മരിയൻ കഥകൾ 14

ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഇടവക വൈദികനായി ജീവിച്ച് അനിതരസാധാരണമായ വിശുദ്ധി കൊണ്ട് ജീവിതകാലത്തും മരണശേഷവും ലോകത്തെ അനുഗ്രഹിച്ച പുണ്യവാനാണ് ജോണ്‍ വിയാനി. 1788-ല്‍ ജനിച്ച വി. വിയാനി സെമിനാരിയില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. സഹപാഠികളോടൊപ്പം പഠിച്ച് പരീക്ഷകള്‍ പാസാകാന്‍ വേണ്ട ബുദ്ധിസാമര്‍ത്ഥ്യമോ കഴിവോ അദ്ദേഹത്തിനില്ലായിരുന്നു. സെമിനാരി പരീക്ഷയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചില്ലയെന്ന്‍ മാത്രമല്ല ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. അങ്ങനെ വൈദികനാകാനുള്ള തന്‍റെ അഭിലാഷം എന്നന്നേക്കുമായി തകര്‍ന്നതില്‍ വിയാനിയുടെ മനസ്സ് വേദനിച്ചു.

എല്ലാ മാര്‍ഗ്ഗങ്ങളും തന്‍റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജോണ്‍ ദുഃഖിതനായി. പ. കന്യകാമറിയത്തിന്‍റെ സഹായം ഒന്നു മാത്രമാണ് തന്‍റെ കാര്യസാധ്യത്തിനായി അദ്ദേഹം ആശിച്ചത്. ദൈവമാതാവിനോടു വിശുദ്ധന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ സുഹൃത്തായ ബയിലിയുടെ അപേക്ഷപ്രകാരം വീണ്ടും ഒരു പരീക്ഷ കൂടി നടത്തി. ദൈവമാതാവിന്‍റെ സഹായം അപേക്ഷിച്ച് ഒരിക്കല്‍ക്കൂടി പരീക്ഷയ്ക്ക് വിയാനി അണഞ്ഞു.

ആ പരീക്ഷയില്‍ സ്തുത്യര്‍ഹമായ വിധം ഉത്തരം നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസാനവിധി കല്പ്പിക്കുവാനുള്ള അധികാരി ജനറല്‍ ഫാ. കേര്‍ബന്‍ ആയിരുന്നു. അദ്ദേഹം ചോദിച്ചു.”ജോണ്‍ വിയാനി ഭക്തനാണോ? ദൈവമാതാവിനോടു അയാള്‍ക്ക് ഭക്തിയുണ്ടോ? അങ്ങനെയെങ്കില്‍ പട്ടം കൊടുക്കുവാന്‍ എനിക്കു മടിയില്ല.” ഇതു കേട്ടപ്പോള്‍ ഫാ. ബെയിലിയുടെയും ജോണ്‍ വിയാനിയുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെക്കാളധികം സ്നേഹിക്കുന്ന സഭാതനയനാണ് ജോണ്‍ വിയാനി എന്നറിഞ്ഞപ്പോള്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനപതിയായ വികാരി ജനറല്‍ പറഞ്ഞു: “ഇയാളില്‍ വേണ്ടതു ദൈവം പ്രവര്‍ത്തിച്ചു കൊള്ളും. പണ്ഡിതരേക്കാള്‍ ഭക്തരായ വൈദികരെയാണ് ഇന്നത്തെ സഭയ്ക്ക് കൂടുതല്‍ ആവശ്യം.” മരണം വരെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അതീവ ഭക്തനായിരുന്ന വി. ജോണ്‍ വിയാനി അങ്ങനെ 1815 ആഗസ്റ്റ്‌ 15 നു പുരോഹിത പദവിയിലേക്ക് ഉയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.