ബൈബിള്‍ കൈകൊണ്ട് എഴുതി അച്ചടി ഗ്രന്ഥത്തെ തോല്പിച്ച വീട്ടമ്മ

ജയ്‌മോന്‍ കുമരകം

തൃപ്പൂണിത്തുറ: പി.ഒ.സി ബൈബിളിന്റെ അതേ പേജ് ക്രമീകരണത്തോടെ ഒരു പേജില്‍ വരുന്ന അത്രയും വാക്യങ്ങള്‍ അച്ചടി തോറ്റു പോകുന്ന വിധം എഴുതി തയാറാക്കിയ വചനഗ്രന്ഥം ജനശ്രദ്ധ നേടുന്നു. ഒരു വീട്ടമ്മയാണ് ഇത് എഴുതിയത് എന്നുകൂടി അറിയുമ്പോള്‍ കാണുന്നവരും കേള്‍ക്കുന്നവരുമെല്ലാം അത്ഭുതപ്പെടുന്നു.

തൃപ്പൂണിത്തുറ ഞാളിയത്ത് ജിജി സാബു എന്ന വീട്ടമ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ‘2015 ജനുവരി ഒന്നിന് സൗദിയില്‍വച്ചാണ് ജിജി ബൈബിള്‍ എഴുതിത്തുടങ്ങുന്നത്. 2018 ഒക്‌ടോബര്‍ 31ന്, മാതാവിന്റെ ജപമാലമാസം, നാട്ടില്‍വച്ച് എഴുതിത്തീര്‍ത്തു. പഴയനിയമം 975 പേജും പുതിയ നിയമം 299 പേജുമാണ് പി.ഒ.സി സമ്പൂര്‍ണ ബൈബിളിലുള്ളത്. അതുതന്നെ ഞാനും എഴുതിയിരിക്കുന്നു. ഏകദേശം നാലുവര്‍ഷമെടുത്തു. അധികസമയവും പ്രഭാതത്തിലാണ് എഴുതിയത്. അതിനായി എ ഫോര്‍ സൈസ് പേപ്പറും ലെക്‌സിയുടെ പേനയും ഉപയോഗിച്ചു. ശേഷം ഡോണ്‍ ബോസ്‌കോ പ്രസിലെ ബ്ര. ഷാജി ആന്റ് ടീം ബൈബിള്‍ ബൈന്‍ഡ് ചെയ്തു തന്നു. തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലെ വികാരി ഫാ. ജേക്കബ് പുതുശേരി ബൈബിള്‍ വെഞ്ചരിച്ചു. നേരത്തെ തൃപ്പൂണിത്തുറ ദൈവാലയവികാരിയായിരുന്ന ഫാ. പോള്‍ ചെറുപള്ളിയുടെ നല്ല വാക്കുകളും ഏറെ സന്തോഷമായി’. വ്യത്യസ്തമായ തന്റെ ഉദ്യമത്തെക്കുറിച്ച് ജിജി പറയുന്നു.

തൃപ്പൂണിത്തുറ ദൈവാലയം, ഇടവക വികാരി ഫാ. മാര്‍ട്ടിന്‍, മുതല്‍ എന്റെ മാതാപിതാക്കളായ രാജാ വര്‍ഗീസ്, മേരി, അമ്മാമ്മ, സഹോദരങ്ങള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, പിന്നെ ഭര്‍ത്താവ് സാബു മാത്യു, മക്കളായ ക്രിസ്റ്റോ സാബു, ബെന്‍ലിയോ സാബു (സൗദി), ദൈവമൊരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മ, അവിടുത്തെ സഹോരങ്ങള്‍, കുഞ്ഞുങ്ങള്‍ ഇവരുടെയെല്ലാം സഹായവും പ്രചോദനവും തന്നോടൊപ്പം ഉണ്ടായിരുന്നതായും ജിജി സ്മരിക്കുന്നു.

‘ഈ സമ്പൂര്‍ണ ബൈബിള്‍ എഴുതിത്തീരുംമുമ്പ് തന്നെ, ഞങ്ങള്‍ക്ക് അസാധ്യമായ കാര്യമായിരുന്ന സ്വന്തമായി ഒരു ഭവനം എന്നുള്ളത് ദൈവം ഒരുക്കിത്തന്നു. ഈ ഭവനത്തില്‍വച്ച് തന്നെ ഈ ബൈബിള്‍ എഴുതിത്തീര്‍ക്കുവാനും ദൈവം അനുവദിച്ചു. ഏറെ തടസങ്ങള്‍ ഉണ്ടായിരുന്നു ബൈബിള്‍ എഴുതുമ്പോള്‍. എന്നാല്‍ അതിലുപരിയായി വളരെയേറെ അനുഗ്രഹങ്ങളും. പ്രഭാതത്തില്‍ രണ്ടര മണിക്ക് എണീറ്റ് എഴുതിത്തുടങ്ങും. ആ സമയത്ത് ശാലോം ടി.വിയില്‍ ജപമാലയുണ്ട്.
ഞാനും അതില്‍ പങ്കുകൊള്ളും.

ശാലോം ടി.വിയിലും ഗുഡ്‌നെസ് ടി.വിയിലും ആ സമയം മുതല്‍ ജപമാല, കരുണയുടെ പ്രാര്‍ത്ഥന, കുര്‍ബാന, 7.30ന് നൊവേന ഒക്കെ കൂടും. വചനം കേട്ടുകൊണ്ടിരിക്കും. ഉറക്കം വരാതിരിക്കാന്‍ എനിക്ക് ഇതൊക്കെ സഹായകരമായിരുന്നു. അന്ന് സൗദിയിലേക്ക് മതപരമോ പ്രാര്‍ത്ഥനാപരമോ ആയ യാതൊന്നും കൊണ്ടുപോകുവാന്‍ പാടില്ലായിരുന്നു. അന്ന് ഞാന്‍ വിചാരിച്ചിരുന്നു എന്റെ ബൈബിള്‍, കൊന്ത, പുസ്തകങ്ങള്‍ ഒക്കെ എങ്ങനെ കൊണ്ടുപോകുമെന്ന്. എഴുതിക്കൊണ്ടുപോയാലോ എന്നും ചിന്തിച്ചുട്ടുണ്ട്.

ഇത്രയേറെ അനുഗ്രഹിച്ച ദൈവത്തിന്, എന്റെ ഈശോയ്ക്ക് ആയിരമായിരം നന്ദിയും സ്തുതിയും കൃതജ്ഞതയും. എന്റെ അമ്മയുടെ മധ്യസ്ഥതയും യൗസേപ്പിതാവിന്റെയും വിശുദ്ധന്മാരുടെയും മാലാഖമാരുടെയും മധ്യസ്ഥതയും ഞാന്‍ മുറുകെ പിടിച്ചു…”ബൈബിള്‍ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ജിജി പറയുന്നു.

ജയ്‌മോന്‍ കുമരകം