മറിയം ദൈവത്തിന് പ്രിയപ്പെട്ടവള്‍

‘മാറാ’ എന്ന ഹെബ്രായ പദത്തില്‍ നിന്നുമാണ് ‘മറിയം’ എന്ന പദത്തിന്റെ ഉത്ഭവം. ‘മാറാ’ എന്നാല്‍ ‘നാഥന്‍’, ‘കര്‍ത്താവ്’ എന്നൊക്കെയാണര്‍ത്ഥം. മാറാനാത്താ – നാഥാ വരേണമെ’ എന്ന പ്രാര്‍ത്ഥന നമുക്കു സുപരിചിതമാണല്ലോ. ‘മറിയം’ എന്ന പദത്തിന് ‘നാഥ’, ‘കുലീന’ എന്നൊക്കെയാണു സാരം. ‘മ്റി’ എന്ന ഈജിപ്ത്യന്‍ പദത്തോടും ‘മറിയം’ എന്ന പദം കടപ്പെട്ടിരിക്കുന്നു. “പ്രിയപ്പെട്ടവള്‍” “ദൈവത്തിന് പ്രിയപ്പെട്ടവള്‍” എന്നാണ് ‘മ്റി’ എന്ന വാക്കിനര്‍ത്ഥം.

യോവാക്കിയും അന്നായും തങ്ങളെ മകളെ ‘മറിയം’ അഥവാ ദൈവത്തിനു ‘പ്രിയങ്കരി’ എന്നു വിളിച്ചപ്പോള്‍ അനാധിമുതലെ ദൈവം തെരഞ്ഞെടുത്ത ദൈവത്തിന് പ്രിയപ്പെട്ടവളാണു തങ്ങളുടെ പുത്രി എന്ന് ഒരുപക്ഷെ അറിഞ്ഞിരിക്കില്ല. ഗ്രീക്കുഭാഷയില്‍ ദൈവമാതാവായ മറിയത്തെ മാത്രമെ ‘മറിയം’ എന്നു വിളിക്കാറുളളു. മറ്റുളളവരെ ‘മരിയാ’ എന്നാണ് വിളിക്കുക.

ദൈവപുത്രന്റെ അമ്മയാവുക വഴി മറിയം സ്ത്രീകളുടെ ആദര്‍ശരൂപവും സ്ത്രീത്വത്തിന്റെ പ്രതീകവുമായി. പുതിയ ഹവ്വാ എന്നു വിളിക്കപ്പെടുന്ന മറിയത്തെ “സ്ത്രീകളില്‍ അനുഗ്രഹീത” എന്നാണ് മംഗളവാര്‍ത്തവേളയില്‍ ദൈവദൂതന്‍ അഭിസംബോധന ചെയ്യുന്നത്. കാനായിലെ കല്ല്യാണവേളയില്‍ ഈശോ മറിയത്തെ സംബോധന ചെയ്യുന്നതും “സ്ത്രീ” എന്നു വിളിച്ചാണ്. “സ്ത്രീയേ എനിക്കും നിനക്കുമെന്ത്? എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല.”

പഴയനിയമത്തില്‍ ഹവ്വായുടെ ചരിത്രത്തിലൂടെ സ്ത്രീ അനുസരണക്കേടിന്‍റെയും ബലഹീനതയുടെയും പര്യായമായി ചിത്രീകരിക്കപ്പെട്ടത് അടിസ്ഥാനപരമായും മറിയത്തിലൂടെ തിരുത്തപ്പെടുകയാണ്. മറിയമെന്ന സ്ത്രീ നിന്റെ ഹിതം നിറവേറട്ടെയെന്നു പറഞ്ഞ് ദൈവഹിതത്തിനു സ്വയം സമര്‍പ്പിച്ചവളും രക്ഷകന്റെ വരവിന് കാരണമായവളുമാണ്. അനുസരണത്തിന്റെ, വിനയത്തിന്റെ, ദൈവം പ്രസാദത്തിന്റെ തികവും മാതൃകയുമാണ് പുതിയ ഹവ്വായ മറിയം.

“ഇതാ കര്‍ത്താവിന്‍റെ ദാസി” എന്നു സ്വയം വിശേഷിപ്പിക്കുക വഴി ഏശയ്യാ പ്രവാചകന്‍ പറയുന്നപോലെ ക്രിസ്തു “സഹനദാസനാ” (ഏശ. 53) ണെങ്കില്‍ താന്‍ സഹനദാസിയാണെന്ന് പരോക്ഷമായിട്ടെങ്കിലും വെളിപ്പെടുത്തുകയായിരുന്നു. അബ്രാഹം, ജോഷ്വാ, മോശ തുടങ്ങിയ പിതാക്കന്മാരെല്ലാം ദൈവദാസരായി കണക്കാക്കപ്പെട്ടിരിക്കുന്നു. പഴയനിയമപിതാക്കന്മാരെപ്പോലെ മറിയവും ദൈവത്തിന്റെ ദാസിയായി ഉയരുകയാണ് കര്‍ത്താവിനെ ഉദരത്തില്‍ വഹിക്കാന്‍ സന്നദ്ധയാവുക വഴി.

നാഥ, ദൈവത്തിനു പ്രിയപ്പെട്ടവള്‍, സഹനദാസി, സഹരക്ഷക, ദൈവദാസി, ജനതകളുടെ മാതാവ് എന്നീ വിവിധ പേരുകളാല്‍ വിശേഷിപ്പിക്കപ്പെടുന്ന മറിയം പരിശുദ്ധയായി ജനിച്ചു. പാപലേശമില്ലാതെ ജീവിച്ചു. ദൈവതുല്യം ദൈവതിരുമുമ്പിലേക്ക് ആനയിക്കപ്പെട്ടു എന്നു വിശ്വസിക്കുക മറിയത്തിന്‍റെ മക്കളായ നമുക്ക് സന്തോഷകരമാണ്. മറിയത്തിന്റെ മാദ്ധ്യസ്ഥം വഴി പരിശുദ്ധരായി ജീവിക്കാനുളള കൃപ ദൈവം നമുക്കു നല്‍കുമെന്നു പ്രത്യാശിക്കാം.

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.