മറിയവും ജപമാലയും പിന്നെ പതിമൂന്നും!

ജോസ് ക്ലെമെന്റ്

”മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയേ, ദൈവത്തോട് ഞങ്ങളെ ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയേ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്‌നേഹബന്ധമേ ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണത്തിന്റെ മണിക്കൂറില്‍ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവന്‍ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ അവസാന ചുംബനം നിനക്കായിരിക്കും.”                            – വാഴ്ത്തപ്പെട്ട ബര്‍ത്തോലോ ലോംഗോ

ജപമാലയിലെ കേന്ദ്രവിഷയം ക്രിസ്തുവാണെങ്കില്‍ മറിയം ജപമാലയില്‍ അധ്യാപികയായി മാറുന്നു. ക്രിസ്തുവിനെ നമ്മില്‍ വളര്‍ത്താന്‍ നാം ചെയ്യേണ്ട ഗൃഹപാഠമാണ് ജപമാല. പോള്‍ ആറാമന്‍ പാപ്പായുടെ മരിയന്‍ പ്രബോധനമായ ‘മരിയാലിസ് കൂള്‍ത്തൂസ്’ – മരിയ വണക്കത്തില്‍ പറയുന്നു: ”ജപമാല ഒരു നെയ്ത്തുപാവാണ്. ക്രിസ്തുവിന്റെ ജീവിതത്തിലെ രഹസ്യാത്മകമായ സംഭവങ്ങളെ മനോഹരമായി ഈ നെയ്ത്തുപാവില്‍ സമന്വയിപ്പിച്ചിരിക്കുന്നു.” ജപമാല ഭക്തനായ വാഴ്ത്തപ്പെട്ട ബര്‍ത്തോലോ ലോംഗോ പറയുന്നത്: ”കൂടെക്കൂടെ ഒന്നിച്ചുകഴിയുന്ന രണ്ട് കൂട്ടുകാര്‍ സമാനശീലങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നു. അതുപോലെ ജപമാലയിലെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടും സംസര്‍ഗ്ഗത്തിലായിരുന്നുകൊണ്ടും മറിയത്തിലൂടെ യേശുവിനോട് സംഭാഷിക്കാന്‍ നമുക്ക് കഴിയുന്നു.”

ജപമാലയര്‍പ്പണം അതില്‍ തന്നെ അവസാനിക്കുന്നില്ല. മാലാഖയുടെ ‘നന്മനിറഞ്ഞ മറിയമേ’ എന്ന സംബോധന അവസാനിക്കുന്നത് യേശുവിന്റെ മഹത്വത്തിലാണ്. ഉദരഫലം അനുഗൃഹീതം എന്ന പ്രകീര്‍ത്തനവും ക്രിസ്തുവിനുള്ളതാണ്. അതിനാല്‍ ജപമാല ക്രിസ്തു കേന്ദ്രീകൃതമാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. നവ സഹസ്രാബ്ദത്തില്‍ ‘കൂടുതല്‍ ആഴത്തിലേക്ക് വലയിറക്കാന്‍’ ആവശ്യപ്പെട്ട വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യേശുവിന്റെ പരസ്യജീവിതകാല സംഭവങ്ങളെ ഉള്‍പ്പെടുത്തി ‘പ്രകാശത്തിന്റെ രഹസ്യങ്ങള്‍’ കൂടി ജപമാലയില്‍ ചേര്‍ത്തപ്പോള്‍ ക്രിസ്ത്വാനുഭവത്തിന്റെ ആഴങ്ങളിലേക്ക് നാം യാത്രയാരംഭിക്കുകയായിരുന്നു.

മറിയം ക്രൈസ്തവന്റെ അധ്യാപികയാണ്. മറിയത്തിന് ഈ സംബോധന നല്‍കിയിട്ട് അധിക കാലമായിട്ടില്ല. ‘സഭയും വിശുദ്ധ കുര്‍ബാനയും’ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നമ്മെക്കൊണ്ടെത്തിക്കുന്നത് മറിയത്തിന്റെ സ്‌കൂളിലാണ്. അവിടെ മറിയം അധ്യാപികയായി അവതരിപ്പിക്കപ്പെടുന്നു. ഏക ഗുരു ക്രിസ്തുവാണ്; ആന്തരിക ഗുരു പരിശുദ്ധാത്മാവും. ആന്തരിക ഗുരുവാല്‍ നിറഞ്ഞ അധ്യാപികയാണ് ഏക ഗുരുവിനെ നമുക്കായി പഠിപ്പിക്കുന്നത്. കാനായിലെ കല്യാണ വിരുന്നില്‍ മറിയം അധ്യാപികയായി. പിന്നീട് യേശുവിന്റെ മുപ്പതു വര്‍ഷത്തെ ജീവിതം അപ്പസ്‌തോലന്മാരെ പഠിപ്പിക്കുന്നത് മറിയമാണ്.

