ഗ്വാളിയർ ബിഷപ്പ് വാഹനാപകടത്തിൽ മരണമടഞ്ഞു

ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് പിതാവ് മരണമടഞ്ഞത്. രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നടത്തിയതിനു ശേഷം ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്വാളിയാര്‍ രൂപത ബിഷപ്പായി ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ഫാ. തോമസ് തെന്നാട്ട് (63) എസ്.എ.സി-യെ 2016 ഒക്ടോബർ 18-നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചത്. 1953-ല്‍ കൂടല്ലൂർ ഇടവകയില്‍ തെന്നാട്ട് കുരുവിള-അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1969-ല്‍ പള്ളോട്ടൈന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. 1978 ഒക്ടോബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. 1978-1980 വരെ അമരാവതി രൂപതയില്‍ ചാപ്ളയ്നായും 1980-1981 വരെ എലൂര്‍ രൂപതയില്‍ ചാപ്ളയ്നായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പൂനെ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി, 1987-1991 വരെ യങ്ങ് കാത്തലിക് സ്റ്റുഡന്‍റ്  മൂവ്മെന്‍റ് (വൈ.സി.എം/ വൈ.സി.എസ്) ഡയറക്ടര്‍, ഹൈദരബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അത്മായര്‍ക്കുമായുള്ള കമ്മീഷന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലും ദളിത് ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്‍െറ ഡയറക്ടര്‍ എന്നീ നിലകളിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-2008 വരെ റീജണല്‍ ഫോര്‍മേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍, 2008-2012 വരെ ജാബുവാ രൂപതയിലെ ഇഷ്ഗാര്‍ പള്ളി വികാരി എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പള്ളോട്ടൈന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലറായും സെമിനാരി റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആര്‍.ഐ) യുടെ മുന്‍ പ്രസിഡന്‍റുമായിരുന്നു. 1999-ല്‍ സ്ഥാപിച്ച ഈ രൂപത ഭോപ്പാല്‍ അതിരൂപതയുടെ കീഴീലാണ്.

സഹോദരങ്ങള്‍ ഏലിയാമ്മ, ജോസഫ്, മേരി, ക്ളാരമ്മ, ലിസി എന്നിവരാണ്.

കടപ്പാട്: ക്നാനായ പത്രം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.