‘ഗ്രോ വിത്ത് സെല്‍ഫ് കോണ്‍ഫിഡന്‍സ്’: കോട്ടപ്പടി പള്ളിയുടെ ഓണ്‍ലൈന്‍ പഠനപദ്ധതികള്‍ ശ്രദ്ധേയമാകുന്നു

പഠനത്തിന് മൊബൈല്‍ ഇല്ലാതെ വിഷമിച്ചിരുന്ന കുഞ്ഞുങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരു ഗിഫ്റ്റ്. ആളും ആരവവും ഫോട്ടോയും ഇല്ലാതെ ഒരു മൊബൈല്‍ കൈമാറ്റം. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കാ പള്ളിയുടെ ഗ്രോ വിത്ത് സെല്‍ഫ് കോണ്‍ഫിഡന്‍സ് (Grow with self confidence) എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠനപദ്ധതി വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്.

പഠനാവശ്യത്തിനായി മൊബൈല്‍ ആവശ്യമുള്ളവര്‍ പള്ളിയില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കന്മാര്‍ വികാരി ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റിനെ വിവരം അറിയിച്ചു. ഒരാഴ്ചയ്ക്കകം ആവശ്യപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും പുതിയ മൊബൈല്‍ ഫോണ്‍ ഡിസ്സാസ്റ്റര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ എത്തിച്ചുനല്‍കി. ഫോണ്‍ കൈമാറുന്നതിന്റെ ഫോട്ടോ എടുക്കുകയോ പേര് പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കുട്ടികള്‍ പോലും കാണാതെ മാതാപിതാക്കന്മാരുടെ കയ്യില്‍ രഹസ്യമായി ഫോണ്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

കുഞ്ഞുങ്ങളുടെ ആത്മാഭിമാനത്തെ ഒരു തരത്തിലും നിഷേധാത്മകമായി ബാധിക്കാതിരിക്കാനാണ് ഇപ്രകാരമൊരു തീരുമാനം എന്ന് ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ് പറഞ്ഞു. ഫോണുകള്‍ വാങ്ങാനുള്ള മുഴുവന്‍ തുകയും ഇടവകാംഗങ്ങള്‍ സംഭാവനയായി നല്‍കിയതാണ്. ഒരാളോടുപോലും വ്യക്തിപരമായി ചോദിക്കേണ്ടിവന്നില്ല. ആവശ്യം മനസ്സിലാക്കി ആളുകള്‍ പണം എത്തിച്ചുനല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായി ഫ്രീ വൈഫൈ സൗകര്യം ക്രമീകരിച്ചിരിക്കുന്നതാണ് മറ്റൊരു പ്രൊജക്റ്റ്.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത കുട്ടികള്‍ക്കും റീചാര്‍ജ്ജിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കുമായി എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പള്ളിയോടനുബന്ധിച്ച് ഫ്രീ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വന്തം ഡിവൈസുകളുമായി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാം. സാമൂഹിക അകലം പാലിച്ച് സുരക്ഷിതമായ രീതിയില്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ പള്ളിയിലായിരിക്കുന്ന സമയത്ത് അദ്ധ്യാപകരുടെ മേല്‍നോട്ടം ഉണ്ടാകും.

ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ക്ലാസ് അറ്റന്‍ഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യന്‍സ് മതബോധന വിഭാഗവും മീഡിയ മിനിസ്ട്രിയും ചേര്‍ന്നാണ് ഫ്രീ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോട്ടപ്പടി പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തികഞ്ഞ ആത്മാഭിമാനമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട തുടര്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.