മകനില്‍ വിശ്വസിക്കുന്ന അമ്മ

ഒരിടവകയിലെ കുറെ ചെറുപ്പക്കാരുകൂടി ഒരു നാടകം കളിച്ചു നോക്കുന്നു. പേര് സ്ത്രീധനം. അതിന്‍റെ സാരമിതാണ്. തറവാടിത്തമുള്ള കുടുംബത്തിലെ സുമുഖനായ ചെറുക്കന് വിവാഹാലോചന. അനുയോജ്യമായൊരു കുടുംബത്തില്‍ നിന്നും അതിസുന്ദരിയായൊരു പെണ്‍കുട്ടിയുമായി വിവാഹമുറപ്പിക്കുന്നു. പത്തു ലക്ഷം രൂപയാണ് സ്ത്രീധനം. കല്ല്യാണ മുഹൂര്‍ത്തം തിങ്കളാഴ്ച രാവിലെ ഒന്‍പതുമണി. ചെറുക്കന്റെ വീട്ടില്‍ കല്ല്യാണം. പെണ്‍കുട്ടി പരിവാരസമേതം വിവാഹസുദിനം ഒന്‍പതുമണിക്കു മുമ്പെത്തും. അപ്പോള്‍ വിവാഹത്തിനുമുമ്പ് ദേവാലയപരിസരത്തുവച്ച് പെണ്‍കുട്ടിയുടെ പിതാവ് വരന്റെ പിതാവിന് സ്ത്രീധനം കൈമാറിക്കൊള്ളാമെന്നായിരുന്നു കരാര്‍. വിവാഹദിനം നേരത്തെതന്നെ വരണം കുടുംബവും പള്ളിക്കലെത്തി. വധുവും കുടുംബവും സമയത്തെത്തി. മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ പിതാവിനെ സമീപിച്ചു. വരന്റെ അപ്പന്‍ സ്ത്രീധനം വാങ്ങുവാന്‍ കൈ നീട്ടി. “പക്ഷെ ഒരു പ്രശ്നം. വൈകുന്നേരത്തേയ്ക്കു മാത്രമേ സ്ത്രീധനം ശരിയാവുകയുള്ളൂ” വധുവിന്റെ പിതാവ് പറഞ്ഞു. വിവാഹം കഴിഞ്ഞു ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് പണമെത്തിക്കാം. പക്ഷെ വരനും കൂട്ടര്‍ക്കും അതു കെണിയായേ തോന്നിയുള്ളൂ. വസ്തുതയുടെ തനിനിറം മനസിലായില്ല. അങ്ങനെ ആ കല്ല്യാണം അലസി.

ഏതാണ്ടിതുപോലൊരു പ്രതിസന്ധിയിലാണ് കാനായിലെ കുടുംബനായകന്‍. വിവാഹാഘോഷം പൊടി പൊടിക്കുന്നു. എന്നാല്‍ വിളമ്പാനിനി വീഞ്ഞില്ല. തീര്‍ന്നുപോയി എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. കാരണം വീഞ്ഞിന്റെ കലവറകളാണ് യഹൂദകുടുംബങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീഞ്ഞ് അവര്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മാത്രമല്ല മാസങ്ങള്‍ നീളുന്ന ഒരുക്കത്തിനുശേഷമാണ് ആഴ്ചകള്‍ നീളുന്ന വിവാഹാഘോഷം നടക്കുക. വീഞ്ഞ് തീര്‍ന്നുപോകാന്‍ മാത്രം അശ്രദ്ധമായി വിവാഹാഘോഷത്തിനൊരുങ്ങിയ കുടുംബനാഥനോട് ആരും ക്ഷമിക്കില്ല. ആര്‍ക്കും അതു മനസിലാക്കാനും പറ്റില്ല. അതുകൊണ്ടായിരിക്കണം ഗൃഹനാഥന്‍ ആരോടും പരാതി പറയുന്നില്ല. ആരോടും സഹായം ചോദിക്കുന്നുമില്ല. പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ടുതന്നെ. ആരും അയാളെ മനസിലാക്കില്ല. ഉള്ള കാര്യം നിവര്‍ന്നു നിന്നു പറയാനുള്ള നട്ടെല്ല് അയാള്‍ക്കൊട്ടില്ലതാനും. തികഞ്ഞ നിസ്സാഹായതയാണ്. അതൊരുതരം നിസംഗതയിലേയ്ക്കു നയിച്ചോ എന്നും സംശയിക്കണം.

