എങ്ങനെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കൂട്ടുകാരാകാം?

മക്കളുടെ ഏറ്റവും നല്ല സൂഹൃത്താകാന്‍ മാതാപിതാക്കള്‍ക്കു കഴിയുക എന്നത് ചെറിയ കാര്യമല്ല. എങ്ങനെയാണ് കുട്ടികളെ കൂട്ടുകാരാക്കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സംശയമാണ്. ആദ്യം നല്ലൊരു ശ്രോതാവാകുക. കേള്‍ക്കാന്‍ കാതു കൊടുക്കുന്നവനേ കേള്‍പ്പിക്കാന്‍ കാതു ലഭിക്കൂ എന്നു കേട്ടിട്ടില്ലേ?

1. ചെറിയ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങുക

കുട്ടികള്‍ സംസാരിക്കാനുള്ള തങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുന്നത് ചില സൂചനകളിലൂടെയാണ്. അത് തിരിച്ചറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ ചെയ്യുന്ന ജോലി മാറ്റിവച്ച് അവന്റെ ചോദ്യത്തിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് എട്ട് വയസ്സ് കഴിഞ്ഞ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ അവനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് അവനുമായുള്ള ബന്ധം വളര്‍ത്തുന്നതിന് പ്രധാനപ്പെട്ട ഘടകമാണ്. മറ്റെല്ലാം മാറ്റിവച്ച് അവനെ ശ്രദ്ധിക്കുമ്പോള്‍, ആവശ്യമുള്ളപ്പോള്‍ നിങ്ങളെ സമീപിക്കാമെന്നും നിങ്ങളെ ആശ്രയിക്കാമെന്നുമുള്ള ബോധ്യം അവനില്‍ വളര്‍ന്നുവരും.

2. വിശേഷങ്ങള്‍ ചോദ്യങ്ങളായി ചോദിക്കുക

കുട്ടികള്‍ക്ക് സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുക. ഇന്ന് സ്‌ക്കൂളില്‍ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്തായിരുന്നു. ഇന്ന് ലഞ്ച് കഴിക്കാന്‍ ആരായിരുന്നു കൂട്ട്? അല്ലെങ്കില്‍ ഇന്നത്തെ ഫുട്ബോള്‍ മാച്ചില്‍ ആരാണ് ജയിച്ചത്? സ്‌കൂള്‍ വിശേഷങ്ങള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ഉത്തരം പറയാനുള്ള ഉത്സാഹം അവര്‍ കൂടുതല്‍ കാണിക്കും. എന്തുകൊണ്ട് എന്ന് തുടങ്ങുന്ന ചോദ്യങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് കുട്ടികളെ സംസാരിക്കാന്‍ പ്രേരിപ്പിക്കണമെന്നില്ല.

3. ഉപദേശം വേണ്ട

തങ്ങളുടെ വികാരങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നു. അതിന് അവര്‍ക്ക് അവസരം കിട്ടണം. അതിന് മുന്‍പ് നിങ്ങള്‍ ഉപദേശവുമായി എടുത്തു ചാടരുത്. കുട്ടികള്‍ക്ക് അവരുടേതായ പരിഹാരമാര്‍ഗങ്ങളുണ്ട്. അവരത് പരീക്ഷിക്കട്ടെ. അതിലൂടെയാണ് അവരുടെ ആത്മവിശ്വാസം വളരുന്നത്. പരിഹാരവും ഉപദേശവുമായി നിങ്ങള്‍ എടുത്തു ചാടുകയാണെങ്കില്‍ അത് അവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കും. കഴിവില്ലാത്തവനാണ് താനെന്ന് അവന് തോന്നും. അവരുടെ വികാരങ്ങളെ അംഗീകരിക്കുകയും അവരുടേതായ പരിഹാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ നിങ്ങളോട് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടും; പിന്നീടും പ്രശ്നങ്ങള്‍ വരുമ്പോള്‍ അവര്‍ നിങ്ങളെ സമീപിക്കും.

