
ഹെയ്തിയിൽ സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സമാധാന സുസ്ഥിതിക്കുവേണ്ടി നടന്ന വിശുദ്ധ ബലി മദ്ധ്യേ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹെയ്തി തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലെ ദൈവാലയത്തിലാണ് സംഭവം. ദരിദ്ര രാജ്യമായ ഹെയ്തിയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെയും തട്ടിക്കൊണ്ടുപോകലിന്റെയും പശ്ചാത്തലത്തിലാണ് ബിഷപ്പുമാർ വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർത്ഥിച്ചത്.
ഹെയ്തിയുടെ സ്വാതന്ത്ര്യത്തിനായുള്ള വിശുദ്ധ ബലി നയിച്ചത് പതിനൊന്ന് ബിഷപ്പുമാർ ചേർന്നാണ്. വിശുദ്ധ കുർബാനയുടെ അവസാനം, മെത്രാന്മാർ പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ, പോലീസ് ജനക്കൂട്ടത്തിനു നേരെ കണ്ണീർ വാതക മിസൈലുകൾ പ്രയോഗിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ, ഭൂരിഭാഗവും ചെറുപ്പക്കാർ ആയിരുന്നു. അവരെല്ലാം ചിതറിയോടി. ഇത് യഥാർത്ഥത്തിൽ അധികാരത്തിനെതിരെയും തട്ടിക്കൊണ്ടുപോകലിനെതിരെയും സ്വതസിദ്ധമായ ഒരു രാഷ്ട്രീയ പ്രകടനമായിരുന്നുവെന്ന് മൈക്കൽ മിയാമി ഹെറാൾഡിനോട് പറഞ്ഞു. വിശുദ്ധ കുർബാന അവസാനിച്ചപ്പോൾ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ”
ഏപ്രിൽ ഒന്നിന്, ഒരു വൈദികനെയും മൂന്ന് ഇടവകക്കാരെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ബന്ധുക്കൾ മോചനദ്രവ്യം നൽകിയ ശേഷം ഇരകളെ മോചിപ്പിച്ചുവെങ്കിലും കുറ്റവാളികൾ വലിയ തോതിൽ ഇവിടെ തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് 2020 -ൽ 234 തട്ടിക്കൊണ്ടുപോകലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് മുൻപ് ഇത് 78 ആയിരുന്നു. കൊലപാതകങ്ങളും 20% വർദ്ധിച്ചു. “കുറച്ചുകാലമായി, ഹെയ്തിയൻ സമൂഹം നരകയാതനയാണ് അനുഭവിക്കുന്നത്” – പോർട്ട് ഓ പ്രിൻസിലെ അതിരൂപത ഓഫീസ് അറിയിച്ചു.