അപ്പോഴാണ് ഈശോയുടെ അമ്മ രംഗത്തെത്തുക, സഹായിക്കണമെന്ന താല്‍പര്യത്തോടെ. അമ്മയോട് ആരും സഹായം ചോദിച്ചിട്ടല്ല. അങ്ങനെയാണ് യഥാര്‍ത്ഥ അമ്മ. മറ്റുള്ളവരുടെ പ്രശ്നങ്ങളെ സ്വന്തമെന്നപോലെ കാണാനുള്ള കഴിവ് മറിയത്തിനുണ്ടായിരുന്നു. മറിയം മാലോകരുടെ മുഴുവന്‍ മാതാവായതും ഇതുകൊണ്ടുതന്നെ മറ്റാര്‍ക്കും ഒരുകാലത്തും നേടിയെടുക്കാനാവാത്തവിധം മാലോകരെ മുഴുവന്‍ മക്കളായി കാണുവാനുള്ള കഴിവ്.

മറിയം മകനോടു പറഞ്ഞു: “അവര്‍ക്കു വീഞ്ഞില്ല.” അത്രമാത്രം. ഈശോയുടെ മറുപടി നിരാശാജനകമാണ്. “സ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല.” എന്നുപറഞ്ഞാല്‍ യേശു അത്ഭുതം കാട്ടേണ്ട സമയമായിട്ടില്ലെന്നുസാരം. തന്റെ മഹത്വം പ്രകടമാക്കേണ്ട സമയമായിട്ടില്ലെന്ന്. പിതാവ് മകനെക്കുറിച്ച് നിശ്ചയിച്ചിരിക്കുന്ന നേരമായിട്ടില്ലെന്ന്. പക്ഷെ മറിയം അതു ശ്രവിക്കാനും അതിനോട് പ്രതികരിക്കാനും തയ്യാറല്ല. മകനില്‍ അത്യുജ്ജലമായ വിശ്വാസം അമ്മക്കുണ്ട്. മകന്റെ കഴിവിലുള്ള വിശ്വാസം മാത്രമല്ലത്. മകനിലുള്ള വിശ്വാസമാണിത്. മകന്‍ തന്റെ ആഗ്രഹം നിറവേറ്റുമെന്നാണ് വിശ്വാസം. തന്റെ നേരമായില്ലെന്ന് നിഷേധാത്മകമായി പ്രതികരിച്ച മകനോട് മറിച്ചൊരു വാക്കുപറയാന്‍ തുനിയാതെ, മകന്റെ മറിച്ചൊരു പ്രതികരണത്തിനു കാത്തിരിക്കാതെ, പരിചാരകരോട് മകന്‍ പറയുന്നതു ചെയ്യുക. പറയാനുള്ള അമ്മയുടെ ധൈര്യം വളരെ വിശേഷം തന്നെ. അങ്ങനെയാണ് ശരിക്കുള്ള അമ്മമാര്‍ അവര്‍ക്കു മക്കളെ അറിയാം. അറിയാമെന്നു പറഞ്ഞാല്‍ മക്കളില്‍ സ്വാധീനമുണ്ടെന്നു സാരം. മക്കളില്‍ വ്യക്തമായ സ്വാധീനമുള്ളപ്പോഴാണ് അമ്മ യഥാര്‍ത്ഥത്തില്‍ അമ്മയായിതീരുന്നത്.

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.