മരിയൻ കഥകൾ 28

ലില്ലിയന്‍ റോത്ത് ഒരു യഹൂദ വനിതയായിരുന്നു. അമേരിക്കയിലെ പ്രസിദ്ധ സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡിലെ പ്രശസ്ത നടി. അവള്‍ വളരെ അസന്മാര്‍ഗ്ഗിക ജീവിതമാണ് നയിച്ചിരുന്നത്. ഒന്നിന് പുറകെ ഒന്നായി അഞ്ചു വിവാഹങ്ങള്‍ അവള്‍ നടത്തി. അവസാനം ഒരു കത്തോലിക്കനുമായിട്ടാണ് വിവാഹിതയായത്. വിവാഹനന്തരം മധുവിധു ആഘോഷിക്കുന്നതിനായി അവര്‍ ആസ്ത്രേലിയായിലെ സിഡ്നിയിലേക്കാണ് പോയത്. 1947-ല്‍ ബി.ബി.സി. (ബ്രിട്ടിഷ് ബ്രോഡ്കാ  സ്റ്റിംഗ് കോര്‍പ്പറേഷന്‍)റേഡിയോ നിലയത്തില്‍ നിന്ന് ഒരു പ്രക്ഷേപണത്തില്‍ ‍ഫാത്തിമാ ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. റോത്ത് ഇതു കേട്ടിട്ട് അവളുടെ ഭര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു: എനിക്ക് ഒരു കത്തോലിക്കയാകണം.

ഉടനെ ഭര്‍ത്താവ് പ്രതിവചിച്ചു. നിന്നെപ്പോലുള്ളവരുടെ സങ്കേതമല്ല കത്തോലിക്കാ സഭ. അവിടെ കുറച്ചു മാന്യമായി ജീവിക്കുന്നവര്‍ക്കു മാത്രമേ സ്ഥാനമുള്ളൂ. ഒരു ദിവസം റോത്ത് അടുത്തുള്ള കത്തോലിക്കാ ദേവാലയത്തില്‍ ചെന്ന്‍ അവിടുത്തെ വൈദികനോട് കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവളുടെ മാനസാന്തരം യഥാര്‍ത്ഥമാണോ എന്നറിയാതെ സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നദ്ദേഹം മറുപടി പറഞ്ഞു. ഇപ്രകാരം സംഭവിച്ചു കുറെ കഴിഞ്ഞപ്പോള്‍ അവളുടെ ശ്വശുരന്‍ അവള്‍ക്ക് ഒരു ജപമാല സമ്മാനമായി കൊടുത്തു. അവള്‍ ഒരു യഹൂദയായിരുന്നെങ്കിലും ജപമാല പഠിച്ച് അത് ജപിക്കുവാന്‍ തുടങ്ങി.

പിന്നീട് മോണ്‍. ഫുള്‍ട്ടന്‍ ജെ. ഷീന്‍, സൈന്‍ (Sign)എന്ന മാസികയില്‍ അനുതപിക്കുന്ന പാപികളോടും സഭയുമായി ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്ന അകത്തോലിക്കരോടും വൈദികര്‍ കാരുണ്യപൂര്‍വ്വം പെരുമാറണമെന്നാവശ്യപ്പെട്ടു കൊണ്ട് എഴുതിയ ഒരു ലേഖനം അവള്‍ വായിച്ചു. അതുമായി അവള്‍ വീണ്ടും വൈദികനെ സമീപിച്ചു. അവളുടെ മാനസാന്തരം യഥാര്‍ത്ഥത്തിലുള്ളതാണെന്നു മനസ്സിലാക്കി അദ്ദേഹം അവരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. പിന്നീട് അവള്‍ എഴുതിയ “ഞാന്‍ നാളെ കരയും” (I will weep tomorrow)എന്ന അവളുടെ സ്വയംകൃത ജീവചരിത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ കവാടമായ കത്തോലിക്കാ സഭയെ തുറക്കുവാന്‍ ഞാന്‍ ഉപയോഗിച്ച എന്‍റെ ചെറിയ താക്കോല്‍ ജപമാലയാണ്” ഇപ്രകാരം എത്രയെത്ര സംഭവങ്ങള്‍ തിരുസഭാചരിത്രപക്ഷങ്ങളില്‍ കാണുവാന്‍ സാധിക്കും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.