എന്റെ കർത്താവിന്റെ അമ്മ

ഷൈജു വർഗീസ് പഴമ്പള്ളി

ഷൈജു വർഗീസ്

മാതാവിന്റെ ജപമാല മാസത്തിൽ ഒരു പ്രസംഗം പറയാമോ എന്ന് വികാരി അച്ചൻ ചോദിച്ചപ്പോൾ ഞാൻ മടിച്ചു. പക്ഷെ ഒരുൾവിളി. പ്രസംഗം പറയാമെന്നു ഏറ്റു. പിന്നീട് വിഷയത്തിനുള്ള ഒരോട്ടം. ബൈബിളിൽ പരതി. ഒരു വാക്യത്തിൽ എന്റെ മനസുടക്കി. ലുക്കാ 1:43. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടുന്നു. ഇതു തന്നെയല്ലേ ഞാൻ ജനങ്ങളോട് പറയേണ്ടത്. ഒക്ടോബർ ജപമാല മാസത്തിൽ എല്ലാ മനുഷ്യരിലും ഉണ്ടായിരിക്കേണ്ട ചിന്ത ഇതു തന്നെയല്ലേ? എന്റെ കർത്താവിന്റെ അമ്മ എന്നെ കാണാൻ വരുന്നു. എന്റെ ഹൃദയത്തെ കാണാൻ വരുന്നു. പിന്നെ എന്റെ ചിന്ത മുഴുവൻ ഈ അമ്മയെ കുറിച്ചായിരുന്നു.

കർത്താവിന്റെ അമ്മയെകുറിച്ച് മ.മ.ലൂ.യോ മുഴുവൻ വായിച്ചു. കല്യാണം ഉറപ്പിച്ച ഒരു യുവതിയെ മാലാഖ സന്ദർശിക്കുന്നു. നന്മനിറഞ്ഞവളെ നിനക്ക് സ്തുതി. അഭിവാദനം കേട്ട നിമിഷം തന്നെ ഭയപ്പെട്ട അവളോട്‌ ദൂതൻ പറയുന്നു. ഭയപ്പെടേണ്ട ദൈവം നിന്നോടുകൂടെ. നമ്മൾ പിന്നീട് മംഗളവാർത്തയെകുറിച്ച് ഉള്ള ഭാഗം വായിച്ചു പോകുമ്പോൾ കാണാം കന്യക മറിയത്തോടു ഗബ്രിയേൽ ദൈവദൂതൻ പറയുന്നു. “നീ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥയാകും.” അതേ സമയം തന്നെ നമ്മൾ കാണുന്നു ഗർഭ വാർത്ത അറിഞ്ഞു ജോസഫ് മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു.

ഞാൻ ചിന്തിച്ചു ഫെമിനിസ്റ്റ് ചിന്താഗതി അതിന്റെ  ഉച്ചസ്ഥായിയിൽ നിലകൊള്ളുന്ന ഈ സാമൂഹിക ചുറ്റുപാടിൽ പോലും ആരാലും ഉൾക്കൊള്ളാനാകാത്ത ഒരു കാര്യം. ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞു കൊണ്ട് ദൈവത്തിന്റെ ഹിതം ശിരസാ വഹിക്കുന്ന ഒരു യുവതി. ദൈവത്തിന്റെ വാക്കിനോട് നീതി പുലർത്തി ഗർഭിണിയായ യുവതിയെ ഭാര്യയായി സ്വീകരിക്കുന്ന ഒരു പുരുഷൻ. ഇവിടെ ഞാൻ ഒരു നല്ല പുരുഷനെ കണ്ടു. ദൈവഹിതത്തിനു കീഴ്പെട്ടു സ്വന്തം ദാമ്പത്യ ജീവിതം സമർപ്പിച്ച ദമ്പതികളെ കണ്ടു. എത്ര സുന്ദരം, വാക്കുകളാൽ വർണിക്കാനാകുന്നില്ല…

എലിസബത്തിനെ ശുശ്രുഷിക്കാൻ പോകുന്ന ഒരു നല്ല മനസ് നമ്മൾ കാണാതെ പോകരുത്. അവിടെ ചെന്ന് അഭിവാദനം ചെയ്തപോൾ തന്നെ എലിസബത്ത് പരിശുദ്ധനാത്മാവിനാൽ നിറഞ്ഞു. മാതാവിൽ നിന്ന് പരിശുദ്ധാത്മാവിനെ ലഭിച്ച ആദ്യ വ്യക്തി. യേശുവിന്റെ ജനനം ദൈവപുത്രന് ജനിക്കുവാനായി തിരഞ്ഞെടുത്തത് കാലിത്തൊഴുത്തു. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും തങ്ങളുടെ കുഞ്ഞിന് ജന്മം നൽകുവാൻ ഒരു നല്ല സ്ഥലം വേണമെന്ന്. അവർ അതിനു ശ്രമിക്കാഞ്ഞിട്ടല്ല.

ഏതോ ഒരു പുസ്തകത്തിൽ ഒരു എഴുത്തുകാരൻ എഴുതിവെച്ചത് ഈ സമയം എന്റെ മനസിന്റെ വാതിലിൽ കൊട്ടുന്നു. ‘എല്ലാവരും ക്രിസ്തുമസിന് മുമ്പുള്ള രാത്രിയിൽ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ പ്രസവവേദനയെടുത്തു പുളയുന്ന  ഭാര്യയുമായി ഒരു സ്ഥലം തേടി അലഞ്ഞ ഒരു പുരുഷന്റെ മുൻപിൽ വാതിലുകൾ കൊട്ടി അടക്കപ്പെട്ട ദിവസം. അതോർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു എന്ന്…’ ഒന്നാലോചിക്കു ലോകരക്ഷക്ക് ഒരു രക്ഷകനെ നൽകാൻ സ്വയം സമർപ്പിച്ച ദമ്പതികളുടെ അവസ്ഥ.

പിന്നീട് നമ്മൾ യേശുവിന്റെ ജനനം കാണുന്നു. യേശുവിനെ കാണാൻ വരുന്ന ആട്ടിടയന്മാർ അമ്മയോടൊപ്പം ഉണ്ണിയെ കണ്ടു എന്ന് സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നു. അവിടെയും മറിയത്തെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ഇടയന്മാർ അവർക്കു ദൈവദൂതൻ നൽകിയ സന്ദേശം അവരോടു പങ്കുവെയ്ക്കുന്നു ഇതെല്ലാം കേട്ടവർ അത്ഭുതരായപ്പോൾ പരിശുദ്ധ ദൈവമാതാവ് നിശബ്ദയായി എല്ലാം ഹൃദയത്തിൽ  സംഗ്രഹിക്കുന്നു എന്ന് പറയുന്നു. എന്താണ് ഈ സംഗ്രഹിക്കുന്നതിന്റെ അർത്ഥം?

വീണ്ടും ഞാൻ ബൈബിളിൽ പരതി രണ്ടു സ്ഥലങ്ങളിൽ ഇതേ പോലെ പറയുന്നുണ്ട്. ലൂക്കാ 2:19, ലൂക്കാ 2:51 ഇവയാണ് ഈ ഭാഗങ്ങൾ. ഞാൻ എല്ലാ യുവാക്കളെയും പോലെ  ഗൂഗിളിൽ പരതി അതിൽ പറയുന്നത് സ്വരുക്കൂട്ടി വെയ്ക്കുക, കൂട്ടിവെയ്ക്കുക എന്നൊക്കെയാണ്. ഞാൻ ആഴത്തിൽ ചിന്തിച്ചപ്പോൾ എനിക്ക് എന്റെ ബുദ്ധി തലത്തിൽ കിട്ടിയ മറുപടി ഇതാണ്. പരിശുദ്ധ അമ്മ സാധാരണ ഒരു സ്ത്രീ ആയിരുന്നില്ല. മംഗളവാർത്ത അറിയിക്കുന്ന സമയത്തു നമുക്ക് അത് വ്യക്തമാകും ഗബ്രിയേൽ ദൈവ ദൂതനോട് അവൾ മറുത്തു ചോദ്യങ്ങൾ ചോദിക്കുന്നില്ല. കാരണം പറയുന്ന കാര്യങ്ങൾ ഏതു അർത്ഥതലത്തിൽ ആണോ സ്വീകരിക്കേണ്ടത് ആ രീതിയിൽ തന്നെ മറിയം സ്വീകരിക്കുന്നു. ധ്യാനിച്ച് സ്വീകരിക്കുന്നു. അതിനാൽ ജീവിതത്തിൽ  ദൈവത്തിന്റെ ഓരോ ഇടപെടലും ഗ്രഹിക്കേണ്ട രീതിയിൽ തന്നെ  ഗ്രഹിക്കുന്നു.

നമ്മൾ ഇങ്ങനെ ഗ്രഹിക്കാറുണ്ടോ? ധ്യാനിച്ച് ഗ്രഹിക്കാറുണ്ടോ? ജീവിതത്തിലെ ദൈവീക ഇടപെടലുകൾ നമ്മൾ ഗ്രഹിക്കേണ്ട രീതിയിൽ ഗ്രഹിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ നമ്മൾ മാതാവിനെ പോലെ സംഗ്രഹിക്കുക, സ്വീകരിക്കുക. ഇനിയും സഭയ്ക്കു സമർപ്പിക്കപ്പെട്ട കുടുംബങ്ങളെ വേണം. ‘ഇതാ നിന്റെ ദാസൻ /ദാസി’ എന്ന് പറഞ്ഞു ദൈവഹിതം ശിരസാവഹിക്കുന്ന വ്യക്തികളെ. ഈ ജപമാല മാസത്തിൽ നമുക്കു അതിനു വേണ്ടി പ്രാർത്ഥിക്കാം. നമുക്കും പറയാം ‘എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്’

ഷൈജു വർഗീസ് പഴമ്പള്ളി
തിരുക്കുടുംബ ദേവാലയം, ചാത്തനാട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.