ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് 

ഹൈറേഞ്ചിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ  പ്രളയപശ്ചാത്തലത്തിൽ ഹൈറേഞ്ച് മേഖലയിൽ നടപ്പിലാക്കുന്ന വിവിധ  പ്രവർത്തനങ്ങളുടെ അവലോകനവും പുതുതായി തുടക്കം കുറിക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടവവും ഇന്ന് നടത്തപ്പെടും.

തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ  ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനത്തിന്റെയും പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേൽ, കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം. എൽ.എ, കെ.സി.ഡബ്ല്യു,എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ മൂലക്കാട്ട്, കെ.സി.വൈ.എൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോമോൻ കുന്നക്കാട്ട് തടത്തിൽ എന്നിവർ പ്രസംഗിക്കും.

പ്രളയപുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപത ക്‌നാനായ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്‌നാനായ കുടുംബസഹായ പദ്ധതിയുടെയും തിരുഹൃദയദാസ സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം, കൃഷി ഉപവരുമാന പദ്ധതി പ്രോത്സാഹനം തുടങ്ങി വിവിധങ്ങളായ പ്രവർത്തങ്ങളാണ് പ്രളയബാധിത മേഖലകളിൽ അതിരൂപത ജി.ഡി.എസ് വഴി നടപ്പിലാക്കി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.