അധ്യാപന രീതികളെക്കുറിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മറിയമെന്ന അധ്യാപികയ്ക്ക് ഒരു രീതിയേയുള്ളൂ – ‘ധ്യാനാത്മകം.’ ”അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.” ഈ മാതൃകയാണ് ജപമാലയര്‍പ്പണത്തില്‍ ഏവരും പിന്തുടരാന്‍ മറിയം ആഗ്രഹിക്കുന്നത്. ജപമാല ധ്യാനാത്മകമല്ലാതായാല്‍ ആത്മാവില്ലാത്ത ശരീരമായി ജപമാല അവശേഷിക്കും. മനുഷ്യരക്ഷ ആരംഭിക്കുന്നത് ‘നന്മനിറഞ്ഞ മറിയമേ’ എന്ന സംബോധനയിലൂടെയാണ്. രക്ഷാരംഭത്തിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് ഏറ്റുപറയുന്ന ഓരോ വ്യക്തിയും കുടുംബവും രക്ഷയിലേക്ക് കടന്നുവരുകയാണ്. സഭയുടെ ആത്യന്തിക ലക്ഷ്യം ക്രിസ്തു പ്രഘോഷണമാണ്. കുടുംബത്തിലെ ക്രിസ്തു പ്രഘോഷണമാണ് ജപമാല. കുടുംബത്തിന്റെ ക്രൈസ്തവവല്‍ക്കരണം സാധ്യമാകുന്നത് കുടുംബ ജപമാലയിലൂടെ മാത്രമാണ്; കുടുംബത്തിന്റെ വിശുദ്ധീകരണവും. അതിനാല്‍ ജപമാലഭക്തി ഒക്‌ടോബറിന്റെ മാത്രം പുണ്യമാക്കാതെ മറിയത്തെ ജീവിതത്തില്‍ സ്വന്തമാക്കിയിരിക്കുന്നതുപോലെ ജപമാലയേയും എക്കാലത്തും കുടുംബത്തിന്റെ സ്വന്തമാക്കുക. അപ്പോള്‍ ഒക്‌ടോബര്‍ 31-ന്റെ അവസാനത്തില്‍ നമുക്ക് ജപമാലയ്ക്ക് വിട നല്‍കാനാകില്ല. എന്നും എപ്പോഴും എന്നപോലെ ഒരാണ്ടുമുഴുവനും ഒരുദിനംപോലും വിട്ടുപോകാതെ ജപമാലയര്‍പ്പകരായിത്തീരാം.

മറിയവും ജപമാലയും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതുപോലെ ’13’ എന്ന തിയതിക്കും വളരെയടുപ്പമാണുള്ളത്. അവിശ്വാസിക്ക് 13 അണ്‍ലക്കി നമ്പരാണെങ്കില്‍ വിശ്വസിക്ക് ’13’ ലക്കി ഡേറ്റാണ്. കാരണം, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷദര്‍ശനങ്ങളും സംഭവങ്ങളുമൊക്കെ 13-നെ കേന്ദ്രീകരിച്ചാണ്. ഏ.ഡി. 68 ആഗസ്റ്റ് 13-നാണ് ജറുസലേമിലെ അതുല്ലാം ഗുഹയില്‍ വച്ച് പരിശുദ്ധ മറിയം ഇഹലോകവാസം വെടിഞ്ഞതെന്ന് വിശുദ്ധ ജോണ്‍ ഡമഷീന്‍ സാക്ഷ്യപ്പെടുത്തുന്നത്. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് 1917 മെയ് 13-നാണ് പരിശുദ്ധ മറിയം ഫാത്തിമയില്‍ ഇടയക്കുട്ടികള്‍ക്ക് ആദ്യദര്‍ശനം നല്‍കിയത്. തുടര്‍ന്ന് അതേവര്‍ഷം ജൂണ്‍ 13-നും ജൂലൈ 13-നും ദര്‍ശനം നല്‍കി. പരിശുദ്ധ മറിയത്തിന്റെ നാലാം ദര്‍ശനം 13-നായിരുന്നില്ല, ആഗസ്റ്റ് 15-നായിരുന്നു. കാരണം, ജനബാഹുല്യം നിമിത്തം ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന കാരണത്താല്‍ ആഗസ്റ്റില്‍ പൊലീസ് കുട്ടികളെ ജയിലിലടച്ചായിരുന്നു. 14-ന് സായാഹ്നത്തിലാണ് കുട്ടികളെ പുറത്തിറക്കിയത്. അപ്പോള്‍ 15-നു അമ്മ പ്രത്യക്ഷയായി. അഞ്ചാം ദര്‍ശനം സെപ്തംബര്‍ 13-നും തുടര്‍ന്ന് ഒക്‌ടോബര്‍ 13-ന് ആറാം ദര്‍ശനവും നടന്നു. ഈ ദര്‍ശനത്തിലാണ് താന്‍ ജപമാലരാജ്ഞിയാണെന്ന് മറിയം തന്നെത്തന്നെ വെളിപ്പെടുത്തിയത്.

