‘മാതാവിന്റെ അനുഗ്രഹം ഞങ്ങളുടെ ചേച്ചിക്കും ഇരിക്കട്ടെ’

ഷൈജു വർഗീസ് പഴമ്പള്ളി

ഷൈജു വർഗീസ് പഴമ്പള്ളി

ഒരു സാരിയുടെ കഥ അഥവാ മാതാവിന്റെ സ്നേഹത്തിന്റെ കഥ. മാതാവ് തന്റെ മകനും മകൾക്കും വേണ്ടി വേറൊരു മകൻ വഴി നടത്തിയ അത്ഭുത ഇടപെടലിന്റെ കഥ. എല്ലാ വർഷവും പോലെ ഞങ്ങൾ ഈ വർഷവും ജന്മദിനം ആഘോഷിക്കാൻ സെപ്റ്റംബർ 8ന് അമ്മയുടെ അടുത്ത് ഓടി എത്തി. അമ്മയെ മക്കൾക്ക് മറക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ ജന്മദിനം ആശംസിച്ചപ്പോൾ അമ്മയുടെ സന്തോഷം ഞാൻ കണ്ടു. അമ്മ ഒന്നാക്കിയ മക്കൾ മറന്നില്ലല്ലോ എന്ന ആ ഭാവം.

എല്ലാ വർഷത്തെയും പോലെ ലേലത്തിൽ പങ്കെടുത്തു ഓരോ സാരി ലേലം വിളിക്കുമ്പോളും ഞാൻ എന്റെ ഭാര്യയെ നോക്കും. അവൾ ‘വേണ്ട അത് കാണാൻ ഭംഗി ഇല്ല’ എന്ന് പറയും. ഞാൻ ആലോചിച്ചു മാതാവ് ഉടുത്ത ഏതു സാരിക്കാണ് ഭംഗിയില്ലാത്തത്. എന്താ ഇങ്ങനെ പറയുന്നത്. വീണ്ടും അത് തന്നെ തുടർന്നു. എന്റെ പള്ളിയിലെ കുഞ്ഞു സഹോദരന്മാർ എല്ലാം വാശിക്ക് വിളിക്കുന്നു. എനിക്ക് എന്റെ പഴയകാലം ഓർമ്മ വന്നു ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് പണ്ട് ലേലം പിടിക്കുന്ന ഓർമ.

ഒന്ന് രണ്ടുസാരികൾ കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇതും കൊള്ളില്ലേ. അവൾ പതിവ് ചിരി ഒന്നുകൂടെ കൂട്ടി ചിരിച്ചു പറഞ്ഞു ‘ഇല്ല.’  ലേലം വിളി കഴിഞ്ഞു ഭാര്യയോട് ഞാൻ ചോദിച്ചു “എന്താ നീ ലേലം പിടിക്കാഞ്ഞത്?”

അവൾ പറഞ്ഞു, “വീട്ടിൽ ഒരു പാട് സാരി ഇരിക്കുന്നു. കഴിഞ്ഞ വർഷം ലേലം പിടിച്ച സാരി ഇതു വരെ ഉടുത്തില്ല.” പക്ഷെ എന്തോ എനിക്ക് ആകെ ഒരു സങ്കടം. ‘മാതാവിന്റെ സാരി ലേലം പിടിക്കാതെ ഞാൻ പോകുകയാണല്ലോ. അമ്മയുടെ സാരി ഒരെണ്ണം എന്റെ ഭാര്യക്ക് കൊടുക്കാൻ പറ്റിയില്ലല്ലോ.’

എപ്പോളത്തെയും പോലെ എന്റെ പകുതി എന്റെ മനസു വായിച്ചു എന്നിട്ട് പറഞ്ഞു, “ഇപ്പോൾ കൈയിൽ കാശില്ല എന്ന് എനിക്കറിയാം. അടുത്ത ആഴ്ച നമ്മൾ വേളാങ്കണ്ണിയ്ക്ക് പോകുവല്ലേ അതിനും കാശ് വേണ്ടേ. എനിക്ക് അതിൽ ഒന്ന് രണ്ടെണ്ണം ഇഷ്ടപ്പെട്ടു. മനപൂർവം വിളിക്കാഞ്ഞതാണ്.”

ഞാൻ സങ്കടത്തോടെ ചോദിച്ചു, “കാശ് ഒക്കെ ദൈവം തരും. ഒരെണ്ണം എടുക്കാമായിരുന്നു.” അവൾ പറഞ്ഞത് ശരിയാണ് കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. എങ്കിലും എന്റെ അമ്മയുടെ കാര്യത്തിനല്ലേ. ആ മാതാവിന്റെ ആഗ്രഹം അതായിരിക്കും. ഒരു കുഞ്ഞിനായി പ്രാർത്ഥിക്കുന്ന ഞങ്ങൾക്ക് അടുത്ത വർഷം ഏറ്റവും നല്ല സമ്മാനം തരാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.

അങ്ങനെ വീട്ടിൽ എത്തി റൂമിൽ കയറി ഡ്രസ്സ്‌ മാറുന്ന സമയത്തു അമ്മ കതകിൽ തട്ടി പറഞ്ഞു “എടാ, നിന്നെ കാണാൻ പിള്ളേര് വന്നു നിൽക്കുന്നു.”

ഞാൻ ചെന്നപ്പോൾ എന്റെ കുഞ്ഞനുജന്മാർ. അവർ ഒരു കവർ എടുത്തു കൈയിൽ തന്നിട്ട് ഓടി പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഞാൻ ചോദിച്ചു “എന്തുവാടാ ഇത്?” അവൻ പറഞ്ഞു, “ഇത് ചേച്ചിക്ക് കൊടുത്തേക്കു.”

തുറന്നു നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. എന്റെ ഭാര്യ കൊള്ളാമെന്നു പറഞ്ഞ സാരിയിൽ ഒന്ന്. ഞാൻ അത് നോക്കി നിന്ന സമയം പിള്ളേര് വണ്ടിയും കൊണ്ട് സ്ഥലം വിട്ടു. എനിക്ക് മിണ്ടാൻ പറ്റുന്നില്ല. അവനെ ഫോണിൽ വിളിച്ചു ഞാൻ ചോദിച്ചു “എന്ത് പണിയാ നീ കാണിച്ചത്? നിന്റെ അമ്മക്ക് കൊടുക്കാമായിരുന്നില്ലേ?” അവൻ പറഞ്ഞ മറുപടി ഇപ്പോളും എന്റെ കാതിൽ കേൾക്കുന്നു. “അമ്മക്ക് സാരി വേറെ ഒരെണ്ണം കൂടെ ഉണ്ട്. മാതാവിന്റെ അനുഗ്രഹം ഞങ്ങളുടെ ചേച്ചിക്കും ഇരിക്കട്ടെ.”

ഇതും ഒരു സ്നേഹത്തിന്റെ വേറെ ഒരു തലം.

ഷൈജു വർഗീസ് പഴമ്പള്ളി
തിരുക്കുടുംബ ദേവാലയം ചാത്തനാട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.