‘നന്മ നിറഞ്ഞ മറിയമേ..’ എന്ന ലോകം മുഴുവനും വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പിന്റെ ദിനങ്ങളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പുണ്യപ്രവര്‍ത്തികളും ത്യാഗപ്രവര്‍ത്തികളും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടത്തി മാതാവ് വഴിയായി ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ സ്വീകരിക്കേണ്ട സമയം. ഈ ദിനങ്ങളില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്താന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അത് ചെയ്യാവുന്ന ഒരു വഴിയുണ്ട്. ലോകം മുഴുവനും വേണ്ടിയും ഈ വഴിയിലൂടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്താം. നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാര്‍ത്ഥനയിലൂടെയാണത്.

കാരണം, നന്മ നിറഞ്ഞ മറിയമേ.. പരിശുദ്ധ സഭ നമുക്ക് നല്കിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ്. ഗബ്രിയേല്‍ മാലാഖയും എലിസബത്തും മാതാവിനോട് പറഞ്ഞവയാണ് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന. ദൈവം ഗബ്രിയേല്‍ മാലാഖയോട് പറഞ്ഞുകൊടുത്തതാണ് ആ വാക്കുകള്‍. ‘നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലമായ ഈശോ അനുഗ്രഹീതന്‍’ എന്ന് എലിസബത്ത് പറഞ്ഞത് പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായിട്ടാണ്. അതായത്, പിതാവും പരിശുദ്ധാത്മാവും പറഞ്ഞ വാക്കുകളാണ് നന്മ നിറഞ്ഞ മറിയമേ.

അതുകൊണ്ടാണ് സാത്താന്‍ ഈ പ്രാര്‍ത്ഥനയെ ഏറെ ഭയക്കുന്നത്. അതുപോലെ തന്നെ, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും വേണ്ടി നാം മാദ്ധ്യസ്ഥം യാചിക്കുകയാണ്. കാരണം, എല്ലാവരും ഏതെങ്കിലും വിധത്തില്‍ പാപികളാണല്ലോ. ഇപ്രകാരം ലോകം മുഴുവനും വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയായി നന്മ നിറഞ്ഞ മറിയമേ മാറുന്നു. അതുകൊണ്ട് മാതാവിന്റെ പിറവി തിരുനാളിനായി ഒരുങ്ങുന്ന വേളയില്‍ പ്രത്യേകമായി നമുക്ക് ആവര്‍ത്തിച്ചു ചൊല്ലാം, സ്വര്‍ഗം കാതോര്‍ക്കുന്ന ഈ സുന്ദര പ്രാര്‍ത്ഥന.