1917-ല്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മറിയത്തിന്റെ രൂപത്തെക്കുറിച്ച് ലൂസിയും ഫ്രാന്‍സിസ്‌കോയും ജസീന്തയും പറഞ്ഞ വിവരമനുസരിച്ച് യോസെ ഫെറേയ്‌ര തേദീം എന്ന ശില്പിയാണ് അതിസുന്ദരിയും സൂര്യനേക്കാള്‍ ശോഭയുള്ളതുമായ ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം നിര്‍മ്മിച്ചത്. ബ്രസീലില്‍ നിന്നുള്ള ദേവതാരുവിലാണ് അത് കൊത്തിയെടുത്തത്. ഗില്‍ബര്‍ത്തോ ഫെര്‍ണാണ്ടസ് ദോസ് സാന്റോസ് എന്ന ഭക്തനാണ് നേര്‍ച്ചയായി തിരുസ്വരൂപത്തിന്റെ നിര്‍മാണ ചെലവുകള്‍ വഹിച്ചത്. മാതാവിന്റെ ദര്‍ശനം ലഭിക്കാന്‍ ഭാഗ്യമുണ്ടായ ഇടയകുട്ടികള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഇടവക പള്ളിയില്‍ 1920 മെയ് 13-നാണ് ഈ തിരുസ്വരൂപം ആശീര്‍വദിച്ചത്. രണ്ടര കിലോമീറ്റര്‍ അകലെ പ്രത്യക്ഷീകരണത്തിന്റെ കപ്പേളയില്‍ 1920 ജൂണ്‍ 13-ന് ആ തിരുസ്വരൂപം സാഘോഷം പ്രതിഷ്ഠിക്കുകയും ചെയ്തു.

പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയായി എത്തിയ കര്‍ദിനാള്‍ ഡോ. മസേല 1946 മെയ് 13-ന് അണിയിച്ച കിരീടമാണ് മാതാവിന്റെ ശിരസ്സിലുള്ളത്. വിലപിടിപ്പുള്ള ഈ കിരീടം എല്ലാ മാസവും 13-നാണ് ഫാത്തിമനാഥയുടെ തിരുസ്വരൂപത്തില്‍ ധരിപ്പിക്കുന്നത്. 1200 ഗ്രാം സ്വര്‍ണത്തില്‍ പൂര്‍ണമായി നിര്‍മ്മിച്ചിട്ടുള്ള ഈ കിരീടത്തില്‍ 313 പവിഴമുത്തുകളാണ് പതിപ്പിച്ചിട്ടുള്ളത്. 1967 മെയ് 13-നാണ് പോള്‍ ആറാമന്‍ പാപ്പാ ഫാത്തിമ സന്ദര്‍ശിക്കുന്നത്.

1981 മെയ് 13-നാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ മെഹ്മത് അലി അഗ്ക എന്ന തുര്‍ക്കി യുവാവ് വെടിവച്ചത്. അന്ന് പരിശുദ്ധ അമ്മയുടെ ഇടപെടല്‍ മൂലമാണ് താന്‍ രക്ഷപ്പെട്ടതെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തുകയുണ്ടായി. അതിനാല്‍ തന്റെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ട 1992 മെയ് 13-ന് ഫാത്തിമനാഥയുടെ കിരീടത്തില്‍ അണിയിക്കുകയുണ്ടായി. 2000 മെയ് 13-നാണ് ഫാത്തിമ ദര്‍ശനം ലഭിച്ച ജസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നീ കുട്ടികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 2005 ഫെബ്രുവരി 13-നാണ് ഫാത്തിമദര്‍ശന ഭാഗ്യം ലഭിച്ച സിസ്റ്റര്‍ ലൂസിയ അന്തരിച്ചത്. 2017 മെയ് 13-ന് ഫ്രാന്‍സിസ് പാപ്പാ ജസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.