയാം ആരും തങ്ങളെ നിർബന്ധിച്ച് ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നതല്ലെന്ന്.

ഇനിയും കത്തോലിക്ക സന്യാസത്തിനെതിരെ അസഭ്യം പുലമ്പുന്നവർക്ക് ആ നാട്ടിലെ ഏതെങ്കിലും സന്യാസ ആശ്രമത്തിൽ അധികാരികളുടെ അനുവാദത്തോടെ കുറച്ചുനാൾ താമസിച്ച് സന്യാസം എന്തെന്ന് ബോധ്യപ്പെടുത്താവുന്നതാണ്. വ്യക്തമായി അറിയാവുന്ന കാര്യങ്ങൾ ആധികാരികതയോടെ വിളമ്പുന്നതല്ലേ അതിന്റെ ഒരിത്…

ബ്രദർ മെൽബിൻ തെങ്ങുംപള്ളില്‍