ദൈവത്തിന്‍റെ വഴികള്‍

ദൈവത്തിന് മനുഷ്യരുടെ ജീവിതത്തിലിടപെടാന്‍ ദൈവം കണ്ടെത്തുന്ന ചിലവഴികളുണ്ട്. ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ജോസഫും നസറത്തിലെ മറിയവും ദൈവം തെരഞ്ഞെടുത്ത വഴികളാണ്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവിന്റെ ജനനം അങ്ങനെ ദാവീദിന്റെ വംശത്തില്‍ തന്നെ നടക്കുന്നു.

ദൈവവാക്കിനുമുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണംനടത്തുന്നവരുടെ ജീവിതവഴികള്‍ ദൈവം ക്രമീകരിക്കുന്നത് ശ്രദ്ധേയമാണ്. അവരുടെ യാത്ര ബെത്ലഹമിലേക്ക് അപ്പത്തിന്റെ ഭവനത്തിലേക്കാണ്. അപ്പമാകാനുള്ളവനെ ഉള്ളില്‍ വഹിക്കുന്ന മറിയത്തോടുകൂടെ ജോസഫ് യാത്ര ആരംഭിക്കുകയാണ്.

രണ്ട് ആത്മീയചിന്തകളെ നമുക്ക് സ്വന്തമാക്കാം. ഈ ചിന്തകള്‍ പ്രാര്‍ത്ഥനകളായി പിന്നീട് അത് ജീവിതമാകുമ്പോള്‍ നമ്മളും ദൈവേഷ്ടമനുസരിച്ച് ജീവിക്കുന്നവരാകും.

ഒന്ന്, ഉള്ളില്‍ ദൈവം നിറഞ്ഞ മറിയവും, ദൈവനിയോഗം വിശ്വാസപൂര്‍വ്വം ഏറ്റെടുത്ത യൗസേപ്പും ജീവിതത്തിന്റെ ശ്രേഷ്ഠമാതൃകകളാണ് – ദൈവം ഏല്‍പ്പിച്ച നിയോഗങ്ങളോട് നൂറുശതമാനം വിശ്വസ്തത പുലര്‍ത്താന്‍ കഷ്ടതകള്‍ നിറഞ്ഞ ലോകനിയമങ്ങള്‍പോലും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സ്വീകരിക്കുന്നവര്‍. രാഷ്ട്രം ജനത്തോടും ജനം രാഷ്ട്രത്തോടും നീതി പുലര്‍ത്താത്തൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ നിയോഗങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ.

രണ്ട്, മറിയത്തോടുകൂടെ യാത്ര. കൂടെ യാത്രചെയ്യുന്ന, കൂടെവസിക്കുന്ന, കൂട്ടായി നില്‍ക്കുന്ന ആഴമേറിയ ആത്മബന്ധങ്ങളുള്ള കുടുംബങ്ങളെയാണ് ദൈവം വിഭാവനം ചെയ്യുന്നത്. ലോകം കൈവിരല്‍ തുമ്പിലിരിക്കുന്ന ഈ കാലത്തിന്റെ നഷ്ടമാണ് അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങള്‍. ഇത് ഒരു ആത്മശോധനയുടെ ഉണര്‍ത്തു പാട്ടാകട്ടെ. എന്‍റെ ദൈവം എമ്മാനുവേലാണ്- കൂടെ വസിക്കുന്നവന്‍. കൂടെ വസിക്കുന്നവനെ കൂട്ടു പിടിച്ച് ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് നമുക്ക് പ്രവേശിക്കാം.

ഫാ. ജീവന്‍ കദളിക്കാട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.