4. എല്ലാ ദിവസവും കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക

എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും കുട്ടികളോട് വ്യക്തിപരമായി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എന്തിനെപ്പറ്റിയും സംസാരിക്കാം. കുട്ടികള്‍ക്ക് താത്പര്യമുള്ള എന്തും വിഷയമായി വരാം. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒരുമിച്ച് ചില കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം. കൗമാരക്കാരായ മകനുമായി ഒരു ചെറിയ ഔട്ടിങ് ആകാം. അല്ലെങ്കില്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരുമിച്ച് കുടിക്കുന്ന ഒരു കപ്പ് പാലാകാം സംസാരത്തിന് അവസരം സൃഷ്ടിക്കുക.

5. ഓരോ കുട്ടിക്കായും പ്രത്യേക സമയം മാറ്റിവയ്ക്കുക

അച്ഛനും മകളും ആഴ്ചയിലൊരിക്കല്‍ ഷോപ്പിംഗിന് പോകുന്നതും അമ്മയും മോനും ഒരുമിച്ച് നടക്കാന്‍ പോകുന്നതും ബന്ധങ്ങളുടെ വേരുകള്‍ കൂടുതല്‍ ആഴത്തിലിറങ്ങാന്‍ സഹായിക്കും. കുട്ടികള്‍ക്കായി മാതാപിതാക്കള്‍ മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ കുട്ടികള്‍ ആ ദിവസം വരാന്‍ കാത്തിരിക്കും. അതുപോലെ പലകുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ കുട്ടിക്കായും പ്രത്യേകം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

6. എപ്പോഴും സംലഭ്യരാകുക

ടൈംടേബിള്‍ വച്ച് സംസാരിക്കുന്നവരല്ല കുട്ടികള്‍. സംസാരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവര്‍ മൗനി കളാകുകയും ചെയ്യും. കുട്ടികള്‍ക്ക് ഇഷ്ടമുള്ളപ്പോളാകും അവര്‍ സംസാരം തുടങ്ങുക. അവര്‍ സം സാരിക്കട്ടെ. ഒരു നല്ല ശ്രോതാവാകുകയാണ് ഉത്തമം. നിങ്ങളുടെ സാന്നിദ്ധ്യം അവര്‍ക്ക് കൂടുതല്‍ സഹായകരമാകും.

സാധാരണയായി തീരെ ചെറിയ കുട്ടികള്‍ക്ക് സംസാരിക്കാന്‍ മടിയൊന്നുമുണ്ടായിരിക്കില്ല. കുട്ടികളുമായി ഒന്നിച്ചിരിക്കാന്‍ കഴിയുന്നത് ചിലപ്പോള്‍ തുണികള്‍ മടക്കുമ്പോഴോ അയണ്‍ ചെയ്യുമ്പോഴോ ഒക്കെയായിരിക്കാം. ഉപാധികളും പരിധികളുമില്ലാതെ അവര്‍ സംസാരിക്കുന്ന സമയമാണത്. അങ്ങനെയുള്ള അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. നിങ്ങളോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുതിര്‍ന്ന കുട്ടികള്‍ നിങ്ങളോട് സംസാരിക്കുക. കൗമാരക്കാരും യുവാക്കളും സ്വകാര്യത ഇഷ്ടപ്പെടുന്നുവെന്ന് മറക്കരുത്. അതിലേക്ക് നിങ്ങള്‍ അതിക്രമിച്ചു കടക്കരുത്.

7. നേരിട്ടല്ലാതെയും സംഭാഷണത്തിലേര്‍പ്പെടാം

നടക്കാന്‍ പോകുമ്പോഴോ, കാറില്‍ യാത്ര ചെയ്യുമ്പോഴൊ ഒക്കെയാണ് കുട്ടികള്‍ കൂടുതല്‍ സംസാരിക്കാനിഷ്ടപ്പെടുക. കുട്ടികളുടെ വിശേഷങ്ങള്‍ ഏറ്റവും കൂടുതല്‍ പുറത്തുവരുന്ന സമയമാണിത് എന്ന് മനസ്സിലാക്കണം. കേള്‍വിക്കാരന്റെ റോളായിരിക്കും മാതാപിതാക്കള്‍ക്ക്. നേരിട്ടു സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ സംസാരിച്ചെ ന്നിരിക്കും. ഏറ്റവും പ്രധാനം കുട്ടികളെ ശ്രദ്ധയോടെ കേള്‍ക്കുകയാണെന്ന് മറക്കാതിരിക്കുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.