ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ച മറിയം

ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിന് ഒരു കാര്യത്തില്‍ നിര്‍ബന്ധം. രാജ്യത്ത് മറ്റാരും രാജാവിനേക്കാള്‍ സമ്പത്തിലോ സൗഭാഗ്യത്തിലോ ജീവിക്കാന്‍ പാടില്ല. നിര്‍ഭാഗ്യവശാല്‍ ആ നാട്ടിലെ ആബട്ട് (ആശ്രമാധിപന്‍) രാജാവിന്റെ അപ്രീതിക്കു പാത്രമായി. കാരണം അദ്ദേഹം ഏറെ സമ്പന്നനാണ്; സൗഭാഗ്യവാനുമാണ്.

രാജാവ് ആശ്രമാധിപനെ വിളിച്ച് കാര്യം പറഞ്ഞു. അതിനാല്‍ താങ്കളെ ശിക്ഷിക്കുവാന്‍ പോകുന്നു. എന്നാല്‍ ഞാന്‍ ചോദിക്കുന്ന മൂന്നുചോദ്യങ്ങള്‍ക്ക് ശരിയുത്തരം തന്നാല്‍ ശിക്ഷയില്‍ ഇളവു ചെയ്യാം.

മൂന്നു ചോദ്യങ്ങളിലൊന്നിതാണ്; എത്ര സമയംകൊണ്ട് ഈ ഭൂമിയെ ഒന്നു കറങ്ങിവരാം?
ആബട്ട് വളരെ ദുഃഖിതനായി. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തന്‍റെ പക്കലില്ല. രണ്ടാഴ്ച സമയമാണ് രാജാവ് നല്‍കിയിരിക്കുന്നത്. വിഷാദ മഗ്നനായി ആശ്രമത്തിലേക്കു പോയ ആബട്ട് വഴിയില്‍ ഒരു ഇടയബാലനെ കാണുന്നു. അവനോട് സങ്കടകാരണങ്ങളെല്ലാം പറയുന്നു. ബാലന്‍ പറഞ്ഞു, അങ്ങ് ഭയപ്പെടേണ്ട. ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞുകൊള്ളാം. അങ്ങയുടെ വസ്ത്രങ്ങളൊക്കെ എനിക്കു തരിക. ഞാന്‍ ആബട്ട് ആയിട്ടാണ് രാജാവിന്റെ സന്നിധിയില്‍ ചെല്ലുക.

വേഷം മാറി വന്നത് ഇടയച്ചെറുക്കനാണെന്ന് രാജാവ് തിരിച്ചറിഞ്ഞില്ല. ചോദ്യങ്ങളിലൊന്ന് ഭൂമി മുഴുവന്‍ ഒന്നു കറങ്ങിവരാന്‍ എത്രസമയം? ബാലന്‍ മറുപടി പറഞ്ഞു: സൂര്യനോടൊപ്പം ഉണര്‍ന്ന് സൂര്യനോടൊപ്പം സഞ്ചരിച്ചാല്‍ 24 മണിക്കൂര്‍ കൊണ്ട് ഭൂമി മുഴുവന്‍ കറങ്ങി വരാം. രാജാവ് മറുപടിയില്‍ തൃപ്തനായി.

നീതിസൂര്യനായ ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ചവളായിരുന്നു മറിയം. ജനനംമുതല്‍ മരണംവരെ ക്രിസ്തുവിനോടൊപ്പം സഞ്ചരിക്കുന്ന മറ്റൊരു വ്യക്തിയില്ല. അതിനാല്‍ അവള്‍ എത്തേണ്ടിടത്തെല്ലാം എത്തി; ആകേണ്ടതെല്ലാം ആയി. ത്രിലോകങ്ങളുടെയും രാജ്ഞിയായി, സ്വര്‍ഗാരോപിതയായി.

കൃപ നിറഞ്ഞവളേ (കൃപ തന്നെയായവളേ എന്നും അര്‍ത്ഥമുണ്ട്) എന്ന ദൂതന്റെ അഭിസംബോധന “You are the solitary pride of tainted human nature” എന്ന കവി വേര്‍ഡ്സ്വര്‍ത്തിന്റെ വാഴ്ത്തിന് അവലംബമാണ്.

ഫാ. ജെ. ആക്കനത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