മരിയൻ കഥകൾ 23

തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യബന്ധകരുടെ ജീവിതം ക്ലേശപൂര്‍ണമാണ്. നമ്മുടെ കര്‍ത്താവു പ്രശംസ ചൊരിഞ്ഞ കാനാന്‍കാരി സ്ത്രീയെപ്പോലെ ഉറച്ച വിശ്വാസമുള്ളവരാണ് അവരില്‍ പലരും. ഒരിക്കല്‍ കേരളത്തിലെ ഒരു കടല്‍ത്തീര പ്രദേശത്ത് കടല്‍ക്ഷോഭമുണ്ടായി. പുരുഷന്മാരെല്ലാവരും തന്നെ പുറംകടലില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കയാണ്‌. കടല്‍ക്ഷോഭത്തില്‍ ആ പുരുഷന്മാര്‍ക്കെല്ലാം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. പര്‍വതം പോലെ ഉയരുന്ന തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി.

നിരനിരയായി പണിതിട്ടുള്ള കുടിലുകള്‍ കടലിലൊഴുകാന്‍ നിമിഷം മാത്രമേയുള്ളൂ. തിരമാലകള്‍ ആദ്യനിരയിലുള്ള കുടിലുകളുടെ തൊട്ടടുത്തെത്തി. കുടിലിലുള്ള സാധനങ്ങള്‍ പെറുക്കിയെടുത്ത് നിലവിളിച്ചുകൊണ്ട് ആളുകള്‍ പുറത്തേയ്ക്ക് കടന്നു തുടങ്ങി. തീക്ഷ്ണ വിശ്വാസമുള്ള കുറെ ആളുകള്‍ അവരെയെല്ലാം തടഞ്ഞു കൊണ്ട് പറഞ്ഞു: നമുക്ക് ഉറച്ച വിശ്വാസത്തോടെ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം. ആ അമ്മ നമ്മെ കൈവിടുകയില്ല.

കുടിലുകളില്‍ മരണത്തിന്‍റെ വക്കില്‍ കഴിഞ്ഞവരെല്ലാം തങ്ങളുടെ ജപമാലകള്‍ എടുത്തു പ്രാര്‍ത്ഥന തുടങ്ങി. അവര്‍ പ്രാര്‍ത്ഥന തുടങ്ങിയത് മുതല്‍ കടല്‍ക്ഷോഭം കുറഞ്ഞു. സമുദ്രം പ്രശാന്തമായി തുടങ്ങി. ജപമാല അവസാനിച്ചതോടെ കടല്‍ക്ഷോഭം പൂര്‍ണ്ണമായും നീങ്ങി. മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയിരുന്നവര്‍ അപകടം കൂടാതെ തിരിച്ചെത്തിയ കാഴ്ചയാണ് കരയിലുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.