മരിയൻ കഥകൾ 9

കുടുംബ സമാധാനം ലഭിക്കുന്നതിനു പ. കന്യകയുടെ നേരെയുള്ള ഭക്തി വളരെ സഹായകമാകുന്നതാണ്. ഫാ. പാട്രിക് വെയ്റ്റര്‍ പ്രസിദ്ധനായ ജപമാല പ്രേഷിതനാണ്. 1965ല്‍ ഫിലിപ്പൈന്‍സില്‍ ജപമാല പ്രചാരണത്തിനായിട്ടു അദ്ദേഹം ചെന്നു. തദവസരത്തില്‍ അവിടെ ഒരു വലിയ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പൈന്‍സിലെ ഒരു പ്രൊവിന്‍സിന്റെ ഗവര്‍ണ്ണറാണ് അതിനു നേതൃത്വം കൊടുത്തത്. ഗവര്‍ണ്ണറുടെ മൂത്തപുത്രന്‍ മദ്യപാനവും അസന്മാര്‍ഗ്ഗിക ജീവിതവും വഴി ഗവര്‍ണര്‍ക്ക് അപമാനം വരുത്തിവച്ചിട്ട് വീട്ടില്‍ നിന്നും പുറപ്പെട്ടു പോയിരുന്നു.

അതിനാല്‍ ജപമാലയുടെ പരിസമാപ്തിയില്‍ അദ്ദേഹത്തിന്റെ പുത്രനും അദ്ദേഹത്തോടൊന്നിച്ച് ജപമാല ജപിക്കുവാന്‍ ഇടയാക്കണമെന്ന് ഗവര്‍ണര്‍ മാതാവിനോടപേക്ഷിച്ചു. ഗവര്‍ണറും കുടുംബാംഗങ്ങളും ജപമാല ജപിച്ചു കൊണ്ടു നില്ക്കുമ്പോള്‍ അത്ഭുതമെന്നോണം അദ്ദേഹത്തിന്റെ മൂത്തപുത്രനും അവരോടൊത്ത് ജപമാലയില്‍ പങ്കുകൊണ്ടു. ജപമാല റാലിക്കു ശേഷം ഗവര്‍ണ്ണര്‍ തന്നെ ഇതു